അഭിമുഖീകരിക്കേണ്ടി വരിക വൻ സാമ്പത്തികമാന്ദ്യമെന്നു ഡോ .രഘുറാം രാജൻ ; വേണ്ടത് സമർത്ഥമായ നടപടികളെന്നും അഭിപ്രായം

കോവിഡ് ലോകമാകെ പിടിച്ചുലച്ചുകൊണ്ടിരിക്കുകയാണ്. കാലഘട്ടത്തെ കോവിഡിന് മുൻപും ശേഷവും എന്ന് വിഭജിക്കേണ്ടിവരുന്ന സാഹചര്യമാണ് നിലവിൽ. ലോകം നേരിടേണ്ടി വരിക വൻ സാമ്പത്തിക പ്രതിസന്ധിയായിരിക്കും എന്ന് വിദഗ്ധരും അഭിപ്രായപെടുകയാണ്.
കോവിഡിനു പിന്നാലെ ആഴത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയുടെ നാളുകൾ ആസന്നമാണെന്നു പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(ആർബിഐ) മുൻ ഗവർണറുമായ ഡോ. രഘുറാം രാജൻ പറയുന്നു. . പ്രശ്നങ്ങൾ ഒഴിവാക്കുന്നതിന് ഇപ്പോൾ സ്വീകരിക്കുന്ന നടപടികൾ എത്ര സമർഥമാണെന്നതിനെ ആശ്രയിച്ചിരിക്കും അതിജീവനം. പ്രതിസന്ധിയുടെ ആഴം മുൻകൂട്ടി ബോധ്യപ്പെടുകയാണു ഫലപ്രദമായ നടപടികൾക്ക് ആവശ്യമെന്നും ഒരു പ്രമുഖ ചാനൽ അഭിമുഖത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇറ്റലിയിലും യുഎസിലും മറ്റും കണ്ടത് അനേകായിരങ്ങളുടെ മരണവും അങ്ങനെ പൊതുജനാരോഗ്യ രംഗത്തിന്റെ തകർച്ചയുമാണ്. അതു സാമ്പത്തിക പ്രവർത്തനങ്ങളുടെ സ്തംഭനത്തിലേക്കുവരെ നീണ്ടു. ആ നിലയിലേക്കു സ്ഥിതി വഷളാകാതിരിക്കാൻ ഇന്ത്യയിൽ രോഗവ്യാപനം കാര്യമായി നിയന്ത്രിക്കേണ്ടതുണ്ട്. രോഗബാധിതരുടെയും മരണത്തിന്റെയും എണ്ണത്തിലെ കുറവ് ഇന്ത്യയ്ക്ക് ആശ്വാസത്തിനു വകനൽകുന്നതാണ്. അപായ സൂചനകൾ വേണ്ടത്ര നേരത്തേ ലഭിച്ചതുകൊണ്ടാണ് ഇത്രയെങ്കിലും നിയന്ത്രണ വിധേയമാക്കാൻ നൗമുക്ക് സാധിച്ചത്.. അപായ സൂചനകളെ പൂർണമായി ഉൾക്കൊള്ളുകയാണ് ഇപ്പോൾ ആവശ്യം.
പകർച്ചവ്യാധിയുടെ ബാക്കിയായി ആഴത്തിലുള്ള സാമ്പത്തിക മാന്ദ്യമാണ് അനുഭവപ്പെടാൻ പോകുന്നത്. ഫാക്ടറികൾ അടഞ്ഞുകിടക്കുന്നതിലൂടെ അതിനുള്ള തെളിവുകൾ ഇപ്പോൾത്തന്നെ പ്രകടമാകുന്നുണ്ട്. ഈ വർഷത്തിന്റെ ആദ്യ ത്രൈമാസത്തിൽത്തന്നെ ചൈനയുടെ ആഭ്യന്തര മൊത്ത ഉൽപാദന(ജിഡിപി)ത്തിൽ വാർഷികാടിസ്ഥാനത്തിലുള്ള ഇടിവ് 35 ശതമാനമാണ്. പല ഫാക്ടറികളും വീണ്ടും പ്രവർത്തിക്കാൻ തുടങ്ങിയതോടെ ഉപഭോഗത്തിൽ വർധനയുണ്ട്. എന്നാൽ പല മേഖലകളും പൂർണശേഷി കൈവരിച്ചിട്ടില്ല. സ്റ്റാർബക്സ് റസ്റ്ററന്റുകൾ ഇതിനു ഉദാഹരണമാണ് .. ശേഷിയുടെ പകുതി മാത്രമേ അവയ്ക്കു വിനിയോഗിക്കാനാകുന്നുള്ളൂ.
