മഴക്കാല സ്‌പെഷ്യല്‍ കള്ളന്‍മാര്‍ സജീവം: ജനങ്ങള്‍ ജാഗ്രത കാണിക്കമെന്ന് പോലീസ്

മഴക്കാലം കള്ളന്‍മാരുടെ ചാകരക്കാലമാണ്. ഇത്തവണ അവര്‍ സജീവമായി രംഗത്തുണ്ട്. വീട്ടുകാര്‍ ജാഗ്രത പുലര്‍ത്തിയാല്‍ കഷ്ടനഷ്ടങ്ങള്‍ ഒഴിവാക്കാം. പൊലീസിന്റെ ഓട്ടം ഇനി മഴക്കാല കള്ളന്‍മാരുടെ പിന്നാലെ. മഴയുടെ മറ പിടിച്ചു കവര്‍ച്ചയ്ക്കിറങ്ങുന്ന സംഘങ്ങള്‍ സംസ്ഥാനത്തു സജീവം. തമിഴ്‌നാട്ടിലെ തിരുട്ടു കള്ളന്‍മാര്‍ ഉള്‍പ്പെടെ മണ്‍സൂണ്‍ കാലത്തു വീടുകളിലും കച്ചവട സ്ഥാപനങ്ങളിലും മോഷണം നടത്തുന്ന സ്‌പെഷ്യലൈസ്ഡ് കള്ളന്‍മാരുടെ നിര കേരളത്തില്‍ നീളും. ട്രെയ്‌നുകളിലും ഈ സീസണില്‍ കവര്‍ച്ച വ്യാപകം. മുന്‍കാല അനുഭവം കണക്കിലെടുത്തു മഴക്കാല കള്ളന്‍മാരെ നേരിടാന്‍ പൊലീസും ഒരുക്കം തുടങ്ങി. മഴ ശക്തമാകുമ്പോള്‍ വീട്ടുകാര്‍ നേരത്തെ ഉറങ്ങുന്നതും സുഖനിദ്രയില്‍ ആണ്ടു കിടക്കുന്നതും മോഷണത്തിന് അനുകൂല സാഹചര്യമൊരുക്കുന്നു. മഴയുടെ ഇരമ്പലില്‍ വാതില്‍ പൊളിക്കുന്ന ശബ്ദം വീട്ടുകാര്‍ കേള്‍ക്കാന്‍ സാധ്യത കുറയുന്നതും കള്ളന്‍മാര്‍ക്കു സൗകര്യമാണ്. കനത്ത മഴ പെയ്യുമ്പോള്‍ ആരുടെയും ശ്രദ്ധയില്‍ പെടാതെ മോഷണ സാധനങ്ങളുമായി നീങ്ങാനും എളുപ്പം. വീടുകളുടെ പിന്‍ വാതില്‍ പൊളിച്ചുള്ള കവര്‍ച്ചയാണു മഴക്കാലത്തു സാധാരണം.
വീട്ടുവളപ്പില്‍ നിന്നു കിട്ടുന്ന കമ്പിപ്പാര, വെട്ടു കത്തി, പിക്കാസ് തുടങ്ങിയ ആയുധങ്ങളാണ് ഇവര്‍ക്കിഷ്ടം. ഇങ്ങനെയുള്ള സാധനങ്ങള്‍ വീടിനു പുറത്തു സൂക്ഷിക്കരുതെന്നു പൊലീസ് പല തവണ മുന്നറിയിപ്പു നല്‍കിയിട്ടും ഫലമില്ല. വീടിനു മുന്നിലും പിന്നിലും രാത്രി ലൈറ്റുകള്‍ കെടുത്തരുതെന്നും നിര്‍ദ്ദേശത്തിലുണ്ട്. പുറത്ത് അപരിചിതരുടെ കാല്‍ പെരുമാറ്റമോ, സംശയകരമായ ശബ്ദങ്ങളോ കേട്ടാല്‍ വാതില്‍ തുറക്കാതെ ഉടന്‍ അയല്‍വാസികളെ വിവരം അറിയിക്കുകയും 100 ടോള്‍ ഫ്രീ നമ്പരില്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ അറിയിക്കുകയോ വേണം. തൊട്ടടുത്ത പൊലീസ് സ്‌റ്റേഷന്റെയും നമ്പരുള്‍പ്പെടെ കരുതണം. രാത്രികാല നിരീക്ഷണത്തിനു റസിഡന്റ്‌സ് അസോസിയേഷനുകളുടെ സഹായം തേടാന്‍ പൊലീസ് തലപ്പത്തു നിന്നു നിര്‍ദ്ദേശമുണ്ട്. അടുത്തിടെയായി മോഷണം വ്യാപകമാകുന്ന സ്ഥലങ്ങളില്‍ റസിഡന്റ്‌സ് അസോസിയേഷനുകളുടെ സഹായത്തോടെ നടത്തുന്ന രാത്രികാല നിരീക്ഷണം ഫലപ്രദമാണെന്നു തെംളിഞ്ഞിട്ടുണ്ട്. അയല്‍വാസികള്‍ ഉള്‍പ്പെട്ട വാട്‌സാപ്പ് കൂട്ടായ്മകള്‍ രൂപീകരിക്കുന്നതും രാത്രി സംശയകരമായ എന്തെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ കൂട്ടായ്മയില്‍ ഇടുന്നതും മോഷ്ടാക്കളെ നേരിടാന്‍ സഹായകമാകും.
തമിഴ്‌നാട്ടില്‍ നിന്നുള്ള തിരുട്ടു കള്ളന്‍മാര്‍ക്കു പുറമെ, ഇതര സംസ്ഥാന മോഷ്ടാക്കളുടെ നീക്കങ്ങളും ഇത്തവണ നിരീക്ഷണത്തിലാണ്. കഴിഞ്ഞ ഡിസംബറില്‍ കൊച്ചിയിലുണ്ടായ രണ്ടു കവര്‍ച്ചകള്‍ക്കു പിന്നില്‍ ബംഗ്‌ളാദേശ് സ്വദേശികളാണെന്നു തിരിച്ചറിഞ്ഞതോടെയാണിത്. ഇത്തരം സംഘങ്ങള്‍ മഴക്കാലത്തു കവര്‍ച്ച നടത്താറുള്ളതായി ഇതുവരെ തെളിവുകള്‍ ഇല്ലെങ്കിലും സാധ്യത വലുതാണെന്ന നിഗമനത്തിലാണു പൊലീസ്. എങ്കിലും പോലീസ് പെട്രോളിംഗ് ശക്തമാക്കാന്‍ തന്നെയാണ് തീരുമാനം.
https://www.facebook.com/Malayalivartha





















