ട്രെയിനില്‍ നിന്ന് യുവതിയെ തള്ളിയിട്ട സംഭവം; കാര്യങ്ങള്‍ വിശദീകരിച്ച് കുറ്റം സമ്മതിച്ച് പ്രതി

ട്രെയിനില്‍ നിന്ന് യുവതിയെ തള്ളിയിട്ട സംഭവത്തില്‍ പ്രതി സുരേഷ് കുമാറിനെ ഇന്നലെ റെയില്‍വേ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി കന്റോണ്‍മെന്റ് പൊലീസ് സ്‌റ്റേഷനിലെത്തിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തിരുന്നു. നിരപരാധിയാണെന്ന് പറഞ്ഞ് കരയുകയും തന്റെ അഭിപ്രായങ്ങള്‍ മാറ്റി പറയാന്‍ ശ്രമിച്ചെങ്കിലും ദൃക്‌സാക്ഷിയായ ശ്രീക്കുട്ടിയുടെ സുഹൃത്ത് അര്‍ച്ചനയുടെ മൊഴി ചൂണ്ടിക്കാട്ടി പൊലീസ് പ്രതിരോധിച്ചു. ഒടുവില്‍ സംഭവ ദിവസമുണ്ടായ കാര്യങ്ങള്‍ വിശദീകരിച്ച് കുറ്റം സമ്മതിക്കുകയായിരുന്നു. തുടര്‍ന്നാണ് തെളിവെടുപ്പ് നടത്താന്‍ തീരുമാനിച്ചത്.
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തിരിച്ചറിയല്‍ പരേഡ് നടത്തി ശ്രീക്കുട്ടിക്കൊപ്പമുണ്ടായിരുന്ന അര്‍ച്ചന പ്രതിയെ തിരിച്ചറിഞ്ഞിരുന്നു. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് നിയോഗിച്ച സമിതിയും അര്‍ച്ചനയുമാണ് പരേഡില്‍ പങ്കെടുത്തത്. ആക്രമണത്തില്‍ പരിക്കേറ്റ ശ്രീക്കുട്ടി ഇപ്പോഴും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. തലച്ചോറിന്റെ പരിക്കിന് മാറ്റമുണ്ടായിട്ടില്ല.
ഈ മാസം രണ്ടിന് കേരള എക്‌സ്പ്രസില്‍ സഞ്ചരിക്കുന്നതിനിടെ പുകവലിക്കുന്നത് ചോദ്യം ചെയ്തതിനാണ് ജനറല്‍ കമ്പാര്‍ട്ട്‌മെന്റിന്റെ വാതിലിന് സമീപത്തുനിന്ന ശ്രീക്കുട്ടിയെ പ്രതി പുറത്തേക്ക് ചവിട്ടി വീഴ്ത്തിയത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് അര്‍ച്ചനയെയും ഇയാള്‍ തള്ളിയിടാന്‍ ശ്രമിച്ചിരുന്നു.അര്‍ച്ചനയുടെ ബഹളം കേട്ട് ചുവന്ന ഷര്‍ട്ട് ധരിച്ചയാളാണ് ആദ്യം ഓടിയെത്തിയത്. അര്‍ച്ചനയെ രക്ഷിച്ചശേഷം പ്രതിയെയും കീഴടക്കി. ഈ രക്ഷകനെ പിന്നീട് ട്രെയിനില്‍ ഉണ്ടായിരുന്ന ആരും കണ്ടിട്ടില്ല.
https://www.facebook.com/Malayalivartha























