പെണ്‍കുട്ടിയും ക്വട്ടേഷന്‍ ഗുണ്ടകളും ചേര്‍ന്ന് നടത്തിയ നാടകം; യുവനടന്‍ വിശാഖിനെ പീഡനക്കേസില്‍ കുടുക്കിയതോ; പുതിയ ആരോപണങ്ങളുമായി മാതാപിതാക്കള്‍

കണ്ണൂരില്‍ യുവ നടന്‍ വിശാഖിനെ പീഡനക്കേസില്‍ കുടുക്കിയന്ന ആരോപണവുമായി നടന്റെ രക്ഷിതാക്കള്‍. സിനിമയുടെ സ്‌ക്രീന്‍ ടെസ്റ്റിനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാരോപിച്ചാണ് വിശാഖിനെ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ പെണ്‍കുട്ടിയും ക്വട്ടേഷന്‍ ഗുണ്ടകളും ചേര്‍ന്ന് നടത്തിയ നാടകമാണ് പീഡനക്കേസെന്നാണ് രക്ഷിതാക്കളുടെ ആരോപണം. പോക്‌സോ കേസ്സില്‍ പ്രതിചേര്‍ക്കപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന യുവ നടന്‍ ചെറുപുഴ മഞ്ഞക്കാട്ടെ പി.എം. അഖിലേഷ് മോന്‍ എന്ന വിശാഖിന്റെ മാതാപിതാക്കളാണ് മകനെ കേസ്സില്‍ കുടുക്കിയതാണെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. അടുത്തു തന്നെ റിലീസാകാനിരിക്കുന്ന സിനിമയിലും ഏതാനും ഷോര്‍ട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുള്ള വിശാഖ് സിനിമയില്‍ അവസരം നല്‍കാമെന്ന് പ്രലോഭിപ്പിച്ച് പതിനേഴുകാരിയെ തൃശൂരിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് നിലവിലെ കേസ്. എന്നാല്‍ പരാതിക്കാരിയായ പെണ്‍കുട്ടിയുള്‍പ്പെടെ ഏതാനും കുട്ടികള്‍ വിശാഖും സുഹൃത്തുക്കളും നിര്‍മ്മിക്കുന്ന സിനിമയുടെ ഓഡിഷന്‍ തൃശൂരില്‍ പങ്കെടുത്തിരുന്നു. പിന്നീട് സിനിമ നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് വിശാഖും സുഹൃത്തുക്കളും തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടായി. ഇത് സംബന്ധിച്ച തര്‍ക്കത്തിന് പിന്നാലെ വിശാഖിനെ ഒരു സംഘം അക്രമിച്ച് പരിക്കേല്‍പിച്ചു. ഇത് കേസാവുകയും ചെറുപുഴ പൊലിസ് വിപിന്‍ എന്നയാളെ പ്രതിയാക്കി കേസെടുക്കുകയും ചെയ്തിരുന്നു.
ഈ കേസ് പിന്‍വലിക്കാനാവശ്യപ്പെട്ട് വിശാഖിനു മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്നും. എന്നാല്‍ കേസ് പിന്‍വലിക്കാന്‍ തയ്യാറാകാതിരുന്നതോടെയാണ് പ്രതികള്‍ ഓഡിഷന്‍ സമയത്ത് പരിചയപ്പെട്ട പെണ്‍കുട്ടിയെ കൂട്ടുപിടിച്ച് വിശാഖിനെതിരെ പൊലിസില്‍ പരാതി നല്‍കുകയായിരുന്നുവെന്നാണ് ആരോപണം. ഇക്കാര്യങ്ങള്‍ കേസന്വേഷിച്ച പയ്യന്നൂര്‍ പൊലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് ബോധ്യമായതാണെന്നും വിശാഖിന്റെ മാതാപിതാക്കള്‍ പറയുന്നു. സംഭവത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് വിശാഖിന്റെ മാതാപിതാക്കള്‍.
https://www.facebook.com/Malayalivartha





















