രജൗറിയില്‍ ബോംബുവര്‍ഷം; വന്‍കുഴികള്‍ രൂപപ്പെട്ടു;പുല്‍വാമ ആക്രമണത്തിനുള്ള ഇന്ത്യയുടെ തിരിച്ചടിക്ക് പിന്നാലെ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ പ്രശ്നങ്ങള്‍ സങ്കീര്‍ണമാകുന്നു

പുല്‍വാമ ആക്രമണത്തിനുള്ള ഇന്ത്യയുടെ തിരിച്ചടിക്ക് പിന്നാലെ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ പ്രശ്നങ്ങള്‍ സങ്കീര്‍ണമാകുന്നു. അതിര്‍ത്തിയില്‍ അസ്വസ്ഥത പുകയുന്നതിനിടെ ഇന്ത്യക്കും പാക്കിസ്ഥാനുമിടയിലെ യാത്രാവിമാനങ്ങള്‍ നിര്‍ത്തിവച്ചു. ജമ്മു, ശ്രീനഗര്‍, പത്താന്‍കോട്ട് വിമാനത്താവളങ്ങളില്‍ അതീവജാഗ്രത ഏര്‍പ്പെടുത്തി. ജമ്മു, ശ്രീനഗര്‍, പഠാന്‍കോട്ട്, ലേ വിമാനത്താവളങ്ങള്‍ അടച്ചു. വ്യോമ നിരോധനമേഖലയായി അനിശ്ചിതകാലത്തേക്ക് പ്രഖ്യാപിച്ചു. ഇന്ത്യന്‍ വ്യോമസേന വിമാനങ്ങള്‍ക്ക് സുഗമമായി പ്രവര്‍ത്തിക്കാനെന്നാണ് വിശദീകരണം.
ഇതിനിടെ രജൗറിയില്‍ ആര്‍മി ക്യാംപിനു സമീപം ബോംബ് വര്‍ഷിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. വന്‍കുഴികള്‍ രൂപപ്പെട്ടു, ചിത്രങ്ങള്‍ എ.എന്‍.ഐ പുറത്തുവിട്ടു, ആളപായമുള്ളതായി റിപ്പോര്‍ട്ടില്ല.
പാകിസ്ഥാൻറെ മൂന്ന് യുദ്ധവിമാനങ്ങളാണ് ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചത്. നൗഷേര മേഖലയിലാണ് ശ്രമം നടന്നത്, ഇന്ത്യന്‍ വിമാനങ്ങള്‍ ഈ ശ്രമം തടഞ്ഞു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അഭ്യന്തരമന്ത്രാലയത്തിലെത്തി ചര്‍ച്ച നടത്തുകയാണ്. എല്ലാ അര്‍ധസൈനിക വിഭാഗങ്ങളുടെയും മേധാവികളോടും എത്താന്‍ നിര്‍ദേശം നല്‍കി.
ഇതിനിടെ ഇന്ത്യന്‍ വിമാനം തകര്‍ന്നു രണ്ടു പൈലറ്റുമാരടക്കം മൂന്നു പേര്‍ കൊല്ലപ്പെട്ടു. ശ്രീനഗറിനു സമീപം ബഡ്ഗാമില്‍ വ്യോമസേന വിമാനം തകര്‍ന്നു. വിമാനം തകരാന്‍ കാരണം സാങ്കേതികത്തകരാറെന്ന് അധികൃതര്‍ വിശദീകരിക്കുന്നു.
പോര്‍വിമാനങ്ങൾക്ക് വഴിയൊരുക്കിയത് നേത്ര
പാകിസ്ഥാനിലെ ഭീകരവാദ ക്യാമ്പുകളിലേക്ക് വ്യോമസേനയ്ക്ക് വഴിയൊരുക്കിയത് നേത്ര വിമാനം. എയര്‍ബോൺ ഏര്‍ലി വാണിംഗ് ആന്റ് കൺട്രോൾ സംവിധാനം ഘടിപ്പിച്ച് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആകാശ നിരീക്ഷണ സംവിധാനമാണ് നേത്ര.
ഒരു വര്‍ഷം മുമ്പാണ് നേത്ര വിമാനം ഇന്ത്യൻ വ്യോമസേന സ്വന്തമാക്കിയത്. ബെംഗളൂരൂവിൽ നടന്ന എയർഷോയിൽ മുൻ പ്രതിരോധ മന്ത്രി മനോഹർ പരീക്കറാണ് ഈ വിമാനം വ്യോമസേനക്ക് കൈമാറിയത്. കിലോമീറ്ററുകളോളം ദൂരത്തിൽ ആകാശ നിരീക്ഷണം നടത്താനുള്ള ശേഷിയാണ് നേത്രയുടെ ഏറ്റവും വലിയ സവിശേഷത. ഇതിനായി അത്യാധുനിക സംവിധാനങ്ങളും വിമാനത്തിനകത്തുണ്ട്. അതായത് അതിര്‍ത്തിക്കിപ്പുറം നിന്ന് സൈനിക നീക്കം നടത്തേണ്ട പ്രദേശത്തിന്‍റെ വിവരങ്ങൾ കൃത്യമായി ട്രാക്കു ചെയ്യാൻ നേത്രയിൽ സംവിധാനമുണ്ട്. 12 മിറാഷ് 2000 പോർവിമാനങ്ങൾക്കും പാക് അതിര്‍ത്തിക്കപ്പുറത്തെ ദൗത്യം പൂര്‍ത്തിയാക്കി മടങ്ങാൻ വഴിയൊരുത്തിയതും സുരക്ഷ ഉറപ്പാക്കിയതും നേത്രയാണ്.
റഡാറടക്കം സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാണ് ശത്രുക്കളുടെ നീക്കങ്ങള്‍ നേത്ര നിരീക്ഷിക്കുന്നത്. 300 കിലോമീറ്റര്‍ ദൂരെയുള്ള ശത്രുക്കളുടെ നീക്കം വരെ നേത്രയ്ക്ക് കണ്ടുപിടിക്കാൻ സാധിക്കും. 360 ഡിഗ്രിയില്‍ നിരീക്ഷണം നടത്താനുള്ള കഴിവാണ് ഇതിന്‍റെ ഏറ്റവും വലിയ പ്രത്യേകത.
പ്രതിരോധ മേഖലയിൽ വൻ നേട്ടങ്ങൾ സ്വന്തമാക്കിയ അമേരിക്ക, റഷ്യ, ഫ്രാൻസ്, ഇസ്രായേൽ തുടങ്ങി രാജ്യങ്ങൾക്ക് മാത്രമാണ് ഈ സംവിധാനമുള്ള വിമാനങ്ങളുള്ളത്. ഏറെ കാലത്തെ കാത്തിരിപ്പിനു ശേഷമാണ് ഇന്ത്യയും ഈ നേട്ടം കൈവരിക്കുന്നത്. ഡിആർഡിഒയാണ് നേത്ര വികസിപ്പിച്ചെടുത്തത്.
https://www.facebook.com/Malayalivartha























