ആശ്വസിപ്പിക്കാനാകാതെ... അരുണ്‍ ജെയ്റ്റ്‌ലിയെ അനുസ്മരിക്കുമ്പോള്‍ നരേന്ദ്ര മോദിയുടെ കണ്ഠമിടറി; അരുണ്‍ ജയ്റ്റ്‌ലിക്ക് ആദരാജ്ഞലികള്‍ അര്‍പ്പിക്കേണ്ടി വരുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല; അദ്ദേഹത്തിന് അന്ത്യാജ്ഞലി അര്‍പ്പിക്കാന്‍ കഴിയാത്തത് എന്നും എന്റെ ഹൃദയത്തില്‍ വലിയ വേദനായായി അവശേഷിക്കും

രാജ്യം കണ്ട വലിയ പ്രതിഭാശാലികളില്‍ ഒരാളാണ് അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. എല്ലായിപ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് താങ്ങും തണലുമായി നിന്ന പ്രിയ കൂട്ടുകാരന്‍. ആ പ്രിയ കൂട്ടുകാരന്റെ വിയോഗ സമയത്ത് മോദിയാകട്ടെ തിരക്കിട്ട വിദേശ പര്യടനത്തിലും. അരുണ്‍ ജെയ്റ്റ്‌ലിയുടെ വിയോഗമറിഞ്ഞ് മോദി വിദേശ പര്യടനം ക്യാന്‍സല്‍ ചെയ്ത് വരാനിരുന്നതാണ്. എന്നാല്‍ ജെയ്റ്റ്‌ലിയുടെ കുടുംബം തന്നെ അത് സ്‌നേഹപൂര്‍വം നിരസിക്കുകയായിരുന്നു. യു എ ഇ യിലെ ഔദ്യോഗിക പരിപാടികള്‍ അവസാനിപ്പിച്ച് മടങ്ങരുതെന്ന് ജയ്റ്റ്‌ലിയുടെ കുടുംബം അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു.
ആ ഒരു വേദന മോദിയെ ഇന്നും അലട്ടുകയാണ്. അരുണ്‍ ജയ്റ്റ്‌ലിക്ക് ആദരവ് അര്‍പ്പിക്കാന്‍ ബിജെപി സംഘടിപ്പിച്ച അനുസ്മരണ യോഗത്തില്‍ മോദി അക്ഷരാര്‍ത്ഥത്തില്‍ വിതുമ്പുന്ന കാഴ്ചയാണ് കണ്ടത്. അരുണ്‍ ജയ്റ്റ്‌ലിക്ക് ആദരാജ്ഞലികള്‍ അര്‍പ്പിക്കേണ്ടി വരുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ലെന്ന് നരേന്ദ്ര മോദി പറഞ്ഞു. വര്‍ഷങ്ങളായുള്ള സുഹൃത്ത് ബന്ധമാണ് ഞങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നത്. പക്ഷെ അദ്ദേഹത്തിന് അന്ത്യാജ്ഞലി അര്‍പ്പിക്കാന്‍ കഴിഞ്ഞില്ല. ഇത് എന്നും എന്റെ ഹൃദയത്തില്‍ വലിയ വേദനായായി അവശേഷിക്കും.
മാധ്യമങ്ങള്‍ക്ക് അദ്ദേഹത്തെ ഇഷ്ടമായിരുന്നുവെന്ന് ജെയ്റ്റ്‌ലി അനുസ്മരണ ചടങ്ങില്‍ അദ്ദേഹം പറഞ്ഞു. മാധ്യമങ്ങള്‍ സമീപിച്ചാല്‍ എട്ടുമുതല്‍ പത്ത് മിനിട്ടുവരെ അവരോട് സംസാരിക്കാന്‍ ജെയ്റ്റ്‌ലി തയ്യാറാകുമായിരുന്നുവെന്ന് മോദി പറഞ്ഞു. എട്ട് മുതല്‍ പത്ത് മണിക്കൂര്‍വരെ ജോലിചെയ്ത് കണ്ടെത്തേണ്ട വാര്‍ത്തകള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മിനിട്ടുകള്‍ക്കകം ലഭിക്കും.
എന്താണ് ശരിയും തെറ്റുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് വിശദീകരിക്കും. മാധ്യമങ്ങള്‍ക്ക് അദ്ദേഹം വലിയ സഹായമായിരുന്നുവെന്നും പ്രധാനമന്ത്രി മോദി അനുസ്മരിച്ചു. പുതിയ കാര്യങ്ങളെല്ലാം ജെയ്റ്റ്‌ലിക്ക് അറിയാമായിരുന്നു. വിഷയങ്ങളുടെ അകംപുറം അദ്ദേഹം മനസിലാക്കിയിരുന്നു. മാധ്യമങ്ങളുമായി ഏറ്റവുമധികം അടുത്ത് ഇടപഴകിയിരുന്ന ബിജെപിയുടെ ദേശീയ നേതാവ് ജെയ്റ്റ്‌ലി ആയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
വിവിധ വിഷയങ്ങള്‍ വ്യക്തമായി മനസിക്കാന്‍ പാര്‍ട്ടി എപ്പോഴും അരുണ്‍ ജെയ്റ്റ്‌ലിയെ സമീപിച്ചിരുന്നുവെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അഭിപ്രായപ്പെട്ടു.
ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലാണ് അനുസ്മരണയോഗം നടന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്, ജയ്റ്റിലിയുടെ ഭാര്യ സംഗീത, മകള്‍ സൊണാലി, മകന്‍ രോഹന്‍ എന്നിവര്‍ അനുസ്മരണയോഗത്തില്‍ പങ്കെടുത്തു.
അതേസമയം തന്നെ ഡല്‍ഹിയിലെ ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡിയം പുനര്‍നാമകരണം ചെയ്യും. ഇന്ത്യന്‍ ക്രിക്കറ്റിലെ പല നാഴികക്കല്ലുകള്‍ക്കും സാക്ഷ്യം വഹിച്ച സ്‌റ്റേഡിയം ഇനി അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയമായാണ് അറിയപ്പെടുക. ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനാണ് സ്‌റ്റേഡിയത്തിന് അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ പേരിടാന്‍ തീരുമാനിച്ചത്. ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റും ബി.സി.സി.ഐ വൈസ് പ്രസിഡന്റുമായിരുന്നു ജെയ്റ്റ്‌ലി.
സെപ്റ്റംബര്‍ പന്ത്രണ്ടിന് നടക്കുന്ന ചടങ്ങില്‍ വച്ച് സ്‌റ്റേഡിയത്തിന്റെ പുനര്‍നാമകരണം നടക്കും. ഇതേ ചടങ്ങില്‍ വച്ച് സ്‌റ്റേഡിയിലെ ഒരു സ്റ്റാന്‍ഡിന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ പേരും നല്‍കുന്നുണ്ട്. ചരിത്രപ്രധാന സ്‌റ്റേഡിയത്തിന്റെ നവീകരണത്തിന് ചുക്കാന്‍ പിടിച്ചത് അരുണ്‍ ജെയ്റ്റ്‌ലിയായിരുന്നു.
https://www.facebook.com/Malayalivartha