ഇംഗ്ലീഷ് വായിക്കാന്‍ അറിയാത്ത ഇംഗ്ലീഷ് ആധ്യാപിക... അധ്യാപികയുടെ തപ്പിത്തടയലില്‍ ഞെട്ടി ജില്ലാമജിസ്‌ട്രേറ്റ്

സ്‌കൂളില്‍ അധികൃതര്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ ഇംഗ്ലീഷ് വായിക്കാന്‍ അറിയാത്ത അധ്യാപിക കുടുങ്ങി. ഉത്തര്‍പ്രദേശിലെ ഉന്നാവ് ജില്ലയിലാണ് സംഭവം. മിന്നല്‍ പരിശോധനയ്ക്കിടെ പാഠപുസ്തകം വായിക്കാന്‍ ജില്ലാമജിസ്‌ട്രേറ്റാണ് ഇംഗ്ലീഷ് അധ്യാപികയോട് ആവശ്യപ്പെട്ടത്.
പാഠപുസ്തകം വായിക്കാന്‍ സാധിക്കാതെ അധ്യാപിക ബുദ്ധിമുട്ടുന്നതിന്റെയും അതുകണ്ട് ജില്ലാമജിസ്‌ട്രേറ്റ് അമ്ബരക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടത് ഇതിനകം വൈറലായിക്കഴിഞ്ഞു. ടീച്ചര്‍ തപ്പിത്തടഞ്ഞ് വായിക്കാന്‍ ശ്രമിക്കുന്നതിനിടെ ജില്ലാ മജിസ്‌ട്രേറ്റ് ക്ഷോഭിക്കുന്നത് വീഡിയോയില്‍ കാണാം. 'ഇവര്‍ ഒരു ഇംഗ്ലീഷ് ടീച്ചറാണ്. ഇംഗ്ലീഷ് നന്നായി വായിക്കാന്‍പോലും അവര്‍ക്കറിയില്ല. എത്രയും വേഗം അവരെ സസ്‌പെന്‍ഡു ചെയ്യണം' ജില്ലാമജിസ്‌ട്രേറ്റ് ദേവേന്ദ്ര കുമാര്‍ പാണ്ഡെ പറയുന്നു.
അധ്യാപിക ന്യായീകരിക്കാന്‍ ശ്രമിച്ചുവെങ്കിലും ജില്ലാ മജിസ്‌ട്രേറ്റിനെ ശാന്തനാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. 'നിങ്ങള്‍ ബിരുദധാരിയല്ലേ ? ഇംഗ്ലീഷ് പാഠഭാഗം പരിഭാഷപ്പെടുത്താന്‍ ഞാന്‍ ആവശ്യപ്പെട്ടില്ല, പാഠപുസ്തകത്തിലെ ഏതാനും വരികള്‍ വായിക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്. അതുപോലും നിങ്ങള്‍ക്ക് അറിയില്ലേ' മജിസ്‌ട്രേറ്റ് ചോദിക്കുന്നു.
ഉന്നാവ് ജില്ലയിലെ സിക്കന്ദര്‍പുര്‍ സരൗരി പ്രദേശത്തെ സ്‌കൂളിലാണ് ജില്ലാ മജിസ്‌ട്രേറ്റ് മിന്നല്‍ പരിശോധന നടത്തിയത്. ഇംഗ്ലീഷ് വായിക്കാന്‍ പോലും അറിയാത്ത അധ്യാപികയെ സസ്‌പെന്‍ഡു ചെയ്യാന്‍ ബേസിസ് ശിക്ഷാ അധികാരിയോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha
























