ആസിഡ് ആക്രമണം: ഫൈസല്‍ സിദ്ധിഖിയുടെ അക്കൗണ്ട് ടിക്ടോക് നീക്കി

ടിക് ടോക്കില്‍ 1.3 കോടി ഫോളോവേഴ്സ് ഉള്ള ഫൈസല്‍ സിദ്ധിഖി ആസിഡ് ആക്രമണത്തെ മഹത്വവത്കരിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് സിദ്ധിഖിയുടെ അക്കൗണ്ട് ടിക്ടോക് നീക്കം ചെയ്തു.
'മറ്റൊരാള്‍ക്കു വേണ്ടി നീ എന്നെ ഉപേക്ഷിച്ചു, ഇപ്പോള്‍ അയാള്‍ നിന്നെ ഉപേക്ഷിച്ചോ' എന്നു ചോദിച്ചു കൊണ്ട് ഫൈസല്‍ ഒരു ദ്രാവകം ഒഴിക്കുന്നു. പൊള്ളിയതു പോലെ മേക്കപ് ചെയ്തു നില്‍ക്കുന്ന ഒരു പെണ്‍കുട്ടിയെ ആണ് അടുത്ത രംഗത്തില്‍ കാണിക്കുന്നത്. ഈ വിഡിയോ ആണ് വിവാദമായത്.
വിഡിയോ വലിയ വിവാദങ്ങളിലേക്ക് നീങ്ങുകയും പ്ലേസ്റ്റോറില്‍ ടിക്ടോക് അപ്ലിക്കേഷന്റെ റേറ്റിങ് കുറക്കുകയും പ്രതിഷേധം ഉയരുകയും ചെയ്തതോടെയാണ് നടപടി.
ഇതിനിടെ, ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മി അഗര്‍വാള്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ വിഡിയോ പോസ്റ്റ് ചെയ്യുകയും ഫൈസലിനെ വിമര്‍ശിക്കുകയും ചെയ്തു. ഇതോടെ വിവാദം കൂടുതല്‍ കനത്തു. സംഭവത്തില്‍ സമൂഹത്തിന്റെ പല മേഖലകളില്‍ നിന്നും പ്രതിഷേധമുയര്‍ന്നു. ഇതോടൊപ്പം ടിക്ടോക് നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ക്യാപെയ്നുകളും ശക്തമായി.
ഡൗണ്‍ലോഡിങ് പ്ലാറ്റ്ഫോമുകളില്‍ ടിക്ടോക്കിന്റെ റേറ്റിങ് കുറച്ചും പ്രതിഷേധം ആരംഭിച്ചു. ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയും ടിക്ടോക് ഇന്ത്യയോട് വിശദീകരണം തേടുകയും ചെയ്തു. ഇതോടെയാണ് ടിക്ടോക് നടപടി എടുത്തത്.
മറ്റുള്ളവരുടെ സുരക്ഷയെ ബാധിക്കുന്നതും ശാരീരികമായി ഉപദ്രവിക്കുന്നതുമായി വിഡിയോകള്‍ അനുവദിക്കാനാവില്ലെന്നും ടിക്ടോക്കിന്റെ വക്താവ് വ്യക്തമാക്കി. മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനം ശ്രദ്ധയില്‍പ്പെട്ടതിനാല്‍ ഫൈസലിന്റെ അക്കൗണ്ട് നീക്കം ചെയ്യുന്നതായി ടിക്ടോക് അറിയിച്ചു.
https://www.facebook.com/Malayalivartha






















