കേജ്‌രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും: രാംലീല മൈതാനിയില്‍ നിരവധി പോലീസുക്കാരെ വിന്യസിച്ചിട്ടുണ്ട്

ഡല്‍ഹിയില്‍ അരവിന്ദ് കേജ്‌രിവാള്‍ മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഉച്ചയ്ക്ക് 12ന് രാംലീല മൈതാനിയിലാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുന്നത്. അരവിന്ദ് കേജ് രിവാളിനൊപ്പം 6 മന്ത്രിമാര്‍ കൂടി ചുമതലയേല്‍ക്കും. നിരവധി പേരെ സാക്ഷിയാക്കിയാകും അരവിന്ദ് കേജ് രിവാള്‍ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുക. നാല് പേര്‍ മന്ത്രിസഭയില്‍ പുതുമുഖങ്ങളാണ്. കഴിഞ്ഞ വര്‍ഷം അരവിന്ദ് കേജ്‌രിവാള്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജി വെച്ച അതേദിവസം തന്നെയാണ് പുതിയ എഎപി സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത്.
ഒന്നാം കേജ്‌രിവാള്‍ മന്ത്രിസഭയിലുണ്ടായിരുന്നവരില്‍ മനീഷ് സിസോദിയയും സത്യേന്ദ്ര ജെയിനും മാത്രമാണ് പുതിയ സര്‍ക്കാരിലുണ്ടാവുക. സിസോദിയയ്ക്കു നഗരവികസന വിദ്യാഭ്യാസ വകുപ്പുകളും സത്യേന്ദ്ര ജെയിന്‍ ആരോഗ്യവകുപ്പും ഈ മന്ത്രിസഭയിലും കൈകാര്യം ചെയ്യും. കേജ്‌രിവാളിന്റെ വിശ്വസ്തന്‍ ഗോപാല്‍ റായിക്ക് ഗതാഗതവും തൊഴിലും നല്‍കും. ജിതേന്ദ്ര തോമര്‍ നിയമം, ആസിഫ് അഹമ്മദ് ഖാന്‍ ഭക്ഷ്യ പൊതുവിതരണം, സന്ദീപ് കുമാര്‍ വനിതാ ശിശു ക്ഷേമം എന്നിങ്ങനെയാണ് മറ്റ് മന്ത്രിമാരും വകുപ്പുകളും.
വൈദ്യുതി ജലവിഭവ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നത് കേജ്‌രിവാള്‍ തന്നെയാണ്. മന്ത്രിസഭാരൂപീകരണം സംബന്ധിച്ച് പരസ്യപ്രസ്താവനകള്‍ നടത്തരുതെന്നും വിവാദം ഒഴിവാക്കണമെന്നും ആം ആദ്മി പാര്‍ട്ടി നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേന്ദ്രമന്ത്രിമാരടക്കം പ്രശസ്തരായ നിരവധി പേര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കും. ചടങ്ങുകള്‍ കാണുന്നതിന് മൈതാനത്ത് വലിയ സ്ക്രീനുകളും മൈതാനത്തിന്റെ എല്ലാ ഭാഗത്തും സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.
പരിശോധനകള്‍ക്ക് ശേഷം മാത്രമേ മൈതാനത്ത് ആളുകളെ പ്രവേശിപ്പിക്കൂ. നിരവധി പോലീസുകാരെ വേദിയിലും മൈതാനത്തിന്റെ പരിസരത്തുമായി വിന്യസിച്ച് കഴിഞ്ഞിരിക്കുകയാണ്. പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതോടെ ഡല്‍ഹിയ്ക്കു പല മാറ്റങ്ങളും പുതിയ വികസന പുരോഗതികളും ഉണ്ടാകുമെന്നാണ് ഡല്‍ഹി ജനത പ്രതീക്ഷിക്കുന്നത്. അഴിമതി പൂര്‍ണമായി തുടച്ച് നീക്കുക എന്നതാണ് പുതിയ സര്‍ക്കാരിന്റെ ലക്ഷ്യം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























