ടോമിന്‍ തച്ചങ്കരിയെ തുടരാനനുവദിച്ചാല്‍ സി.ഐ.ടി.യുവിന്റെ നിയന്ത്രണത്തിലുള്ള കെ.എസ്.ആര്‍.ടി. എംപ്ലോയീസ് അസോസിയേഷനില്‍ നിന്ന് ജീവനക്കാര്‍ അകലുമെന്ന് നേതാക്കളുടെ പരാതി; കുറ്റപത്രം തയാറാക്കാന്‍ സി.ഐ.ടി.യു. ഫ്രാക്ഷന്‍ യോഗം

തകര്‍ന്ന് തരിപ്പണമായി കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി.യെ രക്ഷപ്പെടുത്തി വരുന്ന ചെയര്‍മാനും എം.ഡിയുമായ ടോമിന്‍ തച്ചങ്കരിക്കെതിരെ കെ.എസ്.ആര്‍.ടി. എംപ്ലോയീസ് അസോസിയേഷന്‍. തച്ചങ്കരിയെ നിലയ്ക്ക് നിര്‍ത്തിയില്ലെങ്കില്‍ സംഘടന തകരുമെന്നാണ് പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കുറ്റപത്രം തയാറാക്കാന്‍ സി.ഐ.ടി.യു. ഫ്രാക്ഷന്‍ യോഗം ചേരുന്നു.
തച്ചങ്കരിയെ തുടരാനനുവദിച്ചാല്‍ സി.ഐ.ടി.യുവിന്റെ നിയന്ത്രണത്തിലുള്ള കെ.എസ്.ആര്‍.ടി. എംപ്ലോയീസ് അസോസിയേഷനില്‍നിന്നു ജീവനക്കാര്‍ അകലുമെന്ന നേതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇന്നു യോഗം ചേരുന്നത്.
കോര്‍പ്പറേഷന്റെ ആസ്ഥാന ഓഫീസില്‍ തമ്പടിച്ചിരുന്ന സംസ്ഥാന നേതാക്കളെ സ്ഥലം മാറ്റിയതും ജീവനക്കാര്‍ക്ക് അസോസിയേഷന്റെ ശിപാര്‍ശ കൂടാതെ സൗകര്യപ്രദമായ സ്ഥലത്തേക്കു മാറ്റം നല്‍കിയതും തച്ചങ്കരിയെ യൂണിയന്റെ കണ്ണിലെ കരടാക്കിയിരുന്നു.
മാസാവസാന പ്രവൃത്തി ദിനത്തില്‍ ശമ്പളം നല്‍കുകയും ചെയ്തതോടെ ജീവനക്കാര്‍ അദ്ദേഹത്തിനു പിന്നില്‍ അണിനിരക്കുകയാണെന്നു കണ്ടതോടെയാണ് സി.ഐ.ടി.യു. ഫ്രാക്ഷന്‍ ചേരുന്നത്.
ഇന്നു തിരുവനന്തപുരത്തു ചേരുന്ന യോഗത്തില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, കെ.എസ്.ആര്‍.ടി.ഇ.എ. പ്രസിഡന്റും ഇടതു മുന്നണി കണ്‍വീനറുമായ വൈക്കം വിശ്വന്‍, ആനത്തലവട്ടം ആനന്ദന്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്നാണു സൂചന.
മുഖ്യമന്ത്രി പിണറായി വിജയന്റെയും ധനമന്ത്രി തോമസ് ഐസക്കിന്റെയും പൂര്‍ണ പിന്തുണയുള്ള തച്ചങ്കരിയെ മാറ്റാനുള്ള നീക്കം പലകുറി പരാജയപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇന്നു ഫ്രാക്ഷന്‍ വിളിച്ചിരിക്കുന്നത്. തച്ചങ്കരിയെ അനുകൂലിക്കുന്ന മുഖ്യമന്ത്രിക്കു മേല്‍ സമ്മര്‍ദം ഉണ്ടാക്കുകയാണു ലക്ഷ്യം.
കഴിഞ്ഞ ദിവസം തൊഴിലാളി സംഘടനകളുടെ യോഗത്തില്‍ തച്ചങ്കരി നേതാക്കളുടെ സമ്മര്‍ദത്തിന് വഴിപ്പെടാതെ ഉറച്ച തീരുമാനമെടുത്തത് നേതാക്കളെ ചൊടിപ്പിച്ചിരുന്നു. വൈക്കം വിശ്വനുമായി വാക്കേറ്റമുണ്ടായതായും സൂചനയുണ്ട്.
https://www.facebook.com/Malayalivartha





















