കാശ്‌മീരില്‍ സെെനികര്‍ക്കു നേരെ ആക്രമണം; തിങ്കളാഴ്ച പുലര്‍ച്ചെ നടന്ന ഏറ്റുമുട്ടലിൽ സൈന്യം രണ്ട് തീവ്രവാദികളെ വധിച്ചു

ജമ്മുകാശ്മീരില്‍ സെെനികര്‍ക്കു നേരെ തീവ്രവാദികളുടെ ആക്രമണം. ബന്ദിപുരയിലാണ് സൈന്യത്തിന് നേരെ ആക്രമണം നടന്നത്. തിങ്കളാഴ്ച പുലര്‍ച്ചെ നടന്ന ഏറ്റുമുട്ടലിൽ സൈന്യം രണ്ട് തീവ്രവാദികളെ വധിച്ചു. പ്രദേശത്ത് ഒളിച്ചിരിക്കുന്ന തീവ്രവാദികള്‍ക്കായി സൈന്യം തിരച്ചില്‍ തുടരുകയാണ്. രണ്ട് തീവ്രവാദികളെ വധിച്ചതായും അവരില്‍ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തതായും കാശ്മീര്‍ സോണ്‍ പൊലീസ് അറിയിച്ചു.
വെടിവെയ്പ്പില്‍ ഒരു സൈനികന്‍ വീരമൃത്യു വരിച്ചു. കൊല്ലപ്പെട്ട തീവ്രവാദികളില്‍ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ട ഭീകരവാദികളുടെ പേര്, ഇവരുള്‍പ്പെടുന്ന സംഘടന തുടങ്ങിയ കാര്യങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം ഉറിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇന്ത്യന്‍ സൈന്യത്തിന് നേരെ പാക് ആക്രമണം നടന്നു. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാകിസ്ഥാന് കടുത്ത തിരിച്ചടി നല്‍കുമെന്ന് സൈന്യം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം കശ്മീരിലെ കുൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ അഞ്ച് തൊഴിലാളികൾ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട അഞ്ച് പേരും കശ്മീർ സ്വദേശികളല്ല. പശ്ചിമ ബംഗാൾ സ്വദേശികളാണ് കൊല്ലപ്പെട്ടത്. മുർഷിദാബാദ് ജില്ലയിൽ നിന്നുള്ള ഷെയ്ക് കമറുദ്ദീൻ, മുഹമ്മദ് റഫീക്ക്, മുർണുസുലിൻ എന്നിവരാണ് കൊല്ലപ്പെട്ട മൂന്ന് പേർ, മറ്റ് രണ്ട് പേരുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല.
അതേസമയം അയോധ്യ വിധിയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് പത്ത് ദിവസത്തിനുള്ളില്‍ ഭീകരാക്രമണം നടത്താന്‍ ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് ശ്രമിക്കുന്നതായി കേന്ദ്ര സര്‍ക്കാരിന് വിവിധ സുരക്ഷ ഏജന്‍സികളുടെ മുന്നറിയിപ്പ്. കേന്ദ്ര സര്‍ക്കാരിലെ ഒരു ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വിവിധ ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മിലിട്ടറി ഇന്റലിജന്‍സ്, റോ, ഇന്റലിജന്‍സ് ബ്യൂറോ എന്നീ സുരക്ഷ ഏജന്‍സികളാണ് സര്‍ക്കാരിന് ജെയ്‌ഷെ ആക്രമണ സാധ്യതയെ കുറിച്ച് ഒരേ സമയം മുന്നറിയിപ്പ് നല്‍കിയത്. ഇത് സംഭവത്തിന്റെ ഗൗരവം വ്യക്തമാക്കുന്നുണ്ടെന്നും ഓരോ ഏജന്‍സികളും തനിച്ച് നടത്തിയ അന്വേഷണത്തിലാണ് ഈ നിഗമനത്തിലെത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ അയോധ്യ വിധി ഏത് സമയത്തും വരുമെന്ന സാഹചര്യമായതിനാല്‍ ഭീകരര്‍ തമ്മിലുള്ള ആശയവിനിമയം വര്‍ധിച്ചതായി റിപ്പേര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 'ഡാര്‍ക്ക് വെബ്' എന്‍ക്രിപ്റ്റഡ് ചാനലിലൂടെ നടക്കുന്ന ഇത്തരം ആശയവിനിമയങ്ങള്‍ പിടിച്ചെടുക്കല്‍ സുരക്ഷ ഏജന്‍സികളെ സംബന്ധിച്ചെടുത്തോളം ഭഗീരഥപ്രയത്‌നമാണ്.
റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സുരക്ഷ ഏജന്‍സികള്‍ ഭീകരാക്രമണ സാധ്യതയുള്ള സ്ഥലങ്ങള്‍ വിലയിരുത്തുകയും സുരക്ഷ നടപടികള്‍ ക്രമീകരിക്കുകയും ചെയ്തു. ന്യൂഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലാണ് ഭീകരാക്രമണത്തിന് കൂടുതല്‍ സാധ്യത. കശ്മീരിന് പ്രത്യേക അവകാശം നല്‍കുന്ന അനുച്ഛേദം 370 റദ്ദുചെയ്ത ആഗസ്റ്റ് 5 മുതല്‍ രാജ്യത്തെ സുരക്ഷ ഏജന്‍സികള്‍ കനത്ത ജാഗ്രതയിലാണ് പ്രവര്‍ത്തിക്കുന്നത്.
https://www.facebook.com/Malayalivartha






















