ദില്ലി കലാപം: പാർലമെന്‍റ് ഇന്ന് പ്രക്ഷുബ്ധമാകും; അമിത് ഷായുടെ രാജി ആവശ്യപ്പെടാനൊരുങ്ങി കോൺഗ്രസ്; തലസ്ഥാനത്ത് ജാഗ്രത തുടരുന്നു ; പ്രധാനമന്ത്രിയുടെ പ്രസ്താവന ആവശ്യപ്പെടുമെന്നും നേതാക്കൾ; മാറ്റി വെച്ചിരുന്ന സിബിഎസ്ഇ പരീക്ഷകൾ ഇന്ന് പുനരാരംഭിക്കും; വടക്കു കിഴക്കൻ മേഖലയിലെ ദുരിതബാധിതർക്കുള്ള ധനസഹായ വിതരണം ഇന്നും തുടരും

ഡൽഹിയിൽ നടമാടിയ കലാപത്തെ കുറിച്ചുള്ള വാദ പ്രതിവാദങ്ങൾ കൊടുമ്പിരികൊള്ളവേ ഇന്ന് പാർലമെന്റിൽ എന്തൊക്കെ സംഭവങ്ങളാകും അരങ്ങേറുക എന്ന ആകാംക്ഷയിലാണ് ജനാധിപത്യ ഇന്ത്യ. കലാപത്തെ ചൊല്ലിയുള്ള പ്രതിപക്ഷ ബഹളത്തിൽ പാർലമെന്‍റ് ഇന്ന് പ്രക്ഷുബ്ധമാകാനാണ് സാധ്യത. . ആഭ്യന്തരമന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെടാനാണ് കോൺഗ്രസ് തീരുമാനം. ഇരുസഭകളിലും നോട്ടീസ് നല്‍കാന്‍ പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്. ലോക്സഭയിൽ കൊടിക്കുന്നിൽ സുരേഷ്, എന്‍ കെ പ്രേമചന്ദ്രൻ തുടങ്ങിയവർ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കും. പ്രധാനമന്ത്രിയുടെ പ്രസ്താവന ആവശ്യപ്പെടുമെന്നും നേതാക്കൾ പറഞ്ഞു. ഇന്നു തുടങ്ങുന്ന ബജറ്റ് സമ്മേളനത്തിൻറെ രണ്ടാം ഘട്ടം അടുത്ത മാസം മൂന്നു വരെ നീണ്ടു നില്ക്കും.
അതേസമയം വടക്കു കിഴക്കൻ ദില്ലിയിലെ കലാപബാധിത പ്രദേശങ്ങളിൽ ജാഗ്രത തുടരുകയാണ്. കലാപത്തെ തുടർന്ന് മാറ്റി വെച്ചിരുന്ന 10, 12 ക്ലാസ്സ് സിബിഎസ്ഇ പരീക്ഷകൾ ഇന്ന് പുനരാരംഭിക്കും. ഇന്നലെ രാത്രി തിലക് നഗർ, രജൗരി ഗാർഡൻ മേഖലകളിൽ സംഘർഷം ഉണ്ടായതായി അഭ്യുഹങ്ങൾ പരന്നിരുന്നു. ചൂതാട്ട സംഘത്തെ ലക്ഷ്യമിട്ട് പോലീസ് നടത്തിയ റെയ്ഡ് കളും തുടർന്ന് സമീപത്തെ ആറു മെട്രോ സ്റ്റേഷൻ കളും അടച്ചതാണ് പരിഭ്രാന്തി പരത്തിയത്. പൊലീസ് വിശദികരണവുമായി രംഗത്തു എത്തിയതോടെ ആശങ്ക അകന്നു.
അതേസമയം വടക്കു കിഴക്കൻ മേഖലയിലെ ദുരിതബാധിതർക്കുള്ള ധനസഹായ വിതരണം ഇന്നും തുടരും. ആദ്യ ഘട്ടം അപേക്ഷ ലഭിച്ച 69 പേർക്ക് നൽകി തുടങ്ങിയെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. കലാപബാധിത മേഖലകളിൽ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റുമാർ നേരിട്ടെത്തി നാശനഷ്ടങ്ങൾ വിലയിരുത്തും. 45 പേരാണ് ഇതുവരെ കലാപത്തിൽ മരിച്ചത്. 254 കേസ് കളിലായി 903 പേർ അറസ്റ്റിലായിട്ടുണ്ട്.
അതിനിടെ രാജ്യതലസ്ഥാനത്ത് എവിടെയും നിലവില്‍ സംഘര്‍ഷാവസ്ഥയില്ലെന്ന് വ്യക്തമാക്കി ഡല്‍ഹി പോലീസ്. തെക്കു കിഴക്കന്‍ ഡല്‍ഹിയും പടിഞ്ഞാറന്‍ ഡല്‍ഹിയുമടക്കം എവിടെയും അക്രമ സംഭവങ്ങളില്ല. സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന തെറ്റായ വിവരങ്ങള്‍ ജനം തള്ളിക്കളയണമെന്നും പോലീസ് അഭ്യര്‍ഥിച്ചു. ഞായറാഴ്ച വൈകീട്ടോടെ ചില സ്ഥലങ്ങളില്‍ അക്രമ സംഭവങ്ങള്‍ അരങ്ങേറിയെന്ന അഭ്യൂഹം പ്രചരിച്ചതിന് പിന്നാലെയാണ് വിശദീകരണവുമായി പോലീസ് രംഗത്തെത്തിയിട്ടുള്ളത്.
തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന സമൂഹ മാധ്യമ അക്കൗണ്ടുകള്‍ നിരീക്ഷണത്തിലാണെന്നും ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. രാജ്യതലസ്ഥാനത്തെ സ്ഥിതിഗതികള്‍ ശാന്തമാണ്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. പലരും ആശങ്കയോടെ പോലീസിനെ വിളിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ അക്രമം സംബന്ധിച്ച തെറ്റായ വിവരങ്ങള്‍ വിശ്വസിക്കരുതെന്നാണ് ജനങ്ങളോട് പറയാനുള്ളതെന്ന് ഡല്‍ഹി പോലീസ് പിആര്‍ഒ എംഎസ് രണ്‍ധാവ അറിയിച്ചു.
https://www.facebook.com/Malayalivartha