കണ്ണീരുണങ്ങാതെ ഡൽഹി തെരുവുകൾ ; അഴുക്കുചാലിൽ നിന്ന് മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെത്തി; മരണ്യസംഖ്യ 45; ഡൽഹിയിൽ വീണ്ടും സംഘർഷമെന്ന് റിപ്പോർട്ട് അഭ്യൂഹം മാത്രമെന്നും വിശ്വസിക്കരുതെന്നും പൊലീസ്; കത്തിക്കരിഞ്ഞ വീടുകളുടെയും കെട്ടിടങ്ങളുടെയും അടിയിൽ മൃതദേഹങ്ങളുണ്ടാകാമെന്ന് നാട്ടുകാർ; ശ്മശാന സമാനമായി ഡൽഹി

ഡൽഹി തെരുവിൽ അങ്ങിങ്ങായി കത്തിയെരിഞ്ഞ കടകളും വീടുകളും...ആ അവശിഷ്ടങ്ങൾക്കിടയിൽ എന്തെങ്കിലും ബാക്കിയുണ്ടോയെന്ന് തിരയുന്ന കുറെ മനുഷ്യർ. ഡൽഹി തെരുവുകളിലെ ഇപ്പോൾ അവശേഷിക്കുന്ന കാഴ്ചകൾ ഇവയാണ് . നിരവധിപ്പേരെ കാണാതായി.പരിക്കുകൾ സമ്മാനിച്ച വേദനയും കലാപം സമ്മാനിച്ച ഭീതിയും പേറി കുറെ ജീവിതങ്ങൾ.പലയിടത്തും മൃതദേഹങ്ങൾ കണ്ടെത്തിയതായുള്ള വാർത്തകൾ ,.ഇപ്പോഴത്തെ ഡൽഹി ഇങ്ങനെയാണ് .
ഡൽഹിയിലെ കലാപ ബാധിത പ്രദേശങ്ങളിൽ നിന്ന് മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെത്തിയാതായി വാർത്തകൾ വരുന്നു . ദയാൽപുരി പൊലീസ് സ്‌റ്റേഷനടുത്തുള്ള അഴുക്കുചാലിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. തിരിച്ചറിഞ്ഞിട്ടില്ലാത്ത മൃതദേഹങ്ങൾ ആർ.എം.എൽ ആശുുപത്രിയിലേക്ക് മാറ്റി..ഡൽഹിയിലെ ഗോകൽപുരിയിലെ ഈസ്റ്റേൺ യമുന കനാലിൽ നിന്നാണ് മൃതദേങ്ങൾ കിട്ടിയതായി അറിയാൻ കഴിയുന്നത്. ഇതോടെ കൊല്ലപ്പെട്ടവരുടെ എണ്ണം 45 ആയി ഉയർന്നു. ഇവർ കലാപത്തിൽ കൊല്ലപ്പെട്ടവരാണോയെന്നത് ഇപ്പോഴും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
ഈസ്റ്റേൺ യമുനാ കനാൽ ഒഴുകുന്നത് കലാപം നടന്ന മേഖലകളിലൂടെയാണ്. ജാഫ്രാബാദ്, യമുനാവിഹാർ, ചാന്ദ് ബാഗ് എന്നിവിടങ്ങളിലൂടെയാണ് ഈ കനാലിന്റെ ഒഴുക്ക്. ഇക്കാരണത്താൽ തന്നെ ഇവിടങ്ങളിൽ നടന്ന കലാപത്തിനിടെ കൊല്ലപ്പെട്ടവരാകാനുള്ള സാധ്യത കൂടുതലാണ്. മൃതദേഹങ്ങൾ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
നേരത്തെ ഐ.ബി ഉദ്യോഗസ്ഥനായ അങ്കിത് ശർമയുടെ മൃതദേഹവും ചന്ദ്ബാഗിലെ അഴുക്കുചാലിൽ നിന്ന് കണ്ടെത്തിയിരുന്നു.യമുനാ കനാലിൽ നിന്ന് നേരത്തെയും മൃതദേഹങ്ങള്‍ കിട്ടിയിരുന്നു. കനാലിൽ നിന്ന് ഇതുവരെ അഞ്ച് മൃതദേഹങ്ങൾ കിട്ടിയതായാണ് വിവരം. അതേസമയം കലാപത്തിന് ശേഷം വടക്കുകിഴക്കൻ ഡൽഹി സാധാരണ നിലയിലേക്ക് മടങ്ങിക്കൊണ്ടിരിക്കുകയാണ്.
