മൂന്ന് വയസുകാരിയെ കഴുത്തറുത്ത് കൊന്നു; പിന്നാലെ യുവതി ജീവനൊടുക്കി

മൂന്ന് വയസുകാരി മകളെ കൊലപ്പെടുത്തിയ ശേഷം യുവതി ജീവനൊടുക്കി. മൈസൂരുവിലെ പെരിയപട്ടണത്തായിരുന്നു സംഭവം. സ്ത്രീധനപീഡനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായത് എന്നാണ് റിപ്പോർട്ട്.. സംഭവത്തെ തുടര്‍ന്ന് ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
പെരിയപട്ടണ ഹെമ്മിഗെ സ്വദേശി സയ്യിദ് സദ്ദാമിന്റെ ഭാര്യ സീമ ബാനുവും(24) മകളുമാണ് മരിച്ചത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. സദ്ദാമും സീമ ബാനുവും തമ്മില്‍ രാവിലെ ഒരു സ്വര്‍ണാഭരണത്തെച്ചൊല്ലി വഴക്കുണ്ടായി. തുടര്‍ന്ന് സദ്ദാമും മാതാപിതാക്കളും കൃഷിയിടത്തേക്കുപോയി. ഇതിനിടെയാണ് സീമ ബാനു കടുംകൈക്ക് തുനിഞ്ഞതെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. കുട്ടിയെ കഴുത്തറുത്തുകൊന്നശേഷം യുവതി ജീവനൊടുക്കുകയായിരുന്നെന്ന് പെരിയപട്ടണ എസ്.ഐ. ഗണേഷ് പറഞ്ഞു.
സ്ത്രീധനപീഡനമാണ് സംഭവത്തിനുപിന്നിലെന്ന് ആരോപിച്ച് യുവതിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതിനല്‍കി. ഇതേത്തുടര്‍ന്നാണ് സയ്യിദ് സദ്ദാമിനെയും സദ്ദാമിന്റെ മാതാവ് ഹസീനയെയും അറസ്റ്റു ചെയ്തത്.
https://www.facebook.com/Malayalivartha


























