ബോട്ട് തകര്‍ത്തത് ഇന്ത്യ തന്നെയാണെന്ന് ഇപ്പോള്‍ തെളിഞ്ഞതായി പാക്കിസ്ഥാന്‍, കൂടുതല്‍ തെളിവുകള്‍ പുറത്ത് വിടുമെന്ന് ഇന്ത്യ

പുതുവര്‍ഷ ദിനത്തില്‍ പാകിസ്ഥാനില്‍ നിന്നുള്ള ബോട്ട് പൊട്ടിത്തെറിച്ച സംഭവവുമായി കേന്ദ്ര സര്‍ക്കാരും കോസ്റ്റ് ഗാര്‍ഡ് ഡി.ഐ.ജിയും തമ്മിലുള്ള പ്രസ്താവന വിവാദം തുടരുന്നു. ഡി.ഐ.ജി ബി.കെ.ലോഷാലി നടത്തിയ പ്രസ്താവന വിവാദമായതിന് പിന്നാലെ കഴിഞ്ഞ ദിവസം അദ്ദേഹം തന്നെ അത് നിഷേധിച്ച് രംഗത്തുവന്നു. എന്നാല്‍ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ ഒരു പത്രം പുറത്ത് വിട്ടതോടെ സര്‍ക്കാരും കോസ്റ്റ് ഗാര്‍ഡും വീണ്ടും പ്രതിരോധത്തിലായി.
ബോട്ട് സ്‌ഫോടനം വഴി തകര്‍ത്തു കളയാന്‍ താന്‍ ഉത്തരവിട്ടു എന്ന കോസ്റ്റ് ഗാര്‍ഡ് ഡപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ബി.എല്‍. ലോഷാലിയുടെ വെളിപ്പെടുത്തലാണ് കേന്ദ്രസര്‍ക്കാരിനെ വെട്ടിലാക്കിയത്. ലോഷാലി പറഞ്ഞതു ശരിയല്ലെന്നും ബോട്ടിലുണ്ടായിരുന്നവര്‍ തന്നെ അത് അഗ്നിക്കിരയാക്കി എന്ന നിലപാടില്‍ ഇന്ത്യ ഉറച്ചുനില്‍ക്കുകയാണെന്നും കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞു. ലോഷാലിക്കെതിരെ അന്വേഷണത്തിനും മന്ത്രി ഉത്തരവിട്ടിട്ടുണ്ട്. ലോഷാലിന് കാരണം കാണിക്കല്‍ നോട്ടീസും നല്‍കി.
ഗാന്ധിനഗറില്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഒരു ചടങ്ങില്‍ സംസാരിക്കുമ്പോഴാണ് വടക്കു പടിഞ്ഞാറന്‍ മേഖലയുടെ ചീഫ് ഓഫ് സ്റ്റാഫ് കൂടിയായ ഡിഐജി ലോഷാലി വിവാദ പ്രസ്താവന നടത്തിയത്. \'\'ഡിസംബര്‍ 31 രാത്രി നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടാവും ...പാക്കിസ്ഥാന്റെ ബോട്ട് നമ്മള്‍ തകര്‍ത്തു...ഞാന്‍ ഗാന്ധിനഗറിലായിരുന്നു...ബോട്ട് തകര്‍ക്കാന്‍ ഞാന്‍ പറഞ്ഞു...അവര്‍ക്ക് ബിരിയാണി വിളമ്പേണ്ട കാര്യം നമുക്കില്ല...
ലോഷാലിയുടെ വെളിപ്പെടുത്തല്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ തള്ളി. പ്രതിരോധ മന്ത്രാലയം ഇക്കാര്യത്തില്‍ വ്യക്തമായ പ്രസ്താവന നല്‍കിയിട്ടുണ്ട്. ബോട്ടിലുള്ളവര്‍ തന്നെ തീവയ്ക്കുകയായിരുന്നു. ഇന്ത്യക്ക് അതില്‍ ഒരു പങ്കുമില്ല. ഇക്കാര്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ്. ഇതിനുള്ള തെളിവുകളും കൈവശമുണ്ടെന്നും അവ പുറത്തു വിടാന്‍ തയ്യാറാണെന്നും പരീക്കര്‍ പറഞ്ഞു.
ബോട്ട് തകര്‍ത്തത് ഇന്ത്യ തന്നെയാണെന്ന് ഇപ്പോള്‍ തെളിഞ്ഞതായി പാക്കിസ്ഥാന്‍ പ്രതിരോധ മന്ത്രി ക്വാജാ ആസിഫ് ചൂണ്ടിക്കാട്ടി. രാജ്യാന്തര നിയമങ്ങള്‍ ഇന്ത്യ ലംഘിച്ചിരിക്കയാണ്. പാക്കിസ്ഥാനെതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് ഇന്ത്യ ചെയ്യുന്നത്. ബോട്ടിലെ നാലു നിരപരാധികളെ ഇന്ത്യ കൊന്നൊടുക്കുകയായിരുന്നുവെന്നും പാക്കിസ്ഥാന്‍ കുറ്റപ്പെടുത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























