രാജിവയ്ക്കാന്‍ കൂട്ടാക്കാതെ മദ്ധ്യപ്രദേശ് ഗവര്‍ണര്‍

രാജിവെക്കാന്‍ സൗകര്യമില്ലെന്ന നിലപാടുമായി മധ്യപ്രദേശ് ഗവര്‍ണര്‍ മുന്നോട്ട്. നിയമനത്തട്ടിപ്പ് കേസില്‍ പ്രതിയായിട്ടും രാജിവയ്ക്കാന്‍ കൂട്ടാക്കാതെ കസേര സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് മദ്ധ്യപ്രദേശ് ഗവര്‍ണര്‍ രാം നരേഷ് യാദവ്. പ്രത്യേക ദൗത്യസംഘം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അദ്ദേഹത്തോട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, രാജി ഒഴിവാക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി ഇവിടെ എത്തിയ അദ്ദേഹം രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ കാണാനുള്ള ശ്രമത്തിലാണ്.
വനം വകുപ്പില്‍ അഞ്ച് പേരെ ഗാര്‍ഡുമാരായി നിയമിക്കാന്‍ അദ്ദേഹം മദ്ധ്യപ്രദേശ് നിയമന ബോര്‍ഡില്‍ അവിഹിതസ്വാധീനം ചെലുത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് തട്ടിപ്പിനും അഴിമതി നിരോധന നിയമ പ്രകാരവുമാണ് കേസ്. മദ്ധ്യപ്രദേശ് ഹൈക്കോടതിയുടെ അനുമതിയോടെയാണ് യാദവിനെതിരെ പ്രത്യേക ദൗത്യസംഘം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം. രാജിവച്ചാല്‍ അറസ്റ്റ് ചെയ്യപ്പെടുമോയെന്ന ഭയം യാദവിനുണ്ട്. എന്നാല്‍, അറസ്റ്റിന് തത്കാലം സാദ്ധ്യതയില്ലെന്നാണ് നിയമവൃത്തങ്ങള്‍ പറയുന്നത്.
യാദവിന്റെ മകന്‍ ശൈലേഷ് യാദവും നിയമനത്തട്ടിപ്പിന് അന്വേഷണം നേരിടുകയാണ്. അദ്ധ്യാപകരെ നിയമിക്കാന്‍ കോഴ വാങ്ങിയെന്നാണ് ആരോപണം.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടതിനാല്‍ ഉടനടി സ്ഥാനമൊഴിയുമെന്ന് പ്രതീക്ഷിച്ച് അദ്ദേഹം രാജിവച്ചുവെന്ന് ചില മാദ്ധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിട്ട് ദിവസം രണ്ടായി. കടുത്ത മൗനത്തിലാണ് രാജ്ഭവന്‍ വൃത്തങ്ങള്‍. അദ്ദേഹം ഇന്ന് ഭോപ്പാലിലേക്ക് മടങ്ങിപ്പോകും. സ്ഥാനം ഒഴിയാതിരിക്കാന്‍ അദ്ദേഹം ചിലപ്പോള്‍ നിയമയുദ്ധത്തിന് മുതിര്‍ന്നേക്കുമെന്ന് സൂചനയുണ്ട്. കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കാനാണ് ആലോചന.
രാജിവയ്ക്കാന്‍ കേന്ദ്രം നിര്‍ദ്ദേശിച്ചപ്പോള്‍ അതിന് കൂട്ടാക്കാതെ മിസോറാം ഗവര്‍ണര്‍ അസീസ് ഖുറേഷി കോടതിയെ സമീപിച്ചിരുന്നു. ഭോപ്പാല്‍ സ്വദേശിയായ ഖുറേഷിയുമായി യാദവ് ബന്ധപ്പെട്ടിരുന്നു.
യാദവിന്റെ കേസ് ഖുറേഷിയില്‍ നിന്ന് വ്യത്യസ്തമാണ്. കോണ്‍ഗ്രസുകാരനാണ് യാദവ്. പക്ഷേ, അദ്ദേഹത്തെ സഹായിക്കാന്‍ കഴിയുന്ന അവസ്ഥയിലല്ല പാര്‍ട്ടി ഇപ്പോള്‍. യാദവിന്റെ രാജിക്കായി പ്രക്ഷോഭത്തിന്റെ പാതയിലാണ് മദ്ധ്യപ്രദേശിലെ പാര്‍ട്ടി ഘടകം. പ്രതിഷേധ കോലാഹലം ശമിക്കാത്തതിനാല്‍ സംസ്ഥാന സഭ വ്യാഴാഴ്ച പിരിഞ്ഞിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























