രവിശങ്കറും അമൃതാനന്ദമയിയും ജഗ്ഗി വാസുദേവും പോള്‍ ദിനകരനും ജോണ്‍ വെസ്ലിയും മതസമ്മേളനങ്ങള്‍ നടത്താറുണ്ട്. തബ്‌ലീഗ് ജമാഅത്തിനോട് മാത്രം വിവേചനം കാണിക്കുന്നത് അംഗീകരിക്കാനാകില്ല.

മാര്‍ച്ച് മാസമാദ്യം ഡല്‍ഹി നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത രണ്ടായിരത്തോളം പേര്‍ പിന്നീട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിച്ചേര്‍ന്നിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ കൊറോണ ബാധിതരുടെ എണ്ണം വര്‍ധിച്ചതിന് ഇതും ഒരു കാരണമായിട്ടുണ്ട എന്ന വിലയിരുത്തലുകളുണ്ട്. സമ്മേളനത്തില്‍ പങ്കെടുത്ത പത്തിലധികം പേര്‍ കൊറോണ ബാധിതരായി മരിച്ചതിനെ തുടര്‍ന്നും സമ്മേളനവുമായി സമ്പര്‍ക്കം പുലര്‍ത്തിയ നൂറ് കണക്കിനാളുകള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെയും തബ്ലീഗ് സമ്മേളനം നടന്ന നിസാമുദ്ദീനിലെ മര്‍ക്കസ് കൊറോണ ഹോട്ടസ്‌പോട്ട് ആയി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍, രാജ്യത്ത് കൊവിഡ്-19 വ്യാപനത്തില്‍ അപ്രതീക്ഷിത വര്‍ധനവ് ഉണ്ടാക്കിയത് തബ് ലീഗ് ജമാഅത്ത് സമ്മേളനമാണെന്ന പ്രചരണത്തെ തള്ളി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗന്‍ മോഹന്‍ റെഡ്ഡി രംഗത്തെത്തി. രോഗത്തിന്റെ പേരില്‍ ഈ വിഭാഗത്തിനെതിരെ വിദ്വേഷ പ്രചരണം നടത്തുന്നതിനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. ലോകം കോവിഡ് 19 മഹാമാരിയുടെ പിടിയില്‍ നില്‍ക്കുമ്പോള്‍ ജാതിയും മതവും വിശ്വാസവും പറഞ്ഞ് വിദ്വേഷമുണ്ടാക്കാതെ ഒരുമിച്ചു നില്‍ക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.
ഏതെങ്കിലും മതവിഭാഗമോ ജാതിയിലുള്ളവരോ സമൂഹ വ്യാപനത്തിന് ബോധപൂര്‍വം ശ്രമിക്കുമെന്ന് വിശ്വസിക്കുന്നില്ല. രവിശങ്കറും അമൃതാനന്ദമയിയും ജഗ്ഗി വാസുദേവും പോള്‍ ദിനകരനും ജോണ്‍ വെസ്ലിയും മതസമ്മേളനങ്ങള്‍ നടത്താറുണ്ട്. തബ്‌ലീഗ് ജമാഅത്തിനോട് മാത്രം വിവേചനം കാണിക്കുന്നത് അംഗീകരിക്കാനാകില്ല. ഇതൊന്നും അവര്‍ ബോധപൂര്‍വ്വം നടത്തിയതല്ലെന്നും ജഗന്‍ മോഹന്‍ റെഡ്ഡി പറഞ്ഞു. വിദേശ രാജ്യങ്ങളില്‍ നിന്നും വന്ന അംഗങ്ങള്‍ പങ്കെടുത്ത മതസമ്മേളനത്തില്‍ നമ്മുടെ സംസ്ഥാനത്തില്‍ നിന്നടക്കം ചിലര്‍ പങ്കെടുത്തു. പുറത്തുനിന്നും വന്നവരില്‍ ചിലര്‍ക്ക് കോവിഡ് വൈറസ് ബാധയുണ്ടായിരുന്നു. അങ്ങനെ അത് ചിലരിലേക്ക് പടര്‍ന്നു. ഇത് മനഃപ്പൂര്‍വ്വമാണെന്ന വിധത്തില്‍ ഒരു പ്രത്യേക മതത്തിന്റെ മേല്‍ കുറ്റംചുമത്തുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകരാജ്യങ്ങള്‍ കോവിഡ് പ്രതിസന്ധിയിലായിരിക്കേ ഇത്തരത്തിലുള്ള വിവേചനം അരുത്. ഡല്‍ഹിയിലേത് നിര്‍ഭാഗ്യകരമായ സംഭവമായേ കാണാന്‍ കഴിയൂ. ഏത് മതസമ്മേളനമായാലും ഇതേ കാര്യങ്ങള്‍ നടക്കുമായിരുന്നു. പ്രധാനമന്ത്രിയുടെ ദീപം തെളിയിക്കല്‍ സംരംഭത്തില്‍ എല്ലാവരും പങ്കെടുക്കണമെന്നും ജഗന്‍ ആഹ്വാനം ചെയ്തു.
നേരത്തെ, കോവിഡ് രോഗവ്യാപനത്തിനിടയില്‍ ആരും വര്‍ഗീയ വിളവെടുപ്പിന് ശ്രമിക്കരുതന്ന് തബ് ലീഗിനെതിരായ പ്രചരണത്തെ വിമര്‍ശിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിയിരുന്നു. തബ്ലീഗ് മതസമ്മേളനത്തില്‍ പങ്കെടുത്ത 60 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇക്കാര്യത്തില്‍ പ്രത്യേക ഭയപ്പാടിന്റെ അടിസ്ഥാനമില്ല. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് പ്രത്യേക ഉദ്ദേശ്യത്തോടെയുള്ള ചില പ്രചരണങ്ങള്‍ നടക്കുന്നതായി കാണുന്നു. തബ് ലീഗ് സമ്മേളനത്തെക്കുറിച്ചും അതില്‍ പങ്കെടുത്തവരെക്കുറിച്ചും അവരുടെ മതത്തെക്കുറിച്ചും അസഹിഷ്ണുതയോടെയുള്ള പ്രചരണം സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി നടക്കുന്നു. ഈ രോഗകാലത്ത് വര്‍ഗീയ വിളവെടുപ്പ് നടത്താന്‍ ആരും തുനിഞ്ഞിറങ്ങേണ്ടതില്ല. കൊറോണ വൈറസ് മതം നോക്കി ബാധിക്കുന്ന ഒന്നല്ല. അതിനാല്‍ നമ്മള്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha