ഡല്‍ഹിയിലെ കലാപത്തില്‍ അക്രമികള്‍ ബിജെപി നേതാവിന്റെ വീടും അഗ്‌നിക്കിരയാക്കി; ബിജെപി ന്യൂനപക്ഷ സെല്ലിന്റെ വടക്കുകിഴക്കന്‍ ജില്ലാ ഉപാധ്യക്ഷന്‍ അക്തര്‍ റാസയുടെ വീടാണ് കലാപകാരികള്‍ കത്തിച്ചത്; അക്തറിന്റെ രണ്ട് ബന്ധുവീടുകളും അക്രമികള്‍ നശിപ്പിച്ചിട്ടുണ്ട്

സംഭവ ദിവസം രാത്രി ഏഴ് മണിയോടെ മുദ്രാവാക്യം മുഴക്കിയെത്തിയ കലാപകാരികള്‍ വീടിന് നേര്‍ക്ക് കല്ലെറിയുകയായിരുന്നു. സഹായത്തിനായി പൊലീസിനെ വിളിച്ചെങ്കിലും അവിടുന്ന് രക്ഷപ്പെടാനായിരുന്നു നിര്‍ദേശം. അക്തറിന്റെ വീടിനടുത്തുള്ള 19 മുസ്ലീം കുടുംബങ്ങളുടെ വീടുകളും കലാപകാരികള്‍ തകര്‍ത്തിട്ടുണ്ട്. ആറ് മോട്ടോര്‍ സൈക്കിളുകളും വീട്ടിലെ എല്ലാ സാധനങ്ങളും അവര്‍ നശിപ്പിച്ചെന്നും അക്തര്‍ ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷമായി ബിജെപിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നയാളാണ് അക്തര്‍.വടക്ക് കിഴക്കന്‍ ദില്ലിയില്‍ ഉണ്ടായ കലാപത്തില്‍ ബിജെപി ന്യൂനപക്ഷ സെല്‍ വൈസ് പ്രസിഡന്‍റ് ആയ അക്തര്‍ റാസയുടെ വീടും അക്രമികള്‍ കത്തിച്ചിരുന്നു. സഹായം അഭ്യര്‍ത്ഥിച്ചിട്ട് പോലും പോലീസ് സഹായിക്കാന്‍ തയ്യാറായില്ലെന്നാണ് അക്തര്‍ റാസ പറഞ്ഞത്. കലാപത്തിന് ശേഷം തന്നെ ആശ്വസിപ്പിക്കാന്‍ ഒരു ബിജെപി നേതാവ് പോലും ബന്ധപ്പെട്ടിട്ടില്ലെന്ന് റാസ ആരോപിച്ചിരുന്നു.
തന്റെ തെരുവിൽ 19 മുസ്ലിം വീടുകളുണ്ടായിരുന്നുവെന്നും എല്ലാം തിരഞ്ഞുപിടിച്ച് തീകൊളുത്തപ്പെട്ടുവെന്ന് രാജ്യത്തോട് തുറന്നു പറയുകയാണ് അക്തർ റാസ. വന്നത് പുറത്തു നിന്നുള്ള അക്രമികൾ. അവരെ സഹായിച്ചത് അക്തർ റാസയുടെ സഹപ്രവർത്തകർ. മുസ്ലിം സമുദായത്തിൽപ്പെട്ടവരുടെ വീടുകൾ ചാപ്പകുത്തിക്കൊടുക്കുമ്പോൾ അവർ റാസയുടെ വീട് ഒഴിവാക്കിയില്ല. 42 പേരുടെ ജീവനെടുത്ത ഡല്‍ഹി കലാപത്തില്‍ 148 എഫ്.ഐ.ആറുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത് . വിവിധ കേസുകളിലായി 630 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. കേസുകളുടെ അന്വേഷണം ഡല്‍ഹി പോലീസ് ക്രൈം ബ്രാഞ്ചിന് കൈമാറി. ഇനി രണ്ട് പ്രത്യേക അന്വേഷണ സംഘമാകും കേസ് അന്വേഷിക്കുക.
ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ടീമുകളെ വിളിച്ചിട്ടുണ്ടെന്നും കുറ്റകൃത്യങ്ങള്‍ പുനരവലോകനം ചെയ്യുകയാണെന്നും പോലീസ് വക്താവ് മന്ദീപ് സിംഗ് രന്ധവ പറഞ്ഞു. മൊത്തം കേസുകളില്‍ 25 എണ്ണം സായുധ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തവയാണെന്നും പോലീസ് പറഞ്ഞു.അതിനിടെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട് വിദ്വേഷപ്രസംഗം നടത്തിയെന്ന് ആരോപണവിധേയരായ ബി.ജെ.പി. നേതാക്കൾക്കെതിരേ കേസെടുക്കണമെന്ന ഹർജി ബുധനാഴ്ച കേൾക്കാമെന്ന് സുപ്രീംകോടതി പറഞ്ഞു..
ബി.ജെ.പി. നേതാക്കളായ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ, പർവേഷ് വർമ എം.പി., കപിൽ മിശ്ര, അഭയ് വർമ എന്നിവർക്കെതിരേ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് കലാപത്തിൽ മരിച്ച പത്തുപേരുടെ കുടുംബാംഗങ്ങൾ നൽകിയ പരാതിയാണ് പരിഗണിക്കുക. കോടതി വല്ലാത്ത സമ്മർദത്തിലാണെന്നും ഇത്തരം പ്രശ്നങ്ങൾ തടയാൻ തങ്ങൾക്കാവില്ലെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ വാക്കാൽ നിരീക്ഷിച്ചു.
ഹർജി അടിയന്തരമായി കേൾക്കണമെന്ന് മുതിർന്ന അഭിഭാഷകൻ കോളിൻ ഗോൺസാൽവസ് ആവശ്യപ്പെട്ടപ്പോഴായിരുന്നു ബെഞ്ചിന്റെ പ്രതികരണം. സംഭവങ്ങൾ തടയാനുള്ള ശേഷി കോടതിക്കില്ല. തങ്ങളും പത്രമാധ്യമങ്ങൾ കാണുന്നുണ്ട്. കോടതിയാണ് ഇതിനെല്ലാം ഉത്തരവാദിയെന്നനിലയ്ക്കാണ് ചില റിപ്പോർട്ടുകളെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
ജനങ്ങൾ മരിക്കണമെന്ന് പറയുന്നില്ല. സമാധാനമുണ്ടാകണമെന്നാണ് ആഗ്രഹം. എന്നാൽ, കോടതിക്ക് പരിമിതികളുണ്ടെന്നും ബെഞ്ച് പറഞ്ഞു. എന്നാൽ, സ്ഥിതി കൂടുതൽ വഷളാകുന്നത് തടയാൻ കോടതിക്കാകുമെന്ന് ഗോൺസാൽവസ് ചൂണ്ടിക്കാട്ടി. ഹൈക്കോടതി കേസ് പരിഗണിക്കുന്നത് ആറാഴ്ചത്തേക്ക് മാറ്റിവെച്ചത് നിർഭാഗ്യകരമാണ്. ഹർജി ചൊവ്വാഴ്ചതന്നെ പരിഗണിച്ചുകൂടേയെന്ന് ഗോൺസാൽവസ് ആവർത്തിച്ച് ചോദിച്ചെങ്കിലും ബുധനാഴ്ച കേൾക്കാമെന്ന് ബെഞ്ച് വ്യക്തമാക്കി.
ഡൽഹി കലാപം പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി.) അന്വേഷിക്കണമെന്നും വിശ്വാസ്യതയുള്ള ഉദ്യോഗസ്ഥൻ മേൽനോട്ടം വഹിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥനായ അങ്കിത് ശർമ കൊല്ലപ്പെട്ട സംഭവത്തിൽ എസ്.ഐ.ടി. അന്വേഷണം ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തക യോഗിത ഭയാനയും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. കലാപം തടയുന്നതിൽ വീഴ്ചവരുത്തിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരേ നടപടിവേണമെന്നും അഡ്വ. ഉത്സവ് സിങ് ബെയിൻസ് വഴി സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടു. കലാപസ്ഥലങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങൾ സൂക്ഷിക്കണമെന്നും കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് മാന്യമായ നഷ്ടപരിഹാരം നൽകണമെന്നുമാവശ്യപ്പെട്ട് മറ്റൊരു ഹർജിയും സുപ്രീംകോടതിയിലുണ്ട്.
https://www.facebook.com/Malayalivartha