മേഘങ്ങൾ ചതിച്ചു; വലയഗ്രഹണം വ്യക്തമാക്കി കാണാൻ സാധിച്ചില്ല; നിരാശ പങ്കുവെച്ച് പ്രധാനമന്ത്രി

നൂറ്റാണ്ടിലെ അപൂർവ കാഴ്ചക്ക് സാക്ഷിയായിരിക്കുകയാണ് ലോകം മുഴുവൻ ഇന്ന്. അപൂർവമായി മാത്രം സംഭവിക്കുന്ന വലയ ഗ്രഹണമാണ് ഇന്ന് ലോകത്തെ മുഴുവൻ വിസ്മയിപ്പിച്ചു കടന്നുപോയത്. ഭൂമിയുടെ വിവിധ കോണുകളിൽ ഇരുന്നു ജനങ്ങൾ സൂര്യനെ ചന്ദ്രൻ മറക്കുന്ന കാഴ്ച കണ്ടു. എന്നാൽ ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദി തനിക്ക് ഗ്രഹണം വ്യക്തമായി കാണാൻ സാധിച്ചില്ല എന്ന നിരാശ ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുകയാണിപ്പോൾ.
ദില്ലിയിൽ ഇന്ന് കനത്ത മൂടൽ മഞ്ഞും അന്തരീക്ഷം മേഘാവൃതവുമായിരുന്നു.അതുകൊണ്ടാണ് മോദിക്ക് ഗ്രഹണ കാഴ്ച നഷ്ട്ടമായത്. ഗ്രഹണം കാണാനുള്ള പ്രത്യേക കണ്ണടകൾ ഒക്കെ ഒരുക്കി കാത്തിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. തന്റെ സങ്കടം പ്രധാനമന്ത്രി ട്വിറ്ററിലൂടെ പങ്കുവെക്കുകയും ചെയ്തു. എന്നാൽ ദില്ലിയിൽ കാണാൻ സാധിച്ചില്ലെങ്കിലും കോഴിക്കോട്ടെ വലയസൂര്യഗ്രഹണം ലൈവ് സ്ട്രീമിലൂടെ വ്യക്തമായി കണ്ടെന്നും, അതിൽ സന്തോഷമുണ്ടെന്നും മോദി ട്വിറ്ററിൽ കുറിച്ചു. കൂടാതെ വിദഗ്‍ധരുമായി ചർച്ച ചെയ്ത് വലയസൂര്യഗ്രഹണത്തെക്കുറിച്ചുള്ള വിവരങ്ങൾ വിശദമായി പഠിച്ചെന്നും മോദി ട്വീറ്റ് ചെയ്തു. മോദി ട്വിറ്ററിൽ പങ്കുവെച്ച ചിത്രങ്ങളും ട്വീറ്റും ഇപ്പോൾത്തന്നെ തമാശ മീമുകളായി പ്രചരിച്ചു തുടങ്ങിയെന്ന 'ഗപ്പിസ്ഥാൻ റേഡിയോ' എന്ന ട്വിറ്റർ ഹാൻഡിലിന്‍റെ ട്വീറ്റ് റീട്വീറ്റ് ചെയ്ത മോദി, 'വളരെ നന്ദി, എൻജോയ്', എന്ന് മറുപടി നൽകിയതും ശ്രദ്ധേയമായി.
ചന്ദ്രൻ സൂര്യനും ഭൂമിക്കും ഇടയിൽ വരുന്ന സമയത്ത് സൂര്യൻ പൂര്‍ണ്ണമായോ ഭാഗികമായോ മറക്കപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. വലയ രൂപത്തിൽ ചന്ദ്രൻ സൂര്യനെ മറച്ച ശേഷം സാവധാനം പുറത്തേക്ക് വരുന്ന രീതിയിലാണ് സൂര്യഗ്രഹണം ഈ വർഷം ദൃശ്യമായത്.ഇത്തരത്തിൽ സൂര്യഗ്രഹണം സംഭവിക്കുന്നത് നൂറ്റാണ്ടിൽ ഒന്നോ രണ്ടോ തവണ മാത്രമാകും. ഇനി ഇത്തരത്തിലൊരു വലയസൂര്യഗ്രഹണം 2031-ൽ മാത്രമേ നടക്കൂ എന്നാണ് ശാസ്ത്രവിദഗ്‍ധർ പ്രവചിക്കുന്നത്.
https://www.facebook.com/Malayalivartha
























