ശബരിമല കേന്ദ്രീകരിച്ച് ചില അവതാരങ്ങൾ ഉണ്ട്: ഒരു അവതാരങ്ങളെയും പ്രോത്സാഹിപ്പിച്ചിട്ടില്ല... വഴിപ്പെട്ട് പ്രവർത്തിച്ചിട്ടില്ല: സംതൃപ്തിയോടെയാണ് പടിയിറങ്ങിയതെന്ന് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത്: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രസിഡന്റായി കെ ജയകുമാർ ചുമതലയേറ്റു...

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രസിഡന്റായി കെ ജയകുമാർ ചുമതലയേറ്റു. ദേവസ്വം ബോർഡ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മന്ത്രിമാരായ വി എൻ വാസവൻ, വി ശിവൻകുട്ടി, ജി ആർ അനിൽ, രാമചന്ദ്രൻ കടന്നപ്പള്ളി, മുൻ പ്രസിഡന്റ് പി എസ് പ്രശാന്ത്, മുൻ മന്ത്രിയും പുതിയ ബോര്‍ഡ് അംഗവുമായ കെ രാജു എന്നിവരും മറ്റ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു. മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിന്റെയും അംഗമായിരുന്ന എ അജികുമാറിന്റെയും കാലാവധി വ്യാഴാഴ്ചയാണ് അവസാനിച്ചത്. സംതൃപ്തിയോടെയാണ് പടിയിറങ്ങുന്നതെന്നും ശബരിമല വികസനത്തിന് സർക്കാർ വലിയ നീക്കങ്ങളാണ് നടത്തിയിട്ടുള്ളതെന്നും പി എസ് പ്രശാന്ത് പ്രതികരിച്ചിരുന്നു.
ഇപ്പോഴിതാ ശബരിമല കേന്ദ്രീകരിച്ച് ചില അവതാരങ്ങൾ ഉണ്ടെന്ന് പി എസ് പ്രശാന്ത് പറഞ്ഞു. അറിയുന്നതും അറിയാത്തതുമായ അവതാരങ്ങൾ ഉണ്ട്. എല്ലാ അവതാരങ്ങളേയും പടിക്ക് പുറത്തു നിർത്തി. ഒരു അവതാരങ്ങളെയും പ്രോത്സാഹിപ്പിച്ചിട്ടില്ല.അവതാരങ്ങൾക്ക് വഴിപ്പെട്ട് പ്രവർത്തിച്ചിട്ടില്ല. അവതാരങ്ങളെ പുറത്തു നിർത്തിയതിൽ ചിലർക്ക് വിഷമങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു
ശബരിമലയിലെ സ്വർണകൊള്ള ദൗർഭാഗ്യകരമായ സംഭവമാണ്. 2025ല്‍ വീണ്ടും അറ്റകുറ്റപ്പണിക്ക് കൊണ്ടുപോകാൻ തീരുമാനിച്ചപ്പോൾ കോടതി അറിയിക്കാത്തതാണ് തങ്ങൾക്ക് പറ്റിയ തെറ്റെന്നും അദ്ദേഹം പറഞ്ഞു.ചെയ്യാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുമ്പോൾ വേദനയുണ്ടാകുന്നത് സ്വാഭാവികം.അന്വേഷണം പൂർത്തിയാകുമ്പോൾ നിജസ്ഥിതി ബോധ്യമാകും. മനസ്സാക്ഷിക്ക് മുന്നിൽ ഒരു തെറ്റും ചെയ്തിട്ടില്ല.സത്യസന്ധമായും സുതാര്യമായും ആണ് എല്ലാം ചെയ്തിട്ടുള്ളത്.
ആഗോള അയ്യപ്പ സംഗമം ശബരിമലയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്.അത് നടത്തിയത് നന്നായി എന്നാണ് തന്‍റെ ബോധ്യമെന്നും പി എസ് പ്രശാന്ത് കൂട്ടിച്ചേര്‍ത്തു. ശബരിമലയിലെ ദ്വാരപാലകശില്‍പം സ്വര്‍ണം പൂശാന്‍ കൊണ്ടുപോയപ്പോള്‍ ഹൈക്കോടതിയെ അറിയിക്കാതിരുന്നത് പിഴവായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. എല്ലാ നടപടിക്രമങ്ങളും പാലിച്ചിരുന്നു. കോടതിയെ അറിയിച്ചില്ല എന്നതു പിഴവായി. എന്നാല്‍ അതു ബോധ്യപ്പെടുത്തിയപ്പോള്‍ കോടതി തുടര്‍നടപടികള്‍ക്ക് അനുമതി നല്‍കുകയും ചെയ്തു.
https://www.facebook.com/Malayalivartha


























