കോവിഡ്: സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ചെലവു ചുരുക്കല്‍ നടപടികളെ കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ പൊതുഅഭിപ്രായം തേടി

കേന്ദ്ര സര്‍ക്കാര്‍ ചെലവു ചുരുക്കല്‍ നടപടികള്‍ക്കായി പൊതുഅഭിപ്രായം തേടി. കോവിഡിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാനായാണ് നിര്‍ദേശം സ്വരൂപിക്കുന്നത്. സംസ്ഥാനങ്ങളിലെ പൗരപ്രമുഖര്‍, എല്ലാ പാര്‍ട്ടിയിലെയും മുതിര്‍ന്ന നേതാക്കള്‍, വാണിജ്യ വ്യവസായ സംഘടനാ നേതാക്കള്‍, ചെറുകിട മേഖലയുടെ പ്രതിനിധികള്‍. സ്ഥാപന മേധാവികള്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, അക്കാദമിക് രംഗത്തുള്ളവര്‍, ട്രേഡ് യൂണിയന്‍ നേതാക്കള്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ നിന്നുള്ളവരോടാണ് അഭിപ്രായം ആരാഞ്ഞിരിക്കുന്നത്.
ഇതുവരെയുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിലയിരുത്തല്‍ നടത്തുന്നതിനൊപ്പം എന്തൊക്കെ നടപടികളാണ് ചെലവ് ചുരുക്കലിന്റെ ഭാഗമായി നിര്‍ദേശിക്കാനുള്ളത് എന്നാണ് ചോദ്യം. സര്‍ക്കാര്‍ വിവിധ മേഖലകളില്‍ എടുത്ത നടപടികളും സൂചിപ്പിക്കും. അഭിപ്രായ രൂപീകരണത്തിനുള്ള സംസ്ഥാനങ്ങളുടെ ചുമതല കേന്ദ്രമന്ത്രിമാര്‍ക്കാണ്. ടെലികോണ്‍ഫറന്‍സ്, ഫോണ്‍ വഴിയാണ് ചര്‍ച്ച. നിര്‍ദേശങ്ങള്‍ ഇമെയില്‍ ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
അടിസ്ഥാന വ്യവസായങ്ങളുടെ വികസനം, വസ്ത്രം, കാര്‍ഷിക മേഖലയില്‍ വേണ്ട നടപടികള്‍ എന്നിവ സംബന്ധിച്ചാണ് കൂടുതല്‍ ചോദ്യങ്ങള്‍. രോഗബാധയുടെ തുടക്കത്തില്‍തന്നെ ജനപ്രതിനിധികളുടെയും മന്ത്രിമാരുടെയും ഉള്‍പ്പെടെ ചെലവ് ചുരുക്കി. പിന്നീട് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഒരുദിവസത്തെ വേതനം വീതം പിടിക്കാനും തീരുമാനമായി.
ആരോഗ്യം, സേന തുടങ്ങി അവശ്യ സര്‍വീസുകള്‍ ഒഴികെ, മന്ത്രിസഭാ തലത്തിലും ഭരണത്തിലും ചെലവ് ചുരുക്കാനുളള വഴികളാണ് ചോദിക്കുന്നത്. വിഷയങ്ങള്‍ മുന്‍ഗണനാക്രമത്തില്‍ നല്‍കണം.
വകുപ്പുകളുടെ ദൈനംദിന ചെലവുകളും പദ്ധതി വിഹിതത്തില്‍ വന്‍തോതിലുളള വെട്ടിക്കുറവും അടുത്തുണ്ടാകുമെന്നാണു സൂചന. എംപിമാരുടെ വികസനഫണ്ട് മരവിപ്പിച്ചു. ഔദ്യോഗികമായും ബിജെപി സംഘടനാതലത്തിലും പ്രത്യേകം അഭിപ്രായ രൂപീകരണം നടത്തുന്നുണ്ട്. കേരളത്തില്‍ സംഘടനാതല ചുമതല കേന്ദ്രമന്ത്രി സദാനന്ദ ഗൗഡക്കും സര്‍ക്കാര്‍തല ചുമതല കേന്ദ്രമന്ത്രി വി.മുരളീധരനുമാണ്.
https://www.facebook.com/Malayalivartha






