ജിഡിപിയുടെ പത്തും ഇരുപതും ശതമാനം വരുന്ന ഉത്തേജക പാക്കേജുകൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും യുഎസിലെയും യൂറോപ്പിലെയും സാമ്പത്തിക വളർച്ച നെഗറ്റീവാകുമെന്നാണു സൂചനകൾ. ഇന്ത്യയുടെ വളർച്ചയും ഏതാണ്ടു നെഗറ്റീവാകാം. എന്നാൽ അടുത്ത വർഷത്തോടെ സ്ഥിതി മെച്ചപ്പെടാം. എന്തൊക്കെ ഉത്തേജക നടപടികൾ സ്വീകരിക്കും, എത്ര നാൾ ലോക്ഡൗൺ തുടരും എന്നതിനെയൊക്കെ ആശ്രയിച്ചായിരിക്കും അതെന്നു മാത്രം.
സാമ്പത്തിക മേഖല മെച്ചപ്പെടുന്നതു കുത്തനെയുള്ള കുതിപ്പായിട്ടോ ക്രമേണയുള്ള മുന്നേറ്റമായിട്ടോ എന്നു വ്യക്തമല്ല. വ്യത്യസ്ത വ്യവസായങ്ങൾ വ്യത്യസ്ത തോതിലായിരിക്കും മുന്നേറുക. പൊതുഗതാഗതത്തെ ആശ്രയിക്കുന്നതു രോഗബാധകൾക്കു കാരണമായേക്കാമല്ലോ എന്നു കരുതി കൂടുതൽ ആളുകൾ കാറുകൾ വാങ്ങാൻ തയാറായാൽ വാഹന വ്യവസായം മെച്ചപ്പെടും. അതല്ല ജീവിതത്തോടുള്ള കാഴ്ചപ്പാടിലെ മാറ്റത്തിന്റെ ഭാഗമായി ഉപഭോഗം കുറയ്ക്കാനാണ് അവർ തീരുമാനിക്കുന്നതെങ്കിലോ? എന്തൊക്കെ മാറ്റങ്ങളാണുണ്ടാകുക എന്ന് ആർക്കറിയാം? എന്നും അദ്ദേഹം അഭിപ്രായപെടുന്നു..
രോഗനിർണയത്തിനുള്ള അതിവേഗ സംവിധാനമുണ്ടാകുകയും പൊതുഇടങ്ങൾ സുരക്ഷിതമാണെന്നും വന്നാൽ ജനങ്ങൾ ധൈര്യത്തോടെ പുറത്തുവരും. അത് ഉപഭോഗ വർധനയ്ക്കു സഹായകമാകും.
വ്യവസായങ്ങളിൽ നിലവിലുള്ള പ്രവർത്തന ശൈലികളിൽ മാറ്റം വരാൻ സാധ്യതയുണ്ട്. അതിനു കാരണം വളരെപ്പേർ സാങ്കേതിക ജ്ഞാനം ആർജിച്ചിരിക്കുന്നു എന്നതാണ്. അധ്യാപന രംഗത്തെ മാറ്റം തന്നെ നോക്കുക. ക്ലാസ് മുറികളുടെ സ്ഥാനത്തു വെബ് അധിഷ്ഠിത വിഡിയോ സംവിധാനം. ഈ സംവിധാനം ക്ലാസ് മുറികളുടെ 85% പ്രയോജനം ചെയ്യുന്നുണ്ടെന്നു പറയാം.
സാമ്പത്തിക ഉണർവു ലക്ഷ്യമിട്ടുള്ള ഓരോ രാജ്യത്തെയും ഉത്തേജക പാക്കേജുകൾ താരതമ്യം ചെയ്യുന്നതിൽ അർത്ഥമില്ല . ഇറ്റലി ഒഴികെയുള്ള പാശ്ചാത്യ രാജ്യങ്ങളിലെ സാമ്പത്തിക സ്ഥിതി ഭേദമാണെന്നു പറയാം. അവിടങ്ങളിലെ ബാങ്കുകളുടെ കാര്യംതന്നെ നോക്കുക. അവയ്ക്കു നല്ല രീതിയിൽ മൂലധനമുണ്ട്; കിട്ടാക്കടവും കുറവ്. ഇന്ത്യയിലെ സ്ഥിതി വ്യത്യസ്തമാണ്. ഇവിടെ മുൻഗണനകൾ നിശ്ചയിക്കുകയാണ് ആദ്യം വേണ്ടത്. അനാവശ്യ ചെലവുകളെല്ലാം നിയന്ത്രിക്കുകയും വേണം.എങ്കിൽ മാത്രമേ ഒരു സാമ്പത്തിക അതിജീവനത്തിനു സാധ്യമാകു എന്നാണ് രഘുറാം രാജന്റെ വിലയിരുത്തൽ.
