കേരളം ഒഴികെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം അതിവേഗത്തിലാകുന്നു... മരണസംഖ്യ ഉയരുന്നതാണ് തമിഴ്‌നാടിന് മുന്നിലെ ഇപ്പോഴത്തെ വെല്ലുവിളി

കേരളം ഒഴികെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം അതിവേഗത്തിലാകുന്നു. തമിഴ്‌നാട്ടില്‍ ഇന്നലെ മാത്രം പുതിയ 716 കേസുകള്‍ സ്ഥിരീകരിച്ചു. ഇതില്‍ 510 പേരും ചെന്നൈയിലാണ്. മരണസംഖ്യ ഉയരുന്നതാണ് തമിഴ്‌നാടിന് മുന്നിലെ ഇപ്പോഴത്തെ വെല്ലുവിളി. ഇന്നലെ എട്ടുപേര്‍ കോവിഡ് ബാധിച്ച് മരിച്ചു. എല്ലാവരും ചെന്നൈ സ്വദേശികളാണ്. മറ്റ് രോഗങ്ങളുള്ളവരാണ് മരിച്ചതെന്ന് ആരോഗ്യവകുപ്പ് പറയുന്നു.കേരളാ അതിര്‍ത്തിയിലെ തേനിയില്‍ ഏഴുപേര്‍ക്ക് കോവിഡ് ബാധിച്ചു. വിരുത്നഗറിലും കന്യാകുമാരിയിലും പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കേരളത്തിലേക്ക് പോകാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ പാസ് നല്‍കുന്നില്ല എന്ന പരാതി വൈകീട്ടോടെ പരിഹരിച്ചു. കേരളത്തിന്റെ പാസ് ലഭിക്കാന്‍ വാഹന നമ്പര്‍ വേണം എന്നത് പ്രതിസന്ധിയുണ്ടാക്കുന്നതായി മലയാളികള്‍ ചൂണ്ടിക്കാട്ടുന്നു. വാഹനം ബുക്ക് ചെയ്ത തീയതിയ്ക്ക് ചിലപ്പോള്‍ പാസ് ലഭിക്കണം എന്നില്ല.
നേരത്തേ ബുക്ക് ചെയ്ത വാഹനം പാസ് ലഭിക്കുന്ന തീയതിയില്‍ വരാന്‍ സന്നദ്ധമാകാത്ത പ്രശ്‌നങ്ങളുമുണ്ട്. അതിനാല്‍ ഇപ്പോള്‍ വരുത്തിയ ക്രമീകരണങ്ങളില്‍ മാറ്റം വേണമെന്ന് തമിഴ്‌നാട്ടിലെ ചില മലയാളി സംഘടനാ നേതാക്കള്‍ ആവശ്യപ്പെടുന്നുണ്ട്.ചെന്നൈയില്‍ പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ക്കും അസിസ്റ്റന്റ് കമ്മീഷണര്‍ക്കും കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കണ്ണകി നഗറിലെ കോളനിയില്‍ 23 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ചേരി നിവാസികളെ വര്‍ഷങ്ങള്‍ക്ക് മുമ്പ് മാറ്റിപ്പാര്‍പ്പിച്ച കണ്ണകി നഗറില്‍ അടുത്തടുത്ത കെട്ടിടങ്ങളിലായി ഇരുപതിനായിരത്തോളം പേര്‍ താമസിക്കുന്നുണ്ട്. ലോറി ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കുഭകോണത്തെ പച്ചക്കറി മാര്‍ക്കറ്റും അടച്ചു. ഈ ഡ്രൈവര്‍ മേട്ടുപ്പാളയത്ത് നിന്നാണ് ഉരുളക്കിഴങ്ങുമായി കുംഭകോണത്ത് എത്തിയത്.കര്‍ണാടകയില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച ദിവസമാണ് ഇന്ന്. 63 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. ബലഗാവിയില്‍ കോവിഡ് രോഗം ഭേദമായ ആള്‍ക്ക് ഇന്ന് വീണ്ടും രോഗം സ്ഥിരീകരിച്ചത് ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കുന്നു. കര്‍ണാടകയില്‍ ഗ്രീന്‍ സോണിലായിരുന്ന ജില്ലകളില്‍ മിക്കതും റെഡ്‌സോണിലേക്ക് മാറുകയാണ്.
"
https://www.facebook.com/Malayalivartha


























