ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനം... സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. നേരത്തെ അഞ്ചു ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ പ്രവചിച്ചിരുന്നത്.
എന്നാൽ പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് ഏഴു ജില്ലകളിൽ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന വടക്കൻ ഒഡിഷ - പശ്ചിമ ബംഗാൾ തീരപ്രദേശങ്ങളിലും സ്ഥിതി ചെയ്തിരുന്ന ന്യൂനമർദമാണ് തീവ്രമായത്. ഇതിന്റെ സ്വാധീനഫലമായി കേരളത്തിൽ വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ്.
വരും മണിക്കൂറുകളിൽ വടക്കുപടിഞ്ഞാറൻ ദിശയിൽ നീങ്ങുന്ന തീവ്ര ന്യൂനമർദ്ദം കൂടുതൽ ശക്തി പ്രാപിച്ച് അതിതീവ്ര ന്യൂനമർദമായി മാറാനും സാധ്യത. തുടർന്ന് ഇന്ന് വടക്കൻ ഒഡീഷ - പശ്ചിമ ബംഗാൾ തീരത്ത് പാരദ്വീപിനും സാഗർ ദ്വീപിനും ഇടയിലായി കരയിൽ പ്രവേശിക്കാനും സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് .
ഇന്ന് കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ശക്തമായ മഴ പ്രവചിച്ചിട്ടുള്ളത്. ചൊവ്വാഴ്ച എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ബുധനാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha



