കറന്റ് അക്കൗണ്ട് മിച്ചം ഇന്ത്യയ്ക്ക് അനുകൂല ഘടകമാണ്. വിദേശനാണ്യത്തെ ആശ്രയിക്കേണ്ടാത്ത അവസ്ഥ. എന്നാൽ വിദേശനാണ്യം ഇന്ത്യയിൽനിന്നു പുറത്തേക്കൊഴുകാൻ അനുവദിച്ചുകൂടാ. നിക്ഷേപ കാലാവസ്ഥയ്ക്ക് അനുകൂലമായ നിലപാടുകളും നടപടികളും സ്വീകരിച്ചു കൂടുതൽ വിദേശനാണ്യം ഇന്ത്യയിലെത്തിക്കാനാകണം ശ്രമം. മറ്റു പല വികസ്വര രാഷ്ട്രങ്ങളുടെയും നാണയങ്ങളുമായി താരതമ്യപ്പെടുത്തിയാൽ നമ്മുടെ വിദേശനാണ്യ വിനിമയ നിരക്ക് ഏറെക്കുറെ സുസ്ഥിരമാണ്. യുഎസ് ഡോളറുമായുള്ള വിനിമയത്തിൽ രൂപ അൽപം ദുർബലമായിട്ടുണ്ടാകാം. എന്നാൽ 25% വരെ വിലയിടിവു നേരിട്ട നാണയങ്ങളുണ്ട്.
കോർപറേറ്റുകൾക്കു വായ്പ നൽകാൻ ഏതാനും നാളുകളായി ഇന്ത്യയിലെ ബാങ്കുകൾക്കു താൽപര്യമില്ല. ചില്ലറ വായ്പകൾക്കു പിന്നാലെയാണ് അവയെല്ലാം. ഇവിടെ അപകടമുണ്ട്. ലോക്ഡൗൺ നീണ്ടുപോയാൽ ഈ ചില്ലറ വായ്പകളിൽ നല്ല പങ്കിന്റെയും തിരിച്ചടവു മുടങ്ങും.അതും സാമ്പത്തിക ഭദ്രതയെ ബാധിക്കും.
ചില വ്യവസായങ്ങൾ ഇന്ത്യ വിട്ടുപോകില്ലെന്നു പറയാനാകില്ല. യുഎസിലെ പല ബാങ്കുകളുടെയും കോൾ സെന്ററുകൾ ഇന്ത്യയിലാണ്. ലോക്ഡൗൺ മൂലം അവ അടഞ്ഞുകിടക്കുന്നു. തന്മൂലം യുഎസിലെ ഇടപാടുകാർക്കു സേവനം ലഭിക്കുന്നില്ല. ഈ പശ്ചാത്തലത്തിൽ ഇന്ത്യയിലെ കോൾ സെന്റർ സംവിധാനം വേണ്ടെന്നുവയ്ക്കാൻ യുഎസ് ബാങ്കുകൾ തീരുമാനിച്ചുകൂടായ്കയില്ല. പെട്ടെന്നു ലോക്ഡൗൺ പ്രഖ്യാപിച്ചതാണു പ്രശ്നമായത്. പകരം സംവിധാനം ഏർപ്പെടുത്താൻ യുഎസ് ബാങ്കുകൾക്കു സമയം കിട്ടാതെപോയി.
പാവപ്പെട്ടവർക്കും തൊഴിൽ രഹിതർക്കും വയോധികർക്കും മറ്റും വേണ്ട എല്ലാ സഹായവും ചെയ്യേണ്ട സമയമാണിത്. അവരുടെ കൈകളിലേക്കു കൂടുതൽ പണം എത്തിക്കണം. പൊതു വിതരണ സംവിധാനത്തിലൂടെ അവർക്കു കൂടുതൽ ഭക്ഷ്യോൽപന്നങ്ങൾ നൽകണം. അവരുടെ ക്ഷേമത്തിനായി സന്നദ്ധ സംഘടനകളുടെ സേവനവും പ്രയോജനപ്പെടുത്തണം. സർക്കാർ ആശ്വാസ നടപടികൾ പ്രഖ്യാപിച്ചിട്ടുണ്ടെന്നതു നേര്. എന്നാൽ ഇക്കൂട്ടരുടെ ആരോഗ്യരക്ഷ, ഭക്ഷണം, പാർപ്പിടം എന്നിവ ഉറപ്പാക്കാൻ പര്യാപ്തമാണോ ഈ നടപടികൾ എന്ന ചോദ്യം അവശേഷിക്കുന്നു.
ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ പക്കലുള്ള ധാന്യശേഖരം 8 കോടി ടൺ വരും. ഇത്രയും ധാന്യം സൂക്ഷിക്കാൻ എത്ര കോടി രൂപ വേണ്ടിവരും? ഇതിൽ ഒരു പങ്ക് കാലക്രമേണ ഉപയോഗശൂന്യമാകുകയാണു ചെയ്യുക. ആർക്കും പ്രയോജനമില്ലാത്ത അവസ്ഥ. ഇപ്പോൾ റാബി വിളവെടുപ്പ് ആരംഭിക്കാൻ പോകുകയുമാണ്. ധാന്യശേഖരം പാവപ്പെട്ടവർക്കായി ഉപയോഗിക്കാൻ ഇതാണ് അവസരം. ഈ അവസരം പ്രയോജനപ്പെടുത്തുന്നില്ലെങ്കിൽ അത് അബദ്ധമായിരിക്കും.
ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും സഹായം നൽകേണ്ടതുണ്ട്. എന്നാൽ അത് അവയുടെ കടബാധ്യതകൾ തീർക്കാനുള്ള സഹായമായി മാറിയാൽ ഉദ്ദേശിക്കുന്ന ഫലം ലഭിക്കില്ല. അവയ്ക്കു വായ്പ നൽകിയവർക്കു മാത്രമായിരിക്കും പ്രയോജനം. അതിനാൽ വലിയ തോതിൽ കടം കയറിയ സംരംഭങ്ങളെ രക്ഷിക്കാൻ ശ്രമിക്കുന്നതിൽ അർഥമില്ല. പ്രതിസന്ധിയിലും പ്രവർത്തനനിരതമായിരിക്കാൻ സംരംഭങ്ങളെ സഹായിക്കുകയായിരിക്കണം ലക്ഷ്യം. സിഡ്ബിയുടെയും മറ്റും ഉറപ്പിന്റെ അടിസ്ഥാനത്തിൽ ബാങ്ക് വായ്പ ലഭ്യമാക്കാവുന്നതേയുള്ളൂ.
വലിയ കമ്പനികളുടെ കാര്യത്തിലും ജാഗ്രത ആവശ്യമാണ്. നല്ല രീതിയിൽ പ്രവർത്തിച്ചുപോരുന്ന ഒരു കമ്പനിയും പ്രതിസന്ധിയിലകപ്പെടാനുള്ള സാഹചര്യമുണ്ടാകരുത്. അത്തരം കമ്പനികൾക്ക് ആർബിഐ നേരിട്ടു പണം ലഭ്യമാക്കണമെന്ന നിർദേശത്തോടു യോജിക്കാനാകില്ല. ആർബിഐക്ക് അതിനുള്ള ശേഷിയില്ല; അത് ആർബിഐയുടെ ജോലിയുമല്ല. കോർപറേറ്റ് ബോണ്ടുകൾ പുറപ്പെടുവിച്ചാൽ അവയിൽ നിക്ഷേപിക്കാൻ ബാങ്കുകളോടും ബാങ്ക് ഇതര ധനസ്ഥാപനങ്ങളോടും ആർബിഐക്ക് ആവശ്യപ്പെടാം. ബാങ്കുകളുടെയും ബാങ്ക് ഇതര ധനസ്ഥാപനങ്ങളുടെയും ഇൻഷുറൻസ് കമ്പനികളുടെയും പണലഭ്യത വർധിപ്പിക്കാൻ ആർബിഐ നടപടിയെടുക്കുകയും വേണം.
കോവിഡ് അതിജീവനത്തിനു ശേഷമുള്ള ഇന്ത്യ എങ്ങനെയായിരിക്കണം എന്ന കാര്യത്തിൽ തന്റെ കാഴ്ചപാട് വിവരിക്കുകയായിരുന്നു പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(ആർബിഐ) മുൻ ഗവർണറുമായ ഡോ. രഘുറാം രാജൻ .
https://www.facebook.com/Malayalivartha


























