'ബുള്‍ബുളി'നേക്കാൾ ഭീകരൻ ; ഉം-പുന്‍ ചുഴലിക്കാറ്റ് പശ്ചിമബംഗാളിന്റെ തീരംതൊട്ടു

ഉം-പുന്‍ ചുഴലിക്കാറ്റ് പശ്ചിമബംഗാളിന്റെ തീരംതൊട്ടു. വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട അതിശക്തമായ ഉം-പുന്‍ ചുഴലിക്കാറ്റ് ഉച്ചയ്ക്ക് രണ്ടരയോടെ തീരംതൊട്ട കൊടുങ്കാറ്റ് നാല് മണിക്കൂറോളം കരയില്‍ ആഞ്ഞടിക്കുമെന്നാണ് കരുതുന്നത്. 160-170 കിലോമീറ്റര്‍ നിലവില്‍ വേഗതയുള്ള കാറ്റ് 190 കി.മീ വേഗതയിലെത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കാറ്റിനൊപ്പം അതിശക്തമായ മഴയും കടലേറ്റവുമുണ്ടായി. തിരമാല നാലഞ്ച് മീറ്റര്‍വരെ ഉയര്‍ന്നു. ബംഗാളിലെ ഈസ്റ്റ് മിഡ്നാപുര്‍, വടക്കും തെക്കും 24 പര്‍ഗാനാസ്, ഹൗറ, ഹൂഗ്ലി, കൊല്‍ക്കത്ത ജില്ലകളില്‍ 'ഉം-പുന്റെ' ആഘാതമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. പശ്ചിമബംഗാളിലും ഒഡീഷയിലുമായി അഞ്ച് ലക്ഷത്തോളം പേരെ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
2019 നവംബര്‍ ഒമ്പതിന് പശ്ചിമബംഗാളില്‍ വീശിയ 'ബുള്‍ബുള്‍' ചുഴലിക്കാറ്റിനെക്കാള്‍ നാശനഷ്ടമുണ്ടാക്കാന്‍ ശേഷിയുള്ളതാണ് 'ഉം-പുന്‍''. ഒഡിഷയിലെ ജഗത്സിങ്പുര്‍, കേന്ദ്രാപഡ, ഭദ്രക്, ജാജ്പു, ബാലസോര്‍ എന്നീ തീരജില്ലകളിലും കനത്ത മഴയും കാറ്റും വലിയ തിരമാലകളുണ്ട്. ഒഡീഷയില്‍ കനത്ത കാറ്റിലും മഴയിലും രണ്ടുപേര്‍മരിച്ചു. മീന്‍പിടിത്തക്കാര്‍ വ്യാഴാഴ്ചവരെ കടലില്‍പോകരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
ദേശീയ ദുരന്തപ്രതികരണസേനയുടെ 40 സംഘങ്ങളെയാണ് രണ്ടുസംസ്ഥാനങ്ങളിലുമായി വിന്യസിച്ചിരിക്കുന്നത്. കരസേന, നാവികസേന എന്നിവയുടെ രക്ഷാ, ദുരിതാശ്വാസ സംഘങ്ങള്‍ സജ്ജമായിട്ടുണ്ട്. നാവിക, വ്യോമസേനകളുടെയും തീരരക്ഷാസേനയുടെയും കപ്പലുകളും ഹെലിക്കോപ്റ്ററുകളും തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട്. കാറ്റിലും മഴയിലും തകരാറിലാവുന്ന വൈദ്യുതി, വാര്‍ത്താവിനിമയബന്ധങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനു മേല്‍നോട്ടം വഹിക്കാന്‍ ഉദ്യോഗസ്ഥരെ കേന്ദ്രസര്‍ക്കാര്‍ ഒഡിഷയിലേക്കും ബംഗാളിലേക്കും അയച്ചിട്ടുണ്ട്.
ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യാ-ബംഗ്ലാദേശ് ജലാതിര്‍ത്തിയില്‍ വിന്യസിച്ചിരുന്ന 45 പട്രോള്‍ ബോട്ടുകളും വെള്ളത്തില്‍പൊങ്ങിക്കിടക്കുന്ന മൂന്ന് കാവല്‍പ്പുരകളും ബി.എസ്.എഫ്. സുരക്ഷിതസ്ഥാനത്തേക്കു മാറ്റി. കഴിഞ്ഞവര്‍ഷം മേയ് മൂന്നിന് ഒഡിഷയില്‍ വീശിയ 'ഫൊണി' ചുഴലിക്കാറ്റില്‍ 64 പേര്‍ മരിച്ചിരുന്നു.
നാലു ലക്ഷത്തോളം ആളുകളെ ഇതുവരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ടെന്നാണ് കണക്ക്. ബുധനാഴ്ച രാവിലെയായപ്പോള്‍ ചുഴലിക്കാറ്റിന്റെ വേഗം അല്‍പം കുറഞ്ഞത് ആശ്വാസമാണെങ്കിലും തീവ്രതയില്‍ കുറവു വന്നിട്ടില്ലെന്നത് ആശങ്കയുളവാക്കുന്നു. ഒഡീഷയിലെ പുരി, ഖുര്‍ദ, ജഗത്സിങ്പുര്‍, കട്ടക്, കേന്ദ്രപ്പാറ, ജജ്പുര്‍, ഗന്‍ജം, ഭന്ദ്രക്, ബാലസോര്‍ ജില്ലകളില്‍ അതിശക്തമായ മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നു രാവിലെ മുതല്‍ ബംഗാളിന്റെ തലസ്ഥാനമായ കൊല്‍ക്കത്തയിലും മഴ പെയ്യുന്നുണ്ട്. ഏതു സാഹചര്യത്തെ നേരിടാനുമായി ദേശീയ ദുരന്ത നിവാരണസേന രണ്ടു സംസ്ഥാനങ്ങളിലുമായി 45 പേരടങ്ങുന്ന 41 സംഘത്തെ തയാറാക്കി നിര്‍ത്തിയിരിക്കുകയാണ്. അഗ്‌നിരക്ഷാ സേനയും പൂര്‍ണസജ്ജരാണ്. നാവികസേനയുടെ ഡൈവര്‍മാര്‍ പ്രത്യേക സുരക്ഷാ ഉപകരണങ്ങളുമായി ഒഡീഷയിലെ സൗത്ത് പര്‍ഗാനാസിലെ ഡയമണ്ട് ഹാര്‍ബറില്‍ തയാറാണ്. വിശാഖപട്ടണത്തും പാരദീപിലും ഗോലാപുരിലുമുള്ള ഡോപ്ലര്‍ വെതര്‍ റഡാര്‍ ഉപയോഗിച്ച് ചുഴലിക്കാറ്റിനെ നിരന്തരം നിരീക്ഷിക്കുന്നുണ്ട്.
ദിംഗയില്‍ അടക്കം ശക്തമായ മഴയാണ് രാവിലെ മുതല്‍ ലഭിക്കുന്നത്. പതിനാറടി ഉയരത്തില്‍ തിരമാലകളുണ്ടാവുമെന്ന് മുന്നറിയിപ്പുണ്ട്. ഒഡീഷയില്‍ കനത്ത കാറ്റും മഴയുമുണ്ട്. കാറ്റിന്റെ ശക്തി ഇനിയും കൂടുമെന്നാണ് മുന്നറിയിപ്പ്. ബംഗാളില്‍ നിന്ന് മാത്രം മൂന്ന് ലക്ഷത്തിലേറെ പേരെ മാറ്റിപാര്‍പ്പിച്ചു.
ഉംപുന്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് കേരളത്തില്‍ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. സംസ്ഥാനത്തുടനീളം കനത്ത മഴ ലഭിക്കുമെന്നാണ് പ്രവചനം. കഴിഞ്ഞ ദിവസങ്ങളിലും സംസ്ഥാനത്ത് അങ്ങോളമിങ്ങോളം സാമാന്യം ഭേദപ്പെട്ട രീതിയില്‍ മഴ ലഭിച്ചിരുന്നു.
https://www.facebook.com/Malayalivartha






















