കാണാതായ വനിതാ ഡോക്ടറുടെ മൃതദേഹം കണ്ടെത്തി, പീഡിപ്പിച്ച ശേഷം കത്തിച്ച് റോഡില്‍ തള്ളി

ഹൈദരാബാദിലെ ഗച്ചിബൗളിയില്‍ നിന്ന് പരിശോധന കഴിഞ്ഞ് മടങ്ങവേ കാണാതായ പ്രിയങ്കാറെഡ്ഡി എന്ന വനിതാ മൃഗഡോക്ടറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ റോഡില്‍ നിന്ന് കണ്ടെത്തി. ലൈംഗിക പീഡനത്തിന് വിധേയയാക്കിയ ശേഷം ജീവനോടെ കത്തിക്കുക ആയിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച സൂചനകള്‍. ഹൈദരാബാദ് ബംഗളുരു ദേശീയപാതയിലെ അണ്ടര്‍പാസില്‍ നിന്നാണ് 27-കാരിയായ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിയോടുകൂടി ഗച്ചിബൗളിയിലേക്ക് പുറപ്പെട്ട പ്രിയങ്ക, ഷംസാബാദ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള ഒരു ടോള്‍പ്ലാസയില്‍ തന്റെ സ്‌കൂട്ടര്‍ വച്ചിട്ട് ഒരു ടാക്‌സിയിലാണ് 16 കിലോമീറ്ററോളം ദൂരെയുള്ള ഗച്ചിബൗളിയിലേക്ക് പോയത്. രാത്രി 9.22-ഓടെ ടോള്‍പ്ലാസയില്‍ തിരികെ എത്തിയപ്പോള്‍ വണ്ടിയുടെ ടയര്‍ പഞ്ചറായിരിക്കുന്നതാണ് കണ്ടത്. അത് കണ്ട പ്രിയങ്ക തന്റെ സഹോദരിയെ വിളിച്ചു പറഞ്ഞത്, സ്‌കൂട്ടര്‍ പങ്ചര്‍ ആയി റോഡിലാണ്, രണ്ട് അപരിചിതര്‍ സഹായിക്കാമെന്ന് ഏറ്റിട്ടുണ്ടെന്നാണ്. വണ്ടി നന്നാക്കി നല്‍കാമെന്ന് പറഞ്ഞവര്‍ കട അടച്ചുവെന്ന് പറഞ്ഞ് തിരികെ വന്നുവെങ്കിലും വണ്ടി റിപ്പയര്‍ ചെയ്യാന്‍ താന്‍ നേരിട്ട് കൊണ്ടുകൊടുത്തോളാം എന്ന് അവരോട് പറഞ്ഞുവെന്നും ഫോണിലൂടെ അറിയിച്ചു.
സമീപത്തായി ഒരു ലോറി നിര്‍ത്തിയിരിക്കുന്നുവെന്നും അവര്‍ വല്ലാതെ നോക്കുന്നുണ്ടെന്നും പേടിയാകുന്നുവെന്നും പറഞ്ഞപ്പോള്‍ ടോള്‍പ്ലാസയില്‍ നിന്നും ഇപ്പോള്‍ പുറത്തേക്കുപോകണ്ട എന്ന് സഹോദരി ആവശ്യപ്പെട്ടിരുന്നു. അവര്‍ക്ക് കാണാന്‍ പാകത്തില്‍ ഞാനിവിടെ നില്‍ക്കണമെന്നാണോ പറയുന്നത് എന്നായിരുന്നു മറുപടി. അല്‍പ്പസമയം കഴിഞ്ഞ് തിരികെ വിളിക്കാം എന്നു പറഞ്ഞായിരുന്നു പ്രിയങ്ക ഫോണ്‍ വച്ചതത്രേ. പിന്നെ വീട്ടുകാര്‍ തിരികെ വിളിച്ചപ്പോള്‍ പെണ്‍കുട്ടിയുടെ ഫോണ്‍ ഓഫായിരുന്നു. വിളിച്ചിട്ട് കിട്ടാതായതോടെ വീട്ടുകാര്‍ ഉടന്‍ തന്നെ ടോള്‍പ്ലാസയിലെത്തുകയും അവിടെ മകളെ കാണാത്തതിനാല്‍ പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു.
രാവിലെ പാല്‍ വിതരണത്തിന് പോയ ആളാണ് വഴിയരികില്‍ മൃതദേഹം കിടക്കുന്നത് കണ്ട് പൊലീസിനെ അറിയിച്ചത്. സംശയം തോന്നിയ പൊലീസ് വീട്ടുകാരുമായി ബന്ധപ്പെടുകയായിരുന്നു. സ്‌കാര്‍ഫും സ്വര്‍ണമാലയിലെ ഗണപതിയുടെ ലോക്കറ്റും കണ്ടാണ് മകളാണെന്ന് മാതാപിതാക്കള്‍ തിരിച്ചറിഞ്ഞത്. രണ്ട് പേരെങ്കിലും കൃത്യത്തില്‍ ഉള്‍പ്പെട്ടിരിക്കാമെന്നാണ് പൊലീസിന്റെ അനുമാനം. ഊര്‍ജിതമായി അന്വേഷണം നടക്കുകയാണെന്നും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യാനാവുമെന്നും പൊലീസ് പറയുന്നു.
https://www.facebook.com/Malayalivartha
























