സ്റ്റേഷനുകൾ തോറും കയറിയിറങ്ങിയിട്ടും പൊലീസ് സഹായിക്കാൻ തയാറായില്ല...മനംനൊന്ത് ഒരച്ഛൻ ...!

രാജ്യം ഭയത്തോടെ കേട്ട ബലാത്സംഗ കൊലപാതകത്തിൽ പൊലീസിനെതിരെ രൂക്ഷ ആരോപണവുമായി കൊല്ലപ്പെട്ട വനിത വെറ്ററിനറി ഡോക്ടറുടെ കുടുംബം രംഗത്ത് .സ്റ്റേഷനുകൾ തോറും കയറിയിറങ്ങിയിട്ടും പൊലീസ് സഹായിക്കാൻ തയാറായില്ലെന്നാണ് കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബം ആരോപിച്ചത്. തങ്ങളുടെ സ്റ്റേഷൻ പരിധിയിലല്ല കൃത്യം നടന്നതെന്നറിയിച്ച് മറ്റു സ്റ്റേഷനുകളിലേയ്ക്ക് പറഞ്ഞയക്കുകയായിരുന്നുവെന്ന് കുടുംബം പറയുന്നു. എന്നാൽ സംഭവം നടന്നത് സ്റ്റേഷൻ പരിധിയിലല്ലെന്നറിയിച്ച് ആദ്യം സമീപിച്ച സ്റ്റേഷനിൽ നിന്നും പറഞ്ഞയച്ചുവെന്ന് കൊല്ലപ്പെട്ട ഡോക്ടറുടെ പിതാവ് പറഞ്ഞു. രാത്രി 10നാണ് പൊലീസിനെ സമീപിച്ചത്. എന്നാൽ നടപടിയൊന്നുമുണ്ടായില്ല. യാതൊരു സഹായവും ലഭിക്കാതെ വന്നതോടെ പുലർച്ചെ 3 മണിയോടെ താൻ ഒറ്റയ്ക്ക് തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ലെന്നും പിതാവ് പറയുന്നു.
ഇരുചക്ര വാഹനം കേടായതിനെത്തുടർന്ന് രാത്രി വഴിയിൽ ഒറ്റപ്പെട്ടു പോയ ഡോക്ടറെ ലൈംഗികമായി പീഡിപ്പിച്ച ശേഷം തീവച്ചുകൊല്ലുകയായിരുന്നു. സംഭവത്തിൽ ലോറിത്തൊഴിലാളികളായ ജൊല്ലു ശിവ, മുഹമ്മദ് (ആരിഫ്), ജൊല്ലു നവീൻ, ചന്നകേശവലു എന്നിവർ അറസ്റ്റിലായി. ടയറിന്റെ കാറ്റഴിച്ചു വിട്ടശേഷം യുവതിക്കു സഹായം വാഗ്ദാനം ചെയ്തതു ശിവയാണെന്നു പൊലീസ് പറഞ്ഞു. നന്നാക്കാനെന്ന രീതിയിൽ ഇയാൾ സ്കൂട്ടർ കൊണ്ടുപോയി. ഈ സമയത്ത് ആരിഫ്, നവീൻ, ചന്നകേശവലു എന്നിവർ യുവതിയെ പിടിച്ചുകൊണ്ടുപോയി പീഡിപ്പിച്ചു. തിരികെയെത്തിയ ശിവയും പീഡനത്തിൽ പങ്കാളിയായി. ശ്വാസംമുട്ടിച്ചു യുവതിയെ കൊലപ്പെടുത്തിയ ശേഷം പെട്രോൾ ഒഴിച്ചു മൃതദേഹം കത്തിച്ചു. വ്യാഴാഴ്ച രാവിലെ വഴിയാത്രക്കാരാണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്.
