വിശ്വാസം അതല്ലേ എല്ലാം... കോടികള്‍ മുടക്കി ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയ്ക്ക് കൊട്ടാരം നിര്‍മ്മിച്ചു, പക്ഷെ കൊട്ടാരത്തില്‍ താമസമാക്കാന്‍ മടി

വരേണ്ടതെല്ലാം വിധി പോലെ വരും എന്ന് പറയാറില്ലേ. എന്നാല്‍ ആ വിധിയെ മുന്‍കൂട്ടി കണ്ട് പുതിയ കൊട്ടാരം ഉപേക്ഷിക്കുകയാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത്. അന്ധവിശ്വാസങ്ങളെ അതിയായി വിശ്വസിക്കുന്ന വിഐപിയാണ് ഹരീഷ് റാവത്ത്. കോടികള്‍ മുടക്കിയാണ് റാവത്തിന് സര്‍ക്കാര്‍ വക കൊട്ടാരം പണിഞ്ഞിരിക്കുന്നത്. പക്ഷെ, റാവത്ത് പറയുന്നത് ഒന്ന് മാത്രം, 16 കോടി മുടക്കി നിര്‍മ്മിച്ച കൊട്ടാരം എനിക്ക് വേണ്ടാ.
ഈ ബംഗ്ലാവിന്റെ പണിക്ക് വേണ്ടി ഖജനാവില്‍ നിന്ന് കോടികളാണ് ചോര്‍ന്ന് പോയിരിക്കുന്നത്. ബംഗ്ലാവിന് ഭാഗ്യം പോരെന്നതാണ് പ്രധാന കാരണമായി റാവത്ത് കാണുന്ന കാരണം. മുഖ്യമന്ത്രിയെക്കാത്ത് ഒരു വര്‍ഷമായി ഇപ്പോഴും ആളനക്കമില്ലാതെ ഒരു പ്രേതാലയം പോലെ കിടക്കുകയാണീ ബംഗ്ലാവ്. നഗരത്തിലെ കന്റോണ്‍മെന്റ് ഏരിയയിലാണീ ബംഗ്ലാവ് നിലകൊള്ളുന്നത്.
തനിക്ക് വേണ്ടി കോടികള്‍ മുടക്കി പണിത ഈ ബംഗ്ലാവിലേക്ക് കാല്‍ കുത്താതെ മുഖ്യമന്ത്രി ഇപ്പോഴും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബീജാപ്പൂര്‍ ഗസ്റ്റ് ഹൗസിലാണ് താമസിക്കുന്നത്. മറ്റ് മുഖ്യമന്ത്രിമാര്‍ ഇതിന് മുമ്പ് താമസമാക്കിയപ്പോള്‍ അവര്‍ക്ക് ദുര്‍ഭാഗ്യമാണ് പിടികൂടിയതെന്നാണ് റാവത്ത് പറയുന്ന പ്രധാന കാരണം.
10 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ഈ കൊട്ടാരം 15.81 കോടി രൂപ മുടക്കിയാണ് നിര്‍മ്മിച്ചത്. 58 മുറികള്‍, ഒരു സ്വിമ്മിങ്പൂള്‍, സമൃദ്ധമായ സസ്യലതാദികള്‍, ജനതാ ദര്‍ബാര്‍ ഹാള്‍, മനോഹരമായ പുല്‍ത്തകിടികള്‍ തുടങ്ങിയവയാല്‍ ആഢംബരം നിറഞ്ഞ് തുളുമ്പുന്ന കൊട്ടാരമാണിത്. എന്നിട്ടും ഹരീഷ് റാവത്തിന് ഇവിടേക്ക് താമസമാക്കാന്‍ പേടിയാണ്. പരമ്പരാഗത ഹില്‍ ആര്‍ക്കിടെക്ടനുസരിച്ചാണീ കൊട്ടാരം പണിതുയര്‍ത്തിയിരിക്കുന്നത്. നഗരത്തിന്റെ ഏറ്റവും മനോഹരമായ സ്ഥലത്താണിത് സ്ഥിതി ചെയ്യുന്നത്.
കഴിഞ്ഞ വര്‍ഷം റാവത്ത് മുഖ്യമന്ത്രിയായതിന് ശേഷം ഈ കെട്ടിടത്തിന് കാര്യമായ അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നു. ഇതിന് മുമ്പ് ഇവിടെ താമസിച്ചിരുന്ന മൂന്ന് മുഖ്യമന്ത്രിമാരും അഞ്ച് വര്‍ഷം തികച്ചില്ലെന്ന വസ്തുതയാണ് റാവത്തിനെ കൊട്ടാരത്തില്‍ കയറുന്നതില്‍ നിന്ന് പിന്‍വലിപ്പിക്കുന്നതെന്നാണ് മറ്റൊരു സൂചന. റാവത്ത് ഇപ്പോള്‍ ഭാര്യയ്‌ക്കൊപ്പമാണ് കഴിയുന്നത്. ഇതിന് മുമ്പും ഔദ്യോഗിക വസതിയില്‍ താമസിക്കാന്‍ റാവത്തിനെപ്പോലെ മടി കാണിച്ചയാളാണ് ആസാം മുഖ്യമന്ത്രിയായ തരുണ്‍ ഗൊഗോയ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























