മോദിക്ക് പിന്തുണയുമായി വിദേശ നയതന്ത്ര കാര്യാലയങ്ങള്‍; വിദേശ എംബസികളും പങ്കാളികളാകും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീപം തെളിക്കല്‍ ആഹ്വാനത്തിനു പിന്തുണയുമായി വിദേശ നയതന്ത്ര കാര്യാലയങ്ങള്‍. ദക്ഷിണേഷ്യന്‍ മേഖലയില്‍ അഫ്ഗാനിസ്താന്‍, നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ലാദേശ്, മാലദ്വീപ് സ്ഥാനപതിമാര്‍ ദീപം തെളിയിക്കലില്‍ പങ്കാളികളാകുമെന്ന് അറിയിച്ചു.
കൊറോണ വൈറസ് പകര്‍ച്ചവ്യാധിക്കെതിരായ പോരാട്ടത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തെ പിന്തുണച്ച് രാത്രി 9 മണിക്ക് ലൈറ്റുകള്‍ ഓഫ് ചെയ്യുകയും മെഴുകുതിരി കത്തിക്കുകയും ചെയ്യുമെന്ന് അഫ്ഗാന്‍ സ്ഥാനപതി താഹിര്‍ ഖാദിരി പറഞ്ഞു. സാമൂഹിക അകലം പാലിക്കാനും ശരിയായ മുന്‍കരുതലുകള്‍ സ്വീകരിക്കാനും എല്ലാവര്‍ക്കും പ്രതിജ്ഞയെടുക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവിഡിനെതിരായ പോരാട്ടത്തില്‍ നേപ്പാളും ഇന്ത്യയും പൂര്‍ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്ന് നേപ്പാള്‍ സ്ഥാനപതി പറഞ്ഞു. ബംഗ്ലാദേശ് സ്ഥാനപതിയും സമാന മനോഭാവമാണ് പങ്കുവെച്ചത്.
ദക്ഷിണേഷ്യക്ക് പുറത്ത് വിയറ്റ്‌നാം, ജപ്പാന്‍, ഓസ്ട്രേലിയ, ഇസ്രായേല്‍, ജര്‍മ്മനി, ടുണീഷ്യ, മെക്‌സിക്കോ, പോളണ്ട് എന്നിവിടങ്ങളില്‍ നിന്നുള്ള സ്ഥാനപതികളും പ്രധാനമന്ത്രിയുടെ ആഹ്വാനത്തില്‍ പങ്കുചേരുമെന്ന് അറിയിച്ചിട്ടുണ്ട്. ബ്രിട്ടീഷ് ആക്ടിംഗ് ഹൈക്കമ്മീഷണര്‍ ജാന്‍ തോംസണും പ്രധാനമന്ത്രിയുടെ ആഹ്വാനത്തില്‍ പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ചു.
കൊവിഡ് പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തോട് ആഹ്വാനം ചെയ്ത ദീപം തെളിക്കല്‍ ഇന്നാണ്. രാത്രി 9 മണിക്ക് 9 മിനിട്ട് ലൈറ്റുകളെല്ലാം അണച്ച് ദീപം തെളിക്കാന്‍ മറക്കരുതെന്ന് പ്രധാനമന്ത്രി വീണ്ടും ഓര്‍മ്മിപ്പിച്ചിരുന്നു. ഒമ്ബത് മണിക്ക് ഒമ്ബത് മിനിട്ട് മറക്കരുതെന്ന് പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരും ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. രാത്രി 9മണിക്ക് എല്ലാവരും വീടുകളിലെ വെളിച്ചം അണയ്‌ക്കണം. വാതിലിന് മുന്നിലോ ബാല്‍ക്കണിയിലോ നിന്ന് ചെരാതുകള്‍, മെഴുകുതിരി, ടോര്‍ച്ച്, മൊബൈല്‍ ഫോണ്‍ ലൈറ്റ് തുടങ്ങിയവ 9 മിനിട്ട് പ്രകാശിപ്പിക്കുക. ആ വെളിച്ചത്തില്‍ 130 കോടി ഇന്ത്യക്കാര്‍ നിശ്‌ചദാര്‍ഢ്യത്താല്‍ ബന്ധിതമാകുന്നു. ദീപം കൊളുത്താന്‍ ആരും കൂട്ടം കൂടരുത്. റോഡിലും തെരുവിലും ഇറങ്ങരുത്. സമൂഹ അകലം എന്ന ലക്ഷ്‌മണ രേഖ കടക്കരുത്. കൊറോണയെ ചെറുക്കാനുള്ള ഏറ്റവുംവലിയ വഴിയാണ് സമൂഹ അകലം പാലിക്കല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha