മൂന്നാം ക്ലാസുകാരനേയും അഞ്ചാം ക്ലാസുകാരനേയും ബെഞ്ചില്‍ കെട്ടിയിട്ട പ്രധാന അധ്യാപികയുടെ നടപടി വിവാദമാകുന്നു

ആന്ധ്രാപ്രദേശിലെ അനന്ത്പുര്‍ ജില്ലയിലെ കാദിരി നഗരത്തിലുള്ള സ്‌കൂളിലെ പ്രധാന അധ്യാപിക ശ്രീദേവി എടുത്ത ശിക്ഷണനടപടികള്‍ വിവാദമാകുന്നു. വിദ്യാര്‍ഥികളെ ക്ലാസ്മുറിയിലെ ബെഞ്ചില്‍ കെട്ടിയിട്ടതായാണ് പരാതി.
മൂന്നാം ക്ലാസിലും അഞ്ചാം ക്ലാസിലും പഠിക്കുന്ന കുട്ടികളാണ് ശിക്ഷാനടപടിക്കു വിധേയരായത്. മൂന്നാം ക്ലാസുകാരനെ പ്രണയലേഖനം എഴുതി എന്ന പേരിലും അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയെ സഹപാഠികളുടെ സാധനങ്ങള്‍ മോഷ്ടിച്ചു എന്നതിനുമാണ് ശിക്ഷിച്ചതെന്നു പ്രധാന അധ്യാപിക പറയുന്നു. എന്നാല്‍ വിദ്യാര്‍ഥികളെ ബെഞ്ചില്‍ കെട്ടിയിട്ടുവെന്ന ആരോപണം അധ്യാപിക നിഷേധിച്ചു. ഞാനല്ല അവരുടെ അമ്മയാണ് അപ്രകാരം ചെയ്തത്- ശ്രീദേവി പറഞ്ഞു.
ജില്ലാ കലക്ടറോടും മുന്‍സിപ്പല്‍ കമ്മിഷണറോടും സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നു സംസ്ഥാന ശിശുസംരക്ഷണ കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ ജി.ഹൈമവതി മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ പ്രധാന അധ്യാപികയ്‌ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നു സാമൂഹിക പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
ഇത്തരത്തില്‍ ഒരു സംഭവം സ്‌കൂള്‍ പരിസരത്ത് നടക്കാനിടയായ സാഹചര്യത്തെ കുറിച്ച് പ്രധാന അധ്യാപികയില്‍നിന്ന് വിശദീകരണം ലഭിച്ചിട്ടില്ലെന്നും മാതൃകാപരമായ നടപടിയുണ്ടാകുമെന്നും ജി.ഹൈമവതി പ്രതികരിച്ചു.
എന്നാല്‍ അധ്യാപികയുടെ ആരോപണം കുട്ടികളുടെ രക്ഷിതാക്കള്‍ തള്ളി. തന്റെ സ്‌കൂളില്‍ ഇത്തരം നടപടികള്‍ അനുവദിക്കില്ലെന്നു ശ്രീദേവി പറഞ്ഞുവെന്നും രക്ഷിതാക്കള്‍ പറയുന്നു. പ്രധാന അധ്യാപിക ഉള്‍പ്പെട്ട സംഭവത്തില്‍ ഉചിതമായി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്തുണ്ട്.
https://www.facebook.com/Malayalivartha
























