തെറ്റ് പറ്റി, ആല്‍വാറില്‍ അക്രമികള്‍ മര്‍ദ്ദിച്ച യുവാവിനെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയെന്ന് പോലീസുദ്യോഗസ്ഥന്‍

പോലീസ് കാണിച്ചത് വലിയ തെറ്റ്. രാജസ്ഥാനിലെ ആല്‍വാറില്‍ പശുക്കടത്ത് ആരോപിച്ച് യുവാവിനെ അക്രമികള്‍ തല്ലിക്കൊന്ന സംഭവത്തില്‍ വീഴ്ച സമ്മതിച്ച് പോലീസ്. ആക്രമിക്കപ്പെട്ട യുവാവ് രഖ്ബര്‍ ഖാന് ആശുപത്രിയില്‍ എത്തിക്കാന്‍ മൂന്ന് മണിക്കൂര്‍ വൈകിയെന്നും തെറ്റ് സംഭവിച്ചുവെന്നും യുവാവിനെ ആശുപത്രിയില്‍ എത്തിച്ച സംഘത്തില്‍ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സംഭവത്തില്‍ എ.എസ്.ഐ മോഹന്‍ സിംഗിനേയും രണ്ട് പോലീസുകാരെയും സസ്‌പെന്‍ഡ് ചെയ്തു.
ശനിയാഴ്ച പുലര്‍ച്ചെ 12.41നാണ് ഗോസംരക്ഷണത്തിന്റെ പേരില്‍ യുവാവ് ആക്രമിക്കപ്പെട്ട വിവരം പോലീസ് അറിഞ്ഞത്. 1.20ന് സ്ഥലത്തെത്തിയ പോലീസ് യുവാവിനെ വാഹനത്തില്‍ കയറ്റിക്കൊണ്ട് പോയി. എന്നാല്‍ ആശുപത്രിയില്‍ എത്തിച്ചത് മൂന്ന് മണിക്കൂര്‍ വൈകി. അപ്പോഴേയ്ക്കും യുവാവ് മരിച്ചിരുന്നു. യുവാവിനെ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് ഇയാളില്‍ നിന്ന് പിടിച്ചെടുത്ത പശുക്കളെ ആദ്യം ഗോശാലയില്‍ എത്തിച്ചു. തുടര്‍ന്ന് ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ചായ കുടിക്കാനും പോലീസ് വാഹനം നിര്‍ത്തി.
ആല്‍വാര്‍ ജില്ലയിലെ തന്നെ ലാലാവണ്ടി ഗ്രാമത്തില്‍ നിന്ന് 60,000 രൂപയ്ക്ക് രണ്ട് പശുക്കളെ വാങ്ങി മടങ്ങി വരുന്ന വഴിക്കാണ് രഖ്ബറിനെ ഒരു സംഘം ആക്രമിച്ചത്. സുഹൃത്ത് അസ്ലം ഖാനൊപ്പമാണ് രഖ്ബര്‍ പശുവിനെ വാങ്ങി മടങ്ങിയത്. അസ്ലം ഖാന്‍ രഖ്ബറിന്റെ ബൈക്കിലാണ് മടങ്ങി വന്നത്. രഖ്ബര്‍ പശുക്കളുമായി നടന്ന് വരികയായിരുന്നു. എന്നാല്‍ ഗ്രാമത്തില്‍ മടങ്ങിയെത്തുന്നതിന് മുന്‍പ് ഗോസംരക്ഷണ ഗുണ്ടകള്‍ ഇരുവരേയും തടഞ്ഞു നിര്‍ത്തി ആക്രമിച്ചു. ഇതിനിടെ അസ്ലം ഖാന്‍ സമീപത്തെ വയലിലേക്ക് ഓടിരക്ഷപെട്ടു. രഖ്ബര്‍ ഖാന് രക്ഷപെടാന്‍ കഴിഞ്ഞില്ല.
https://www.facebook.com/Malayalivartha

























