ക്ഷേത്രത്തിലെ പ്രസാദത്തില്‍ ഒച്ചിനെ കണ്ടെത്തിയെന്ന ആരോപണം: അന്വേഷണം ആരംഭിച്ച് പൊലീസ്

ആന്ധ്രാപ്രദേശിലെ പ്രമുഖ ക്ഷേത്രത്തില്‍ നിന്നും നല്‍കിയ പ്രസാദത്തില്‍ ഒച്ചിനെ കണ്ടെന്ന ദമ്പതികളുടെ ആരോപണത്തിനെതിരെ അന്വേഷണം ആരംഭിച്ച് പൊലീസ്. ആന്ധ്രാപ്രദേശിലെ സിംഹാചലത്തിലുള്ള ശ്രീ വരാഹ ലക്ഷ്മിക്ഷേത്രത്തിലാണ് സംഭവം. ഇതേക്കുറിച്ച് ക്ഷേത്രത്തിലെ ജീവനക്കാരെ അറിയിച്ചപ്പോള്‍ അവര്‍ യാതൊരു വിശദീകരണവും നല്‍കാതെ പ്രസാദത്തിന്റെ പാക്കറ്റ് തിരികെ വാങ്ങിയതായാണ് ദമ്പതികള്‍ പറയുന്നത്. പ്രസാദത്തില്‍ ഒച്ച് കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ ദമ്പതികള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.
സംഭവം വിവാദമായതോടെ ക്ഷേത്രത്തിനെ അപകീര്‍ത്തിപ്പെടുത്താന്‍ വ്യാജ ആരോപണങ്ങള്‍ നടത്തുന്നതായി ക്ഷേത്രഭരണസമിതി പൊലീസില്‍ പരാതി നല്‍കി. അതിന്റെ അടിസ്ഥാനത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയുടെ ആധികാരികത പരിശോധിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൊലീസ് ആരംഭിച്ചു. പ്രസാദം തയ്യാറാക്കുന്ന യന്ത്രങ്ങളുടെ പ്രവര്‍ത്തനം, പാചകപ്പുരയിലെ ശുചിത്വം, സിസിടിവി ദൃശ്യങ്ങള്‍ എന്നിവ പരിശോധിച്ച് വരികയാണെന്ന് പൊലീസ് പറയുന്നു. വീഡിയോ പോസ്റ്റ് ചെയ്ത ദമ്പതികളെ ഉടന്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നാണ് വിവരം.
'പ്രസാദത്തില്‍ നിന്ന് കിട്ടിയതായി പറയുന്ന ഒച്ചിന്റെ പുറംതോട് ഇളകിമാറിയിട്ടില്ല. അത് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. പ്രസാദം തയ്യാറാക്കുന്ന പ്രക്രിയ പൂര്‍ണമായും യന്ത്രസഹായത്തോടെയാണ് നടക്കുന്നത്. അത്തരമൊരു സംവിധാനത്തില്‍ ഒരിക്കലും ഒച്ചിന്റെ പുറംതോട് ഇളകി മാറാതിരിക്കില്ല. അതിനാല്‍ പ്രസാദത്തിന്റെ പാക്കറ്റ് പൊട്ടിച്ചതിന് ശേഷം ഒച്ച് പാക്കറ്റിലേക്ക് പ്രവേശിച്ചതാകാം'ക്ഷേത്രത്തിന്റെ എക്‌സിക്യൂട്ടീവ് ഓഫീസറായിട്ടുള്ള എന്‍ സുജാത പറയുന്നു. ആ ദിവസം 15000ത്തിലധികം പ്രസാദ പാക്കറ്റുകള്‍ വിറ്റതായും മറ്റാരും ഇത്തരത്തില്‍ പരാതിപ്പെട്ടിട്ടില്ലെന്നും സുജാത വ്യക്തമാക്കി. പ്രസാദം തയ്യാറാക്കുന്ന സ്ഥലങ്ങള്‍ എല്ലായ്‌പ്പോഴും നിരീക്ഷണത്തിലാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha



























