യുപിയിലെ സ്‌കൂളില്‍ 81 കുട്ടികള്‍ക്ക് ഒരു ലിറ്റര്‍ പാല്‍!

ഉത്തര്‍പ്രദേശിലെ സോന്‍ഭദ്ര ജില്ലയിലെ കോട്ടയിലെ സലായ് ബന്‍വ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളില്‍ ഒരു ലിറ്റര്‍ പാല്‍ 81 കുട്ടികള്‍ക്കായി വിഭജിച്ചു നല്‍കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
ഒരു ലിറ്ററിന്റെ പാല്‍ക്കവര്‍ പൊട്ടിച്ച് ഒരു വലിയ അലുമിനിയം പാത്രത്തില്‍ തിളച്ചുകൊണ്ടിരിക്കുന്ന വെള്ളത്തിലേക്ക് ഒഴിക്കുകയും അത് ഇളക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ കാണാം. സ്‌കൂളിലെ പാചകക്കാരിയാണ് ഇത്തരത്തില്‍ വെള്ളത്തില്‍ പാല്‍ ചേര്‍ത്ത് കുട്ടികള്‍ക്കു വിതരണം ചെയ്യുന്നത്. ഇവിടുത്തെ ഗ്രാമപഞ്ചായത്ത് മെമ്പറാണ് വീഡിയോ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.
വീഡിയോ പകര്‍ത്തിയ ദിവസം 171 കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിലെ 81 കുട്ടികള്‍ എത്തിയിരുന്നു. ഇവര്‍ക്ക് എല്ലാവര്‍ക്കും കൂടിയാണ് ഒരു ലിറ്റര്‍ പാല്‍ ഒരു ബക്കറ്റ് വെള്ളത്തില്‍ കലര്‍ത്തി ഉച്ചഭക്ഷണത്തിന്റെ ഭാഗമായി വിതരണം ചെയ്തത്. സര്‍ക്കാര്‍ ചട്ടങ്ങള്‍ പ്രകാരം ഉത്തര്‍പ്രദേശിലെ സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ പാലും പുലാവും നിര്‍ബന്ധമാണ്.
സംഭവം പുറത്തുവന്നതോടെ സ്‌കൂളിലെ പ്രധാന അധ്യാപകന്‍ ഉത്തരവാദിത്തം ഏറ്റെടുത്തെങ്കിലും പിന്നീട് ഒഴിഞ്ഞുമാറി. ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ പറഞ്ഞു. സ്‌കൂളില്‍ ആവശ്യത്തിനു പാലുണ്ടായിരുന്നെന്ന വാദം പാചകക്കാരി ഫൂല്‍വന്ദി നിഷേധിച്ചു. തനിക്ക് ഒരു പാക്കറ്റ് പാല്‍ മാത്രമാണു നല്‍കിയതെന്നും അതുകൊണ്ടാണ് അതില്‍ വെള്ളം ചേര്‍ത്തതെന്നും അവര്‍ പറഞ്ഞു.
കുട്ടികള്‍ക്കു നല്‍കുന്ന ഉച്ചഭക്ഷണത്തില്‍ കൃത്രിമം കാണിച്ചതു വീഡിയോ സഹിതം പുറത്തുകൊണ്ടുവന്ന പ്രാദേശിക മാധ്യമപ്രവര്‍ത്തകനെതിരെ കേസെടുത്തതിനു പിന്നാലെയാണു യുപിയില്‍ മറ്റൊരു സംഭവം കൂടി പുറത്തുവന്നിരിക്കുന്നത്. ചപ്പാത്തി ഉപ്പുകൂട്ടി തിന്ന കുട്ടികളുടെ വീഡിയോയായിരുന്നു അന്ന് പുറത്തുവന്നത്.
https://www.facebook.com/Malayalivartha
























