ജീവിതത്തില്‍ മാത്രമല്ല ഉപയോഗിക്കുന്ന ഭാഷയിലും സംസ്‌കാരം പാലിക്കണം; സിഎഎ വിരുദ്ധ സമരക്കാര്‍ക്കെതിരെ വിദ്വേഷ പ്രസ്താവനകള്‍ നടത്തുന്ന ബിജെപി നേതാക്കള്‍ക്കെതിരെ ആര്‍എസ്എസ്

നേതൃത്വം രംഗത്ത്. ജീവിതത്തില്‍ മാത്രമല്ല ഉപയോഗിക്കുന്ന ഭാഷയിലും സംസ്‌കാരം പാലിക്കണമെന്ന് മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബളെ വ്യക്തമാക്കി. ബിജെപി നേതാക്കളായ കപില്‍ മിശ്ര, അനുരാഗ് താക്കൂര്‍, പര്‍വേഷ് വെര്‍മ എന്നിവരുടെ പ്രസംഗങ്ങള്‍ വിവാദമായ സാഹചര്യത്തിലാണ് ദത്താത്രേയ ഹൊസെബൊളെയുടെ പരാമര്‍ശം നടത്തിയിരിക്കുന്നത്. അതേസമയം ആരെയും പേരെടുത്ത് പറഞ്ഞ് വിമര്‍ശിക്കാന്‍ അദ്ദേഹം തയ്യാറായില്ല. ഡല്‍ഹിയില്‍ സംഘടിപ്പിച്ച അയോധ്യാ പര്‍വ് എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശീരാമനെ മര്യാദാ പുരുഷോത്തമന്‍ ആയാണ് എല്ലാവരും വിശേഷിപ്പിക്കുന്നത്. സംസാരത്തില്‍ പോലും എളിമയും വിനയവും പ്രകടിപ്പിച്ചതുകൊണ്ടാണ് അദ്ദേഹത്തെ അങ്ങനെ വിളിക്കുന്നത്. അതിനാല്‍ സാമൂഹികവും രാഷ്ട്രീയവുമായ ജീവിതത്തില്‍ സംസാരത്തില്‍ മര്യാദ പ്രകടിപ്പിക്കണമെന്ന് ദത്താത്രേയ ഹൊസബളെ ആവശ്യപ്പെട്ടു.
സാമൂഹ്യ ജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും മര്യാദ പ്രകടിപ്പിക്കണം. അതാണ് ശ്രീരാമന്‍ നല്‍കുന്ന സന്ദേശമെന്നും ഹൊസബൊളെ പറഞ്ഞു. ഈ സന്ദേശം ഇന്ന് പ്രസക്തമാണ്. മനസില്‍ തോന്നുന്നതെന്തും വിളിച്ചുപറയുന്നതിനേക്കാള്‍ സ്വന്തം വാക്കുകള്‍ സൂക്ഷിച്ചുപയോഗിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് അദേഹം പറഞ്ഞു. അതേസമയം ബിജെപി നേതൃത്ത്വവും കപിള്‍ മിശ്രയെ വിമര്‍ശിച്ചു എന്നാണ് വിവരം ലഭിക്കുന്നത്. ഇതേതുടര്‍ന്ന് കപില്‍ മിശ്രതനിനെ സമാധാന റാലിയുമായി ജന്തര്‍ മന്തറില്‍ എത്തിയിരുന്നു. ഡല്‍ഹി സമാധാന കൂട്ടായ്മ എന്ന പേരിലുള്ള ഒരു എന്‍ ജി ഓ സംഘടിപ്പിച്ച സമാധാന റാലിയിലാണ് കപില്‍ മിശ്ര പങ്കെടുത്തത്. നൂറോളം പേര്‍ ദേശീയ പതാക ഉയര്‍ത്തിപ്പിടിച്ച് റാലിയില്‍ പങ്കെടുത്തു എന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഭാരത് മാതാ കീ ജയ്, ജയ് ശ്രീറാം തുടങ്ങിയ മുദ്രാവാക്യങ്ങളാണ് റാലിയില്‍ ഉയര്‍ന്നു കേട്ടത്. വേദിയില്‍ കയറുകയോ പ്രഭാഷണം നടത്തുകയോ ചെയ്യാതെ ജനങ്ങള്‍ക്കൊപ്പം സദസ്സില്‍ ഇരുന്നാണ് കപില്‍ മിശ്ര റാലിക്ക് ശേഷമുള്ള സമ്മേളനത്തിന്റെ ഭാഗമായത്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനും കപില്‍ മിശ്ര തയ്യാറായില്ല. ജന്തര്‍ മന്തറില്‍ നടക്കുന്ന സമാധാന റാലിയില്‍ പങ്കെടുക്കണമെന്ന് മിശ്ര രാവിലെ ട്വീറ്റ് ചെയ്തിരുന്നു.ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രസംഗങ്ങളില്‍ കപില്‍ മിശ്രക്കൊപ്പം ബിജെപി നേതാക്കളായ അനുരാഗ് ഠാക്കൂര്‍, പര്‍വേഷ് വര്‍മ്മ, അഭയ് വര്‍മ്മ എന്നിവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ഇന്നലെ ഡല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
പൗരത്വ ഭേദഗതി നിയമത്തിന് എതിരെ സമരം ചെയ്യുന്നവരെ മാറ്റിയില്ലെങ്കില്‍ ബാക്കി ഞങ്ങള്‍ നോക്കും എന്ന കപില്‍ മിശ്രയുടെ പരാമര്‍ശത്തെ തുടര്‍ന്നാണ് ഡല്‍ഹിയില്‍ സമാധാനപരമായി നടന്നിരുന്ന പ്രതിഷേധം രക്തച്ചൊരിച്ചിലേക്ക് മാറിയത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പോകുന്നത് വരെ സമാധാനം പാലിക്കുമെന്ന് അത് കഴിഞ്ഞാല്‍ പൊലീസ് പറയുന്നത് കേള്‍ക്കാന്‍ തങ്ങള്‍ തയ്യാറാവില്ലെന്നും മിശ്ര പ്രസംഗത്തില്‍ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha