കോവിഡ് വന്നതോടെ ഉപഭോക്താക്കള്‍ ചെലവുചുരുക്കാൻ പഠിച്ചു... അവശ്യവസ്തുക്കളുടെ വില്‍പ്പനയിൽ പോലും വൻ ഇടിവ്

കൊറോണ വ്യാപനം ശക്തിയാർജിച്ചതോടെ രാജ്യത്തെ അവശ്യ സാധനങ്ങളുടെ വിൽപ്പനയിലും കുറവ് . തൊഴിലില്ലായ്മയും ജോലി നഷ്ടപ്പെടലും ശമ്പളം വെട്ടിക്കുറയ്ക്കലും എല്ലാമായി ശരാശരി ഉപഭോക്താക്കൾ ചെലവ് വെട്ടികുറക്കാൻ നിര്ബന്ധിതരായിരിക്കുകയാണ് .ഈ സാഹചര്യത്തില്‍ പിടിച്ചുനില്‍ക്കാനായി വാല്യു പാക്കുകള്‍ ഇറക്കി വില്‍പ്പന കൂട്ടാനുള്ള ശ്രമത്തിലാണ് കമ്പനികള്‍.
അവശ്യസാധനങ്ങള്‍ മുൻപ് വിലകൂടിയ ബ്രാൻഡുകൾ വാങ്ങിയിരുന്നവർ പോലും ഇപ്പോൾ വിലകുറഞ്ഞവ നോക്കിയാണ് വാങ്ങുന്നതെന്ന് വ്യാപാരികള്‍ പറയുന്നു. വില്‍പ്പന നടക്കുന്നുണ്ടെങ്കിലും വില്‍പ്പനയുടെ മൂല്യം മൂന്നിലൊന്നായി കുറഞ്ഞെന്ന് വീക്കേ ഗ്രൂപ്പിന്റെ ഡയറക്റ്റര്‍ ഷിയാസ് എന്‍.എസ് പറയുന്നു.
നേരത്തെ ബ്രാന്‍ഡ് നോക്കി എടുത്തിരുന്ന ഉപഭോക്താക്കള്‍ ഇപ്പോള്‍ വില നോക്കിയാണ് സാധനങ്ങള്‍ തെരഞ്ഞെടുക്കുന്നത്. നേരത്തെ വാങ്ങിയിരുന്നതിന്റെ മൂന്നിലൊന്ന് വാല്യു മാത്രമേ ബില്ലിലാകുന്നുള്ളു. ഭക്ഷ്യേതര വസ്തുക്കളുടെ വില്‍പ്പന കുത്തനെ ഇടിഞ്ഞെന്ന് തന്നെ പറയാം.” ഷിയാസ് പറയുന്നു.
ഭക്ഷ്യവസ്തുക്കളില്‍പ്പോലും വില വളരെ നിര്‍ണ്ണായകഘടകമായി മാറിയിരിക്കുന്നു. നേരത്തെ രണ്ട് കിലോയുടെ പായ്ക്കറ്റ് വാങ്ങിയിരുന്നവര്‍ അരക്കിലോയായി ചുരുക്കുന്നു. അവശ്യവസ്തുക്കള്‍ ഉള്‍പ്പടെ എല്ലാത്തിന്റെയും ചെറിയ വാല്യു പാക്കുകളാണ് ഇപ്പോള്‍ ഉപഭോക്താവിന് പ്രിയം. പ്രാദേശിക കമ്പനികളുടെ വിലക്കുറഞ്ഞ ഉല്‍പ്പന്നങ്ങളും കൂടുതലായി ഉപഭോക്താക്കള്‍ തെരഞ്ഞെടുത്ത് തുടങ്ങി.
ഇതിനും പുറമെ ലോക്ക് ഡൌൺ കാരണം ആളുകള്‍ വീട്ടിലിരിക്കാന്‍ തുടങ്ങിയതോടെ സമയമുള്ളതുകൊണ്ട് റെഡി ടു കുക്ക് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയില്‍ കുറവുണ്ടായെന്ന് വ്യാപാരികള്‍ പറയുന്നു. ലോക്ഡൗണ്‍ ആദ്യഘട്ടത്തില്‍ ക്ഷാമമുണ്ടാകും എന്ന് കരുതി ആളുകള്‍ സാധനങ്ങള്‍ വാങ്ങിക്കൂട്ടുകയായിരുന്നുവെങ്കില്‍ ഇപ്പോള്‍ ആ ട്രെന്‍ഡ് മാറി.
കോസ്‌മെറ്റിക്‌സ്, മേക്കപ്പ്, പെര്‍ഫ്യൂമുകള്‍ എന്നിവയുടെ വില്‍പ്പനയില്ലെന്ന് തന്നെ പറയാം. പെഴ്‌സണല്‍ കെയര്‍ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയിലും കാര്യമായ ഇടിവുണ്ടായി.
കോവിഡ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ആളുകള്‍ കടകളിലേക്കുള്ള യാത്രകള്‍ കുറയ്ക്കും എന്നതിനാല്‍ വലിയ പാക്കറ്റുകള്‍ക്ക് ഡിമാന്റുണ്ടാകും എന്നതായിരുന്നു എഫ്എംസിജി കമ്പനികളുടെ കണക്കുകൂട്ടല്‍. പക്ഷെ കണക്ക് കൂട്ടലുകൾ മുഴുവൻ തെറ്റിച്ചു ചെറിയ വാല്യൂ പാക്കുകൾക്കാണ് ഇപ്പോൾ ഡിമാൻഡ് ഉള്ളത്
https://www.facebook.com/Malayalivartha






















