നായ്ക്കന്‍ചോല ഗ്രാമത്തെ വിറപ്പിച്ചു നിര്‍ത്തിയിരിക്കുന്നു കുഞ്ഞിനെ നഷ്ടപ്പെട്ട തള്ളയാന! ഗ്രാമത്തില്‍ നിന്നും ആര്‍ക്കും പുറത്തിറങ്ങാന്‍ ആവുന്നില്ല

നീലഗിരി ജില്ലയിലെ ചേരമ്പാടിക്കടുത്ത് നായ്ക്കന്‍ ചോലയിലെ കമ്പനി തേയിലതോട്ടത്തിന് സമീപത്തായി ഒരു കുട്ടിയാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. ബുധനാഴ്ച രാവിലെയാണ് കുട്ടിയാനയുടെ ജഡം കണ്ടത്. കുഞ്ഞ് ചരിഞ്ഞാല്‍ 2 ദിവസത്തിനുള്ളില്‍ തള്ളയാന കാട്ടിലേക്ക് മടങ്ങാറുള്ളതാണ്. എന്നാല്‍ ഈ കുട്ടിയാനയുടെ തള്ള അതിന്റെ സമീപത്തുനിന്നും മാറുന്നുണ്ടായിരുന്നില്ല. വനംവകുപ്പ് ജീവനക്കാര്‍ക്കും ഇത് ആദ്യ അനുഭവമാണ്.
ജഡം നീക്കം ചെയ്യുന്നതിന് സമീപത്തുണ്ടായിരുന്ന തള്ളയാനയെ അവിടെ നിന്നും മാറ്റേണ്ടതുണ്ടായിരുന്നു. അതിനായി വനംവകുപ്പ് ജീവനക്കാര്‍ പടക്കം പൊട്ടിക്കുകയും തീകത്തിക്കുകയും ചെയ്തു.
ബുധനാഴ്ച രാത്രിയോടെ കുഞ്ഞിന് സമീപത്ത് നിന്നും തള്ളയാന അല്‍പദൂരത്തേക്ക് മാറിയപ്പോള്‍ ജഡത്തില്‍ കയര്‍ കെട്ടി ട്രാക്ടര്‍ വെച്ച് റോഡിലേക്ക് വലിച്ചെത്തിച്ചു.
ഇതു കണ്ട തള്ളയാന രാത്രി മുഴുവന്‍ ചിന്നം വിളിച്ച് പ്രതിഷേധിക്കുകയും വനംവകുപ്പിന്റെ വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തു. വ്യാഴാഴ്ച രാവിലെ ആന ഇവിടുത്തെ സുബ്രമണ്യം ക്ഷേത്രം തകര്‍ത്തു.
രാത്രിയോടെ വനത്തില്‍ നിന്നു തിരിച്ചെത്തിയ കാട്ടാനക്കൂട്ടം പിടിയാനയ്‌ക്കൊപ്പം ചേര്‍ന്നു. ചൊവ്വാഴ്ച രാത്രിയില്‍ ഇവിടെയെത്തിയ ആനക്കൂട്ടത്തിലെ പിടിയാനയാണിത്.
കുഞ്ഞ് ചരിഞ്ഞതോടെ പിടിയാനയെയും കുഞ്ഞിനെയും ഉപേക്ഷിച്ച് മറ്റാനകള്‍ വനത്തിലേക്ക് പോയിരുന്നു. ബുധനാഴ്ച രാത്രിയില്‍ ഈ ആനക്കൂട്ടം വീണ്ടും തിരിച്ചെത്തുകയായിരുന്നു.
ക്ഷേത്രം തകര്‍ത്തതു കൂടാതെ വനംവകുപ്പിന്റെ 2 വാഹനങ്ങളും, 8 ഇരു ചക്രവാഹനങ്ങളും ആന തകര്‍ത്തു.

ഗ്രാമത്തിനു ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ ദൂരം കാട്ടാനകളുടെ നിയന്ത്രണത്തിലായി. ഗ്രാമത്തില്‍ നിന്നും ആരും പുറത്തിറങ്ങിയിട്ടില്ല. വനംവകുപ്പിന്റെ വാഹനത്തില്‍ മുതിര്‍ന്ന കുട്ടികളെ മറ്റൊരു വഴിയിലൂടെ ഇന്നലെ സ്‌കൂളിലെത്തിച്ചു. ജോലിക്കും മറ്റാവശ്യങ്ങള്‍ക്കുമായി ഇവിടെ നിന്ന് ആര്‍ക്കും പുറത്ത് പോകാന്‍ പറ്റിയിട്ടില്ല. ആനക്കൂട്ടത്തിലെ ആനകള്‍ പലഭാഗത്തായി ചിതറിയ നിലയിലാണ്. കുട്ടിയാനയെ കയര്‍ കെട്ടി വലിച്ചതാണ് തള്ളയാനയെ പ്രകോപിപ്പിച്ചതെന്നാണ് നാട്ടുകാരുടെ അഭിപ്രായം.

ജഡം ഇതുവരെയും നീക്കം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. രാത്രിയില്‍ വീടുകള്‍ക്ക് നേരെ ആക്രമണമുണ്ടാകുമെന്ന ഭയത്തിലാണ് നാട്ടുകാര്‍. ചുരുക്കത്തില്‍ ഒരു തള്ളയാനയുടെ സങ്കടത്തില്‍ ഒരു ഗ്രാമം നിശ്ചലമായിരിക്കുകയാണ്!
https://www.facebook.com/Malayalivartha
