ഷംഷാബാദിലെ ടോൾ ബൂത്തിനു 30 കിമി അകലെ രംഗറെഡ്ഡി ജില്ലയിൽ 7.30നാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. 70 ശതമാനത്തോളം കത്തിക്കരിഞ്ഞിരുന്നു. തിരിച്ചറിയാൻ സാധിക്കാത്ത വിധം വികൃതമായ മൃതദേഹത്തിൽ നിന്നു ലഭിച്ച ഗണപതിയുടെ ലോക്കറ്റാണു തിരിച്ചറിയാൻ ബന്ധുക്കളെ സഹായിച്ചത്. ബുധനാഴ്ച രാത്രിയാണ് ഇരുപത്തിയാറുകാരിയായ മൃഗ ഡോക്ടറെ കാണാതാകുന്നത്. ഷാദ്‌നഗറിലെ വീട്ടിൽനിന്ന് ജോലി ചെയ്തിരുന്ന കൊല്ലുരു ഗ്രാമത്തിലെ മൃഗാശുപത്രിയിലേക്കു പോകുന്ന വഴിയാണ് സംഭവം. യാത്രാമധ്യേ വാഹനം ഷംഷാബാദിലെ ടോൾ ബുത്തിനു സമീപം നിർത്തിയിട്ട് ഡെർമറ്റോളജിസ്റ്റിനെ കാണാൻ പോയെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ടോൾ ബുത്തിനു സമീപം സ്ഥാപിച്ചിരിക്കുന്ന സിസിടിവിയിൽ യുവതിയുടെ ബൈക്ക് പാർക്കു ചെയ്തിരിക്കുന്നതും കാണാം.
രാത്രി 9 മണിയോടെ തിരിച്ചെത്തിയ യുവതി ബൈക്കിന്റെ ടയര്‍ പഞ്ചറായ നിലയിലാണ് കാണുന്നത്. രാത്രി 9.15ന് സഹോദരിയുമായി യുവതി ഫോണിൽ സംസാരിച്ചിരുന്നു. ടയർ നന്നാക്കാൻ സഹായിക്കാമെന്നു സമീപത്തുള്ള ഒരാൾ പറയുന്നതു ഫോൺ സംഭാഷണത്തിൽ കേട്ടിരുന്നുവെന്ന് സഹോദരി മൊഴി നൽകി. സമീപത്തു നിർത്തിയിട്ടിരിക്കുന്ന ലോഡ് നിറച്ച ട്രക്കുകളും അപരിചിതരായ പുരുഷൻമാരും തന്നെ ഭയപ്പെടുത്തുന്നെന്നും യുവതി സഹോദരിയോട് പറഞ്ഞു.
അടുത്തുള്ള ടോൾ ഗേറ്റിൽ പോയി കാത്തിരിക്കാൻ യുവതിയെ സഹോദരി ഉപദേശിച്ചു. അപരിചിതമായ സ്ഥലത്തു തങ്ങുന്നത് സുരക്ഷിതമല്ലെന്നും ഇരുചക്ര വാഹനം ഉപേക്ഷിച്ച് വീട്ടിലെത്താൻ നിർദേശിച്ചിരുന്നതായും സഹോദരി പൊലീസിനോടു പറഞ്ഞു. കുറച്ചു സമയത്തിനു ശേഷം വീണ്ടും വിളിച്ചിരുന്നുവെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. എന്തോ പ്രശ്നമുണ്ടെന്നു മനസ്സിലാക്കിയ സഹോദരി രാത്രി പത്തോടെ ടോൾ ബൂത്തിൽ എത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. സഹോദരി ഉടനെ വിവരം ബന്ധുക്കളെ അറിയിച്ചു. തുടർന്ന് പരാതി നൽകാനായി ആർജിഐഎ പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും തങ്ങളുടെ സ്റ്റേഷൻ പരിധിയിലല്ലെന്നു പറഞ്ഞ് ഷംഷാബാദ് സ്റ്റേഷനിലേക്ക് പറഞ്ഞയക്കുകയായിരുന്നു.സംരക്ഷണം കൊടുക്കേണ്ടവർ ഇത്തരത്തിൽ പെരുമാറിയാൽ നമ്മുടെ നാട്ടിൽ എങ്ങനെ ജീവിക്കാൻ സാധിക്കും ..ഭയത്തോടെ അല്ലാതെ ഈ വാർത്ത ആർക്കും കേട്ടുനില്കാനില്ല എന്നത് തന്നെയാണ് സത്യം.
https://www.facebook.com/Malayalivartha
























