ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ പരുക്കേറ്റ മലയാളി നാവികന്‍ അഭിലാഷ് ടോമിയുടെ പായ് വഞ്ചി കണ്ടത്തി; റേഡിയോ സന്ദേശങ്ങളോട് അഭിലാഷ് പ്രതികരിക്കുന്നതായി രക്ഷാധൗത്യ സംഘം

ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ പരുക്കേറ്റ മലയാളി നാവികന്‍ അഭിലാഷ് ടോമിയുടെ പായ് വഞ്ചി കണ്ടത്തി. പായ്വഞ്ചിയുടെ മുകളിലാണ് പി 8ഐ വിമാനമിപ്പോള്‍. റേഡിയോ സന്ദേശങ്ങളോട് അഭിലാഷ് പ്രതികരിക്കുന്നുണ്ട്. സ്ഥലത്തു കനത്ത മഴയാണ്. മണിക്കൂറില്‍ 30 നോട്ടിക്കല്‍ മൈല്‍ വേഗത്തിലാണു കാറ്റടിക്കുന്നത്. അടിയന്തര മരുന്നുകള്‍, ഭക്ഷണം എന്നിവ പായ്വഞ്ചിയിലെത്തിക്കും.
ജൂലൈ ഒന്നിന് ഫ്രാന്‍സിലെ 'ലെ സാബ്ലെ ദെലോന്‍' തുറമുഖത്തുനിന്ന് ആരംഭിച്ച മല്‍സരത്തിന്റെ 83-ാം ദിവസം, ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കൊടുങ്കാറ്റിലും കനത്ത തിരമാലകളിലുംപെട്ട് പായ്വഞ്ചി 'തുരീയ' തകര്‍ന്നുള്ള അപകടത്തില്‍ അഭിലാഷ് ടോമിക്ക് പരുക്കേറ്റിരുന്നു. ഇതിനകം 19,446 കിലോമീറ്റര്‍ താണ്ടിയ അഭിലാഷ് ടോമി മല്‍സരത്തില്‍ മൂന്നാം സ്ഥാനത്തായിരുന്നു.
110 കിലോമീറ്റര്‍ വേഗത്തില്‍ ആഞ്ഞടിച്ച കാറ്റില്‍ 10 മീറ്ററോളം ഉയര്‍ന്ന തിരമാലകള്‍ക്കിടയില്‍പെട്ട് വഞ്ചിയുടെ 3 പായ്മരങ്ങളിലൊന്ന് തകരുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട ബോട്ടിനകത്തു വീണു നടുവിനു പരുക്കേറ്റ അഭിലാഷ്, സഹായം അഭ്യര്‍ത്ഥിച്ച് അപായസന്ദേശം നല്‍കി. നടുവിന്റെ പരുക്കുമൂലം അനങ്ങാന്‍ സാധിക്കുന്നില്ലെന്നും സ്‌ട്രെച്ചര്‍ വേണമെന്നുമാണു സന്ദേശം. ഓസ്‌ട്രേലിയന്‍ തീരമായ പെര്‍ത്തില്‍നിന്ന് 3704 കിലോമീറ്റര്‍ അകലെയാണ് വഞ്ചി ഇപ്പോഴുള്ളത്. ഇന്ത്യന്‍ തീരമായ കന്യാകുമാരിയില്‍നിന്ന് 5020 കിലോമീറ്റര്‍ അകലെയാണിത്.
https://www.facebook.com/Malayalivartha






















