നിർഭയ കേസ് വാദത്തിനിടെ ജസ്റ്റിസ് ആർ. ഭാനുമതി കോടതിയിൽ കുഴഞ്ഞു വീണു; ദയാഹർജി തള്ളിയത് ചോദ്യം ചെയ്ത് പ്രതി വിനയ് കുമാർ ശർമ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി

നിർഭയ കേസ് വാദം കേൾക്കുന്നതിനിടെ ജസ്റ്റിസ് ആർ. ഭാനുമതി കോടതിയിൽ തളർന്നുവീണു. പ്രതികളുടെ വധശിക്ഷ വെവ്വേറെ നടത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കവെയാണ് അവർ ദേഹാസ്വാസ്ഥ്യം ഉണ്ടായി തളർന്നുവീണത്. ഉടൻതന്നെ ചേമ്പറിലേക്കു മാറ്റി . കടുത്ത പനി മൂലം അവർ അവശനിലയിലായിരുന്നുവെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത പിന്നീട് വെളിപ്പെടുത്തി . തുടർന്ന് ചേമ്പറിൽ ഡോക്ടർമാരെത്തി ജസ്റ്റിസ് ആർ. ഭാനുമതിയെ പരിശോധിച്ചു.
അതേസമയം, ദയാഹർജി തള്ളിയത് ചോദ്യം ചെയ്ത് പ്രതി വിനയ് കുമാർ ശർമ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ജയിലിൽ അനുഭവിക്കേണ്ടിവന്ന മാനസിക സ്ഥിരതയില്ലായ്മ ദയാഹർജി തള്ളുന്ന വേളയിൽ രാഷ്ട്രപതി പരിഗണിച്ചില്ലെന്നാണ് വിനയ് കുമാർ ഹർജിയിൽ വാദിച്ചത് . എന്നാൽ കേന്ദ്രം ഇതു തള്ളുകയായിരുന്നു . വിനയ് കുമാറിന്റെ മാനസിക നിലയ്ക്ക് യാതൊരു കുഴപ്പവും ഇല്ലെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.
https://www.facebook.com/Malayalivartha