ആശുപത്രികളിൽ 250ഓളം പേർ ഇപ്പോഴും ചികിത്സയിലുണ്ട്. ഇവരിൽ പലരുടെയും നില അതീവഗുരുതരമാണ്. മരണസംഖ്യ ഇനിയും കൂടാനുള്ള സാധ്യതയുണ്ട്. കൂടാതെ കണ്ടെടുക്കാത്ത മൃതദേഹങ്ങളുടെ എണ്ണവും കൂടാനിടയുണ്ടെന്ന് സംശയിക്കപ്പെടുന്നു. കത്തിക്കരിഞ്ഞ വീടുകളുടെയും കെട്ടിടങ്ങളുടെയും അടിയിൽ മൃതദേഹങ്ങളുണ്ടാകാമെന്നാണ് നാട്ടുകാരുടെ സംശയം. നിരവധി പേർക്കാണ് ഒറ്റ ദിവസം കൊണ്ട് വർഷങ്ങളായി ജീവിച്ചുവന്ന വീടും സ്ഥലവും വിട്ട്, മാറാൻ വസ്ത്രങ്ങൾ പോലുമില്ലാതെ പലായനം ചെയ്യേണ്ടി വന്നത്
ഇതിനിടെ ഡൽഹി സംസ്ഥാന സര്‍ക്കാർ എട്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു പ്രവർത്തിപ്പിച്ചു തുടങ്ങി. ഒരു ക്യാമ്പില്‍ 42 കുടുംബങ്ങൾ എന്ന കണക്കിലാണ് താമസിപ്പിച്ചിരിക്കുന്നത്. നഷ്ടപരിഹാരത്തുക വിതരണം ചെയ്യുന്നത് അതിവേഗതയിലാക്കാൻ സംസ്ഥാന സർക്കാർ പദ്ധതിയിട്ടിട്ടുണ്ട്.
കടകമ്പോളങ്ങൾ ചെറിയ രീതിയിൽ പ്രവർത്തിച്ചുതുടങ്ങി.കലാപത്തിനിരകളായവർക്കായി കൂടുതൽ പുനരധിവാസ കേന്ദ്രങ്ങൾ ഇന്ന് തുറക്കും. മുടങ്ങിയ പരീക്ഷകൾ നാളെ മുതൽ ആരംഭിക്കും. വീടുകൾ ഉപേക്ഷിച്ച് പോയവരെ തിരികെകൊണ്ടുവരാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്.അതിനിടെ
തെക്കുകിഴക്കൻ ഡൽഹിയിലും പടിഞ്ഞാറൻ ഡൽഹിയിലും ഞായറാഴ്ച വീണ്ടും അക്രമസംഭവങ്ങൾ ഉണ്ടായെന്ന റിപ്പോർട്ട് തള്ളി ഡൽഹി പൊലീസ് രംഗത്തെത്തി . സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ വിശ്വസിക്കരുതെന്നു പൊലീസ് ഔദ്യോഗിക ട്വിറ്റർ പേജിൽ കുറിച്ചു. ഞായറാഴ്ച വൈകിട്ടാണ് ഡൽഹിയിലെ വിവിധ ഭാഗങ്ങളിൽ അക്രമങ്ങൾ അരങ്ങേറുന്നതായി വാർത്ത പ്രചരിച്ചത്.
തെക്കുകിഴക്കൻ ഡൽഹിയിലും പടിഞ്ഞാറൻ ഡൽഹിയിലും സംഘർഷാവസ്ഥ നിലനിൽക്കുന്നതായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതെല്ലാം കിംവദന്തികളാണ്. ഇത്തരം അഭ്യൂഹങ്ങൾക്കു ചെവികൊടുക്കരുത്. വ്യാജ പ്രചാരണങ്ങൾ നടത്തുന്നവരെ പൊലീസ് നിരീക്ഷിക്കുകയും കർശനമായ നടപടികൾ സ്വീകരിക്കുകയും ചെയ്യും.’ – ഡൽഹി പൊലീസ് ട്വിറ്ററിൽ കുറിച്ചു.
വീണ്ടും സംഘർഷം ആരംഭിച്ചെന്ന വാർത്തയ്ക്കു പിന്നാലെ ഡൽഹി മെട്രോ തിലക് നഗർ, നങ്‌ലോയി, സൂർജ്‌മൽ സ്റ്റേഡിയം, ബദർപുർ, തുഗ്ലകാബാദ്, ഉത്തം നഗർ വെസ്റ്റ്, നവാഡ സ്റ്റേഷനുകളിലേക്കുള്ള പ്രവേശനം വിലക്കിയിരുന്നെങ്കിലും പിന്നീട് പുനഃരാരംഭിച്ചു. പൗരത്വനിയമ പ്രശ്നവുമായി ബന്ധപ്പെട്ട് ഡൽഹിയിലെ വിവിധ ഇടങ്ങളിൽ കഴിഞ്ഞ ഞായറാഴ്ചയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. സംഭവത്തിൽ ഇതുവരെ 46 പേർ മരിച്ചു. മുന്നൂറിലേറേ പേർക്ക് പരുക്കേറ്റു.
https://www.facebook.com/Malayalivartha