ഒഡീഷയില്‍ ആദിവാസി യുവതി പോലീസ് കാന്റീനില്‍ കൂട്ടബലാത്സംഗം ചെയ്യപ്പെട്ടു മരിച്ചു

ഒഡീഷയിലെ പുരിയിലെ മാല്‍ക്കന്‍ഗിരിയില്‍ പോലീസ് കാന്റീനിലെ ജീവനക്കാരിയായ ആദിവാസി യുവതി കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടു. ആശുപത്രിയിലായ യുവതി മരണപ്പെട്ടതോടെ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു.
മെയ് 7-ന് ജോലിസ്ഥലത്ത് വെച്ചായിരുന്നു ഇവര്‍ക്ക് നേരെ ആക്രമണം നടന്നത്. നാലു ദിവസത്തോളം യുവതി ബോധമില്ലാതെ കിടന്നതിനാല്‍ മൊഴിയെടുക്കാനായില്ല. സംഭവത്തില്‍ ഒഡീഷാ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കുകയും ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്തു.
ഒരു പോലീസുകാരന്‍ യുവതിയുടെ ഭര്‍ത്താവിനെ വിളിച്ച് യുവതിക്ക് സുഖമില്ലെന്ന് അറിയിക്കുകയായിരുന്നു. ഇയാള്‍ എത്തുമ്പോള്‍ ക്രൂരമായ ബലാത്സംഗത്തിന് ഇരയായി ഗുരുതരമായി പരിക്കേറ്റ് ബോധംകെട്ട നിലയിലായിരുന്ന ഇവരെ ആദ്യം മാല്‍ക്കന്‍ഗിരിയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടെ സ്ഥിതി വഷളായതിനെ തുടര്‍ന്ന് ബര്‍ഹാംപൂരിലെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.
സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും പൗരാവകാശ കമ്മീഷനുമെല്ലാം ഇടപെട്ടിരിക്കുകയാണ്. കുടുംബത്തിന്റെ പരാതിയില്‍ എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള ടീമാണ് അന്വേഷണം നടത്തുന്നത്.
https://www.facebook.com/Malayalivartha


























