ചൈനയെ തീര്‍ക്കാന്‍ ഗഡ്ഗരിയും; കൊറോണ വൈറസ് ലബോറട്ടറിയില്‍ നിര്‍മിക്കപ്പെട്ടതാണെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ വാദം

വൈറസില്‍ കൃത്രിമ കൂട്ടിച്ചേര്‍ക്കല്‍ ഉണ്ട്്, മനുഷ്യ നിര്‍മിതം എന്നൊക്കെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും മറ്റും ചൈനയ്‌ക്കെതിരെ ഒരു ആയുധമായി ഈ വിഷയം ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ ഇന്ത്യയില്‍നിന്ന് സര്‍ക്കാര്‍ തലത്തില്‍ ഇത്തരത്തിലുള്ള പ്രതികരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയോ വിദേശകാര്യമന്ത്രി എസ്. ജയശങ്കറോ നടത്തിയിട്ടില്ല.
എന്നാല്‍ കൊറോണ വൈറസ് ലബോറട്ടറിയില്‍ നിര്‍മിക്കപ്പെട്ടതാണെന്ന കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ വാദം പുതിയ വിവാദത്തിനു വഴി തെളിച്ചിരിക്കുകയാണ്. ട്രംപിന്റെ നിലപാടിന് വ്യക്തമായ തെളിവ് ഇതുവരെ കണ്ടെത്താനായിട്ടില്ല. വൈറസിന്റെ ഉദ്ഭവം സംബന്ധിച്ച് അന്വേഷണം നടത്തുകയാണെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. മാത്രമല്ല, കോവിഡ്19ന് കാരണം ചൈനയാണെങ്കില്‍ കടുത്ത നടപടിയുണ്ടാവുമെന്ന ഭീഷണിയുമുണ്ടായിരുന്നു. ചൈനയ്ക്കുമേല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ കോണ്‍ഗ്രസില്‍ 9 സെനറ്റര്‍മാര്‍ നിയമനിര്‍മാണത്തിനുള്ള നിര്‍ദേശം കൊണ്ടുവന്നിരുന്നു. ഗഡ്ഗരി പറഞ്ഞത് പോലെ വൈറസില്‍ കൃത്രിമ കൂട്ടിച്ചേര്‍ക്കല്‍ നടന്നോ?
വൈറസ് എവിടെനിന്നാണ് വന്നതെന്നുള്ളതിന്റെ കൃത്യമായ തെളിവ് കണ്ടെടുത്തിട്ടില്ല. വൈറസ് പടര്‍ത്തിയ സാര്‍സ് കോവ്2ന്റെ അടുത്ത ബന്ധുവായ വൈറസ് വവ്വാലുകളില്‍ കണ്ടിട്ടുണ്ടെന്നാണ് അടുത്തിടെ ഗവേഷകര്‍ കണ്ടെത്തിയത്. ഇതിനാല്‍ത്തന്നെ കോവിഡ്19ന് കാരണമായ വൈറസ് പ്രകൃതിയില്‍ സ്വയം ഉരുത്തിരിഞ്ഞുവന്നതാണെന്ന് ഗവേഷകര്‍ കരുതുന്നു. വവ്വാലുകള്‍ത്തന്നെയാണ് വൈറസിന്റെ ഹോസ്റ്റ് എന്നു കരുതിയാലും ഈനാംപേച്ചി പോലുള്ള മൃഗങ്ങളില്‍ക്കൂടിയാണ് വൈറസ് മനുഷ്യരിലെത്തിയതെന്നാണ് നിഗമനം. എന്നാല്‍ ഏതു മൃഗമാണിതെന്നു വ്യക്തമായിട്ടില്ല.
വവ്വാലുകളില്‍ കാണപ്പെടുന്ന വൈറസുകളുമായി സാമ്യമുള്ളതാണ് സാര്‍സ് കോവ്2 എങ്കിലും അവയിലെ എസ്1 / എസ്2 ഇന്‍സേര്‍ഷന്‍ (കൂട്ടിച്ചേര്‍ക്കല്‍) ലബോറട്ടറിയില്‍ നടന്നതാണെന്ന സംശയം തള്ളിക്കളയാനാകില്ലെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. അടുത്തിടെ കറന്റ് ബയോളജി എന്ന ജേര്‍ണലില്‍ വന്ന ഗവേഷണ റിപ്പോര്‍ട്ടില്‍ ഈ സാധ്യത പക്ഷേ, തള്ളിക്കളയുന്നുണ്ട്. വന്യമൃഗങ്ങളില്‍ ഈ കൂട്ടിച്ചേര്‍ക്കല്‍ പ്രകൃതിയാല്‍ത്തന്നെ സംഭവിക്കുന്നതാണെന്നും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. അതേസമയം, വൈറസിന്റെ ചില പ്രത്യേകതകള്‍ അവ മനുഷ്യനിര്‍മിതമല്ലെന്നു വ്യക്തമാക്കുന്നതായി മാര്‍ച്ചില്‍ നേച്ചര്‍ മെഡിസിന്‍ എന്ന ജേര്‍ണലില്‍ വന്ന പഠനം വ്യക്തമാക്കുന്നു. ഏതായാലും അമേരിക്കയ്ക്ക് പിന്നാലെ ചൈനയെ ലക്ഷ്യമിട്ട് ഇന്ത്യ തുടങ്ങിക്കഴിഞ്ഞു.
https://www.facebook.com/Malayalivartha






















