പ്രവാസിചിട്ടിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി ജൂണ്‍ 12 ന് നിര്‍വഹിക്കും

സംസ്ഥാന സര്‍ക്കാരിന്റെ വികസനസ്വപ്നങ്ങള്‍ക്ക് ചിറക് നല്‍കുന്ന കിഫ്ബിയുടെ ധനസമാഹരണത്തിന് കെ.എസ്.എഫ് .ഇയുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന പ്രവാസി ചിട്ടിയുടെ രജിസ്‌ട്രേഷന്‍ ഉദ്ഘാടനം മുഖ്യമന്ത്രി ജൂണ്‍ 12 ന് നിര്‍വഹിക്കും. ചിട്ടിയുടെ അടവ് ജൂലായ് അവസാനവാരമോ ആഗസ്റ്റ് ആദ്യമോ തുടങ്ങാന്‍ കഴിയുമെന്ന് ധനകാര്യമന്ത്രി ഡോ.ടി.എം.തോമസ് ഐസക്കും കെ.എസ്.എഫ്.ഇ ചെയര്‍മാന്‍ പീലിപ്പോസ് തോമസും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു
യു.എ.ഇയിലെ പ്രവാസി മലയാളികള്‍ക്കാണ് ആദ്യഘട്ടത്തില്‍ ചിട്ടിയില്‍ ചേരാനാവുക.തുടക്കത്തില്‍ 3000 രൂപ മുതല്‍ 25000 രൂപ വരെയുള്ള പ്രതിമാസ തവണകളിലുള്ള വിവിധ ചിട്ടികളാണുണ്ടാവുക.പിന്നീട് ഇത് വിപുലീകരിക്കും. ചിട്ടിയില്‍ ചേരുന്നവര്‍ക്ക് ലോകത്തിന്റെ ഏതുഭാഗത്തിരുന്നും ഓണ്‍ലൈനിലൂടെ ചിട്ടിയുടെ ഭാഗമാകാനും ലേലത്തില്‍ പങ്കുകൊള്ളാനും സാധിക്കും.ചിട്ടിയില്‍ അംഗമാകാന്‍ പാസ്‌പോര്‍ട്ടിന്റേയും വിസയുടേയും പകര്‍പ്പു സഹിതം ഓണ്‍ലൈനായി അപേക്ഷിച്ചാല്‍ മതിയാകും.കെ.എസ്.എഫ്.ഇയുടെ മൊബൈല്‍ ആപ്പ്, പേമെന്റ് ഗേറ്റ് വേകള്‍ തുടങ്ങിയവ വഴി ഓണ്‍ലൈനായി വരിസംഖ്യ അടയ്ക്കാന്‍ കഴിയും. ലേലസമയം മുന്‍കൂട്ടി നിക്ഷേപകരെ അറിയിക്കും.
സ്മാര്‍ട്ട് ഫോണ്‍വഴി , നേരിട്ടെത്തി ലേലം വിളിക്കുന്നതുപോലെ തന്നെ ലേലത്തില്‍ പങ്കെടുക്കാം. സാങ്കേതിക പരിചയക്കുറവ് ഉള്ളവരെ സഹായിക്കാന്‍ അംഗീകൃത ഏജന്റുമാരുണ്ടാകും. നാട്ടിലെ വേണ്ടപ്പെട്ട വിശ്വസ്തനായ ആളെ ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കായി ചുമതലപ്പെടുത്താനും അവസരം ഉണ്ടാകും.
പണം കൈപ്പറ്റുന്നതിന് നാട്ടിലെ ഭൂമിയോ സ്വര്‍ണ്ണമോ ഈടായി നല്‍കാം. നാട്ടിലെ അടുത്ത ബന്ധുക്കളെ ആരെയെങ്കിലും ജാമ്യത്തിനായി നിര്‍ദ്ദേശിക്കാവുന്നതാണ്.ഇങ്ങനെ നിര്‍ദ്ദേശിക്കപ്പെടുന്നവര്‍ക്ക് കെ.എസ്.എഫ്.ഇയുടെ ഏതു ശാഖയിലെത്തിയും നടപടികള്‍ പൂര്‍ത്തിയാക്കാം.
തിരുവനന്തപുരത്ത് കെ.എസ്.ആര്‍.ടി.സി ബസ്റ്റാന്‍ഡിനോട് ചേര്‍ന്നുള്ള ബില്‍ഡിംഗില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഓഫീസ് പ്രവര്‍ത്തനമാരംഭിക്കും. എന്തു പരാതിക്കും ഇവിടെ പരിഹാരം ലഭിക്കും.
ചിട്ടിയില്‍ അംഗമായ ശേഷം അപകടമോ മരണമോ സംഭവിച്ച് ചിട്ടി അടയ്ക്കാനാവാത്ത സാഹചര്യം വന്നാല്‍ ബാക്കിതുക കെ.എസ്.എഫ് .ഇ അടയ്ക്കും. വിദേശത്ത് വച്ച് മരിച്ചാല്‍ നോര്‍ക്കയുമായി ചേര്‍ന്ന് ഭൗതികശരീരം നാട്ടിലെത്തിക്കും. പ്രവാസി ചിട്ടിയിലൂടെ സമാഹരിക്കുന്ന പണം കിഫ്ബി ബോണ്ടുകളില്‍ നിക്ഷേപിക്കുകയും നാടിന്റെ വികസനത്തിനായി വിനിയോഗിക്കുകയും ചെയ്യും. സ്വന്തം സാമ്പാദ്യത്തിന് സുരക്ഷിതത്വം ലഭിക്കുന്നതിനൊപ്പം നാടിന്റെ വികസനത്തില്‍ പങ്കുചേര്‍ന്നതില്‍ അഭിമാനിക്കാനും കഴിയും.
https://www.facebook.com/Malayalivartha





















