രണ്ടാഴ്ചയ്ക്കുള്ളില്‍ കൊറോണ ജീന്‍ ശ്രേണീകരണം പൂര്‍ത്തിയാകും, വൈറസ് വന്ന വഴികളും രാജ്യത്തു ഫലപ്രദമാകുന്ന വാക്‌സിനും കണ്ടെത്താന്‍ സഹായകമാകും

കേന്ദ്ര സര്‍ക്കാരിന്റെ 2 ലാബുകളില്‍ , കോവിഡ് രോഗത്തിനു കാരണമാകുന്ന കൊറോണ വൈറസിന്റെ ജനിതകഘടനയുടെ ശ്രേണീകരണം (ജിനോം സീക്വന്‍സിങ്) പരമാവധി രണ്ടാഴ്ചയ്ക്കകം പൂര്‍ത്തിയാകും. വൈറസ് വന്ന വഴികളും രാജ്യത്തു ഫലപ്രദമാകുന്ന വാക്‌സിനും കണ്ടെത്താന്‍ ജിനോം ശ്രേണീകരണം സഹായകമാകും.
ഡല്‍ഹി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്‌സ് ആന്‍ഡ് ഇന്റഗ്രേറ്റിവ് ബയോളജി (ഐജിഐബി), ഹൈദരാബാദിലെ സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് മോളിക്യുലര്‍ ബയോളജി (സിസിഎംബി) എന്നിവയിലായി 16 പേരാണ് ശ്രേണീകരണം നടത്തുന്നത്. ശാസ്ത്രീയ വ്യാവസായിക ഗവേഷണ കൗണ്‍സിലിനു (സിഎസ്‌ഐആര്‍) കീഴിലാണ് പ്രവര്‍ത്തനം നടക്കുന്നത്. തെലങ്കാന സര്‍ക്കാര്‍ ലഭ്യമാക്കിയ സാംപിളാണ് സിസിഎംബിയില്‍ ഗവേഷണവിധേയമാക്കുന്നത്. ഡല്‍ഹിയിലെ നാഷനല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളില്‍ നിന്നുള്ള സാംപിളാണ് ഐജിഐബിയില്‍ ഗവേഷണത്തിന് ഉപയോഗിക്കുന്നത്.
ഐജിഐബി വൃത്തങ്ങള്‍ പറഞ്ഞത് കേരളത്തില്‍നിന്നു സാംപിള്‍ ലഭ്യമാക്കിയാല്‍ സൗജന്യമായി ശ്രേണീകരണം നടത്താന്‍ തയാറാണെന്നാണ്. കേരളത്തില്‍ നിന്നുള്ള സാംപിളുകള്‍ ശ്രേണീകരിക്കുന്നത് വൈറസിന്റെ റൂട്ട് മാപ്പ് കണ്ടെത്താനും വൈറസില്‍ വന്ന മാറ്റങ്ങള്‍ (മ്യൂട്ടേഷന്‍) മനസ്സിലാക്കാനും അവയനുസരിച്ചുള്ള നയരൂപീകരണത്തിനും സഹായിക്കും.
വിദേശ യാത്ര നടത്താത്തവര്‍ക്കും രോഗികളുമായി സമ്പര്‍ക്കമില്ലാത്തവര്‍ക്കും വലിയ തോതില്‍ കോവിഡ് പോസിറ്റിവ് എന്നു കണ്ടെത്തിയിരുന്നുവെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിലെ (ഐസിഎംആര്‍) ഗവേഷകര്‍ നടത്തിയ പഠനത്തിലുള്‍പ്പെടെ തെളിഞ്ഞിരുന്നു. രോഗലക്ഷണം പ്രകടമാക്കാത്ത പോസിറ്റിവ് കേസുകളും കേരളത്തിലുള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഓരോ പ്രദേശത്തു നിന്നും ലഭിക്കുന്ന സാംപിള്‍ ശ്രേണീകരിച്ച്, വൈറസ് വന്ന വഴി മനസ്സിലാക്കേണ്ടതിന്റെ പ്രാധാന്യമാണ് ഇതു വ്യക്തമാക്കുന്നതെന്നു ഗവേഷകര്‍ പറയുന്നു.
ഡിഎന്‍എയുടെ 30,000 അടിസ്ഥാന ജോടികളുള്ളതാണ് കൊറോണ വൈറസ്. അതില്‍ ഒരു ജോടിക്കു മാറ്റം സംഭവിക്കുന്നുവെന്നും അത് ഏകദേശം 15 ദിവസത്തിലെന്നുമാണ് നിലവിലെ ഗവേഷണ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. മറ്റു പല വൈറസുകളെയുമപേക്ഷിച്ച്, കോവിഡിനു കാരണമാകുന്ന വൈറസില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നതു വളരെ സാവധാനമെന്നാണു വിലയിരുത്തല്‍. ഒരു രാജ്യത്തെ സവിശേഷ സാഹചര്യത്തില്‍ വൈറസിനുണ്ടാകുന്ന മാറ്റം മറ്റൊരിടത്തു സംഭവിക്കണമെന്നില്ല. മാറ്റങ്ങളെക്കുറിച്ചു വ്യക്തമായ ചിത്രം ലഭിക്കുന്നത് അവ കൂടി കണക്കിലെടുത്തുള്ള വാക്‌സിന്‍ ഗവേഷണത്തിനു സഹായകമാകും.
https://www.facebook.com/Malayalivartha


























