തെലങ്കാനയില്‍ ഒരു കുടുംബത്തിലെ 6 പേരുടേത് ഉള്‍പ്പെടെ 9 മൃതദേഹങ്ങള്‍ കിണറ്റില്‍ കണ്ടെത്തി

തെലങ്കാനയിലെ വാറങ്കല്‍ ജില്ലയില്‍ ഒരു കുടുംബത്തിലെ ആറു പേര്‍ ഉള്‍പ്പെടെ ഒമ്പത് പേരെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അതിഥി തൊഴിലാളിയായ മക്‌സൂദ് ആലം, ഭാര്യ നിഷ, ആണ്‍മക്കളായ സൊഹൈല്‍, ഷബാദ്, മകള്‍ ബുഷ്ര, മകളുടെ മൂന്നു വയസ്സുകാരനായ മകന്‍, ത്രിപുര സ്വദേശിയായ ഷക്കീല്‍ അഹമ്മദ്, ബിഹാര്‍ സ്വദേശികളായ ശ്രീറാം, ശ്യാം എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങള്‍. പ്രാഥമിക പരിശോധനയില്‍ മൃതദേഹങ്ങളില്‍ പരുക്കുകളൊന്നുമില്ല. ഇവ പോസ്റ്റ്മോര്‍ട്ടത്തിനായി വാറങ്കലിലെ മഹാത്മാഗാന്ധി മെമ്മോറിയല്‍ ആശുപത്രിയിലേക്ക് മാറ്റി. നാല് പേരുടെ മൃതദേഹം വ്യാഴാഴ്ച വൈകിട്ടും അഞ്ച് പേരുടേത് വെള്ളിയാഴ്ച രാവിലെയുമാണ് കണ്ടെത്തിയത്.
ചണം മില്ലിലെ തൊഴിലാളികളാ മക്‌സൂദും കുടുംബവും 20 വര്‍ഷം മുന്‍പു ബംഗാളില്‍ നിന്നു വാറങ്കലിലേക്കു കുടിയേറിയതാണ്. കരിമാബാദിലെ വാടക വീട്ടിലായിരുന്നു ആറംഗ കുടുംബത്തിന്റെ താമസം. വിവാഹമോചനത്തിനു പിന്നാലെയാണ് മക്‌സൂദിന്റെ മകള്‍ മൂന്നു വയസുകാരനായ മകനെയും കൂട്ടി അച്ഛനൊപ്പം താമസം തുടങ