തമിഴ്‌നാട്ടിൽ തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം അവശേഷിക്കെ നാടകീയ നീക്കങ്ങൾ ; കനിമൊഴിയുടെയും ദിനകരന്റെയും ഓഫിസുകളിൽ വൻ റെയ്ഡ്

തമിഴ്‌നാട്ടിൽ ലോക്സഭാ തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ വീട്ടുകളിലും പാര്‍ട്ടി ഓഫീസുകളിലും വൻ തെരച്ചില്‍. ഡിഎംകെ നേതാവ് കനിമൊഴിയുടെ തൂത്തുക്കുടിയിലെ വീട്ടിലും ടിടിവി ദിനകരന്റെ അമ്മ മക്കള്‍ മുന്നേറ്റ കഴകം ഓഫീസിലും ഡിഎംകെ ജനറല്‍ സെക്രട്ടറി ഗീതാ ജീവന്റെ വസതിയിലും പരിശോധനക്കായി ഉദ്യോഗസ്ഥര്‍ എത്തി. അമ്മ മക്കള്‍ മുന്നേറ്റ കഴകം ഓഫിസില്‍ തിരച്ചില്‍ നടത്താനെത്തിയ ഉദ്യോഗസ്ഥരെ പ്രവര്‍ത്തകര്‍ തടഞ്ഞു.
കണക്കില്‍പ്പെടാത്ത 11 കോടിയോളം രൂപ ഡിഎംകെ സ്ഥാര്‍ത്ഥിയുമായി ബന്ധമുള്ള ഒരു ഗോഡൗണില്‍ നിന്ന് പിടിച്ചതിനെത്തുടര്‍ന്ന് തമിഴ്‌നാട്ടിലെ വെല്ലൂരിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് രാഷ്ട്രപതി റദ്ദാക്കി മണിക്കൂറുകള്‍ക്കകമാണ് റെയ്ഡുകള്‍ നടന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്‌ലയിംഗ് സ്‌ക്വാഡിനൊപ്പം ആദായനികുതി വകുപ്പിന്റെ പത്ത് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് കനിമൊഴിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയത്. സാധാരണ നടപടിക്രമമെന്ന് പറഞ്ഞാണ് ഉദ്യോഗസ്ഥര്‍ എത്തിയത്. എട്ടര മണിയോടെ തെരച്ചിലിനെത്തിയ ഒരു സംഘം ഉദ്യോഗസ്ഥര്‍ രണ്ടര മണിക്കൂറിന് ശേഷം തെരച്ചില്‍ അവസാനിപ്പിച്ച് മടങ്ങി. കണക്കില്‍പ്പെടാത്ത പണം വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാന്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് സൂചന കിട്ടിയതിനെത്തുടര്‍ന്നാണ് റെയ്‌ഡെന്നാണ് ആദായനികുതി വകുപ്പ് വൃത്തങ്ങള്‍ പറയുന്നത്.
എന്നാൽ , റെയ്ഡിൽ ഒന്നും കണ്ടെത്താനായില്ലെന്നും ഇത് ഭയപ്പെടുത്താനുള്ള ശ്രമമാണെന്നും കനിമൊഴി പ്രതികരിച്ചു. ബിജെപിക്കെതിരെ നില്‍ക്കുന്നത് കൊണ്ടാണ് തന്നെ വേട്ടയാടുന്നതെന്നും ആദായ നികുതി വകുപ്പും തെരഞ്ഞെടുപ്പ് കമ്മീഷനും നരേന്ദ്രമോദിക്കായി ഒത്തുകളിക്കുകയാണെന്നും കനിമൊഴി ശക്തമായി ആരോപിച്ചു. സമന്‍സില്ലാതെയായിരുന്നു ആദ്യം ഉദ്യോഗസ്ഥര്‍ എത്തിയത് തന്നെ. സമന്‍സുമായി വന്നാല്‍ മാത്രമേ തെരച്ചില്‍ നടത്താനാവൂ എന്ന് കനിമൊഴി നിലപാടെടുത്തതിന് പിന്നാലെ ഉദ്യോഗസ്ഥര്‍ സമന്‍സുമായി വന്നാണ് തെരച്ചില്‍ നടത്തിയത്.
ഇത് ഡിഎംകെ പ്രതിച്ഛായ നശിപ്പിക്കാനുള്ള ആസൂത്രിത ശ്രമാണെന്നും രാഷ്ട്രീയപകപോക്കലാണെന്നും ഡിഎംകെ ആരോപിക്കുന്നു. ''ബിജെപിയുടെ സംസ്ഥാനപ്രസിഡന്റും കനിമൊഴിയുടെ എതിര്‍സ്ഥാനാര്‍ത്ഥിയുമായ തമിഴിസൈ സൗന്ദര്‍ രാജന്‍ നിരവധി കോടി രൂപ സ്വന്തം വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ട്. അവിടെ എന്തുകൊണ്ട് റെയ്ഡുകള്‍ നടത്തുന്നില്ല? തെരഞ്ഞെടുപ്പ് കമ്മീഷനില്‍ അടിയന്തരമായി മാറ്റങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പ് കമ്മീഷനെ ഡിഎംകെയെ താറടിച്ച് കാണിക്കാന്‍ ഉപയോഗിക്കുകയാണ്.'' ഡിഎംകെ അദ്ധ്യക്ഷനും കനിമൊഴിയുടെ സഹോദരനുമായ സ്റ്റാലിന്‍ ആരോപിച്ചു.
https://www.facebook.com/Malayalivartha