പട്ടിയെക്കുറിച്ച് സംസാരിച്ചാല്‍ പട്ടിക്കൂട്ടിലിടും... നാട്ടുകാര്‍ ഇളകിയതോടെ 5 വയസുകാരനെ 3 മണിക്കൂര്‍ കൂട്ടിലിട്ട പ്രിന്‍സിപ്പാളിനെ അറസ്റ്റു ചെയ്തു; ടീച്ചറിനെതിരെ കേസ്

5 വയസുള്ള പിഞ്ചു ബാലനോട് അധ്യാപികയും സ്‌കൂള്‍ പ്രിന്‍സിപ്പാളും കാട്ടിയ കണ്ണില്ലാത്ത ക്രൂരതയ്‌ക്കെതിരെ നാട്ടുകാര്‍ ഇളകി. തുടര്‍ന്ന് പ്രിന്‍സിപ്പാളിനെ അറസ്റ്റു ചെയ്യുകയും അധ്യാപികയ്‌ക്കെതിരെ കേസെടുക്കുകയും ചെയ്തു. തിരുവനന്തപുരം കുടപ്പനക്കുന്നിനടുത്തെ സ്‌കൂളിലാണ് യു.കെ.ജി വിദ്യാര്‍ഥിയെ അധ്യാപിക പട്ടിക്കൂട്ടില്‍ 3 മണിക്കൂര്‍ പൂട്ടിയിട്ടത്.
പാതിരപ്പള്ളിയിലെ ജവഹര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. തൊട്ടുപുറകിലെ ബഞ്ചിലിരുന്ന കുട്ടിയോട് സംസാരിച്ചതിനാണ് ശിക്ഷ. എന്താണ് സംസാരിച്ചതെന്ന് അദ്ധ്യാപിക കുട്ടിയോട് ചോദിച്ചപ്പോള്‍ പട്ടിയുടെ കാര്യമാണെന്ന് മറുപടി പറഞ്ഞു. തുടര്‍ന്ന് കൂട്ടില്‍ അടയ്ക്കുകയുമായിരുന്നു. പ്രിന്‍സിപ്പലിന്റെ അനുമതിയോടെയായിരുന്നു അദ്ധ്യാപിക ശിക്ഷ നടപ്പിലാക്കിയത്.
സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ വീടിനോട് ചേര്‍ന്ന് തന്നെയാണ് സ്‌കൂളും പ്രവര്‍ത്തിക്കുന്നത്. പ്രിന്‍സിപ്പലും ഭര്‍ത്താവും പട്ടിയെ വളര്‍ത്തുന്ന കൂട്ടിലാണ് കുട്ടിയെ അടച്ചത്.
കൂട്ടിലടയ്ക്കപ്പെട്ട കുട്ടിയുടെ ബന്ധുവും ഈ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയുമായ മറ്റൊരു കുട്ടി ഇത് കാണുകയും വീട്ടില്‍ അറിയിക്കുകയുമായിരുന്നു. കൂട്ടിലടയ്ക്കപ്പെട്ട സമയം പട്ടി സ്‌കൂളില്‍ ഉണ്ടായിരുന്നില്ല. ബന്ധുവായ കുട്ടിയെയും സ്‌കൂള്‍ അധികൃതര്‍ ഭീഷണിപ്പെടുത്തിയിരുന്നു. വീട്ടില്‍ അറിയിച്ചാല്‍ ഉപദ്രവിക്കുമെന്നും വായില്‍ കമ്പുകുത്തിക്കയറ്റുമെന്നും ഭീഷണിപ്പെടുത്തിയെന്നാണ് കുട്ടി പറഞ്ഞത്.
പരാതിയുമായി കുട്ടിയുടെ മാതാപിതാക്കള്‍ സ്‌കൂളിലെത്തിയപ്പോഴാണ് വിവരം നാട്ടുകാര്‍ അറിഞ്ഞത്. പരാതിയെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ എത്തിയിട്ടും സഹകരിക്കാതെ പ്രിന്‍സിപ്പള്‍ വിസമ്മതിച്ചു. ഇതോടെ നാട്ടുകാരും രാഷ്ട്രീയപാര്‍ട്ടിക്കാരും സ്ഥലത്തെത്തി പ്രതിഷേധം തുടങ്ങി. തുടര്‍ന്നാണ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശശികലയെയും ഭര്‍ത്താവിനെയും അറസ്റ്റ് ചെയ്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























