കാശ്മീരില്‍ പി.ഡി.പി-ബി.ജെ.പി സര്‍ക്കാര്‍, മുഫ്തി മുഹമ്മദ് സയിദ് മുഖ്യമന്ത്രിയാവും

മാസങ്ങള്‍ നീണ്ട പ്രതിസന്ധിയില്‍ ജമ്മുകാശ്മീരില്‍ വീണ്ടും സര്‍ക്കാര്‍ ഉണ്ടാവുന്നു.ബിജെപിയുമായി പിഡിപി സ്ഖ്യത്തിന് തയ്യാറായതോടെയാണ് സംസ്ഥാനത്ത് സര്‍ക്കാരുണ്ടാക്കാനുള്ള വഴി തുറന്നത്.
പി.ഡി.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മുഫ്തി മുഹമ്മദ് സയിദ് മുഖ്യമന്ത്രിയും ബി.ജെ.പിയുടെ ഡോ.നിര്‍മ്മല്‍ സിംഗ് ഉപമുഖ്യമന്ത്രിയുമായി മന്ത്രിസഭയ്ക്ക് രൂപം നല്‍കാനാണ് ഇരു പാര്‍ട്ടികളുടേയും തീരുമാനം. മറ്റ് പ്രശ്‌നങ്ങളില്‍ ഈ മാസം 23നുമുമ്പ് ഒത്തുതീര്‍പ്പിലെത്താനും ധാരണയായിട്ടുണ്ട. രണ്ടു ദിവസത്തിനുള്ളില്‍ മുഫ്തി മുഹമ്മദ് സയിദ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന.
പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാണ് ബിജെപിയുമായി കൂട്ടുകൂടുന്നതെന്ന് പിഡിപി നേതാക്കള്‍ പറഞ്ഞു. ഇതിന്റെ അവസാന വട്ട ചര്‍ച്ചകള്‍ക്കായി മുഫ്തി മുഹമ്മദ് സയിദ് പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ഉടന്‍ കാണും. തൂക്കുനിയമസഭയില്‍ പി.ഡി.പിയും ബി.ജെ.പിയുമാണ് ഏറ്റവും വലിയ കക്ഷികള്‍.
മന്ത്രിസഭയുടെ പൊതു മിനിമം പരിപാടിക്ക് രൂപം നല്‍കാനാണിത്.
സഖ്യം സംബന്ധിച്ച് പ്രാഥമിക ധാരണയിലെത്തിയെങ്കിലും ഒന്നര മാസമായി രണ്ടു കക്ഷികളും തമ്മില്‍ ചര്‍ച്ച നടക്കുകയായിരുന്നു. സ്വയംഭരണത്തിനുള്ള ഭരണഘടനാ വ്യവസ്ഥ, സൈന്യത്തിന്റെ പ്രത്യേകാധികാരം, ഏകീകൃത സിവില്‍ നിയമം എന്നിവയിലാണ് തീരുമാനത്തിലെത്താന്‍ കഴിയാതിരുന്നത്. അധികാരം പങ്കിടുന്നതെങ്ങനെ എന്നതായിരുന്നു ഏറ്റവും വലിയ കീറാമുട്ടി.
അഞ്ചു ഘട്ടം നീണ്ട തിരഞ്ഞെടുപ്പിന്റെ ഫലം കഴിഞ്ഞ ഡിസംബര്‍ 23നാണ് പ്രഖ്യാപിച്ചത്. തൂക്കുനിയമസഭയാണ് നിലവില്‍ വന്നത്. പി.ഡി.പി, ബി.ജെ.പി, നാഷണല്‍ കോണ്‍ഫറന്‍സ്, കോണ്‍ഗ്രസ് എന്നീ കക്ഷികള്‍ പല തരത്തില്‍ ശ്രമിച്ചെങ്കിലും സര്‍ക്കാര്‍ രൂപീകരണ ശ്രമം പരാജയപ്പെടുകയായിരുന്നു. കാവല്‍ മുഖ്യമന്ത്രിയായിരുന്ന ഒമര്‍ അബ്ദുള്ള സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നാണ് ജനുവരി ഒന്‍പതിന് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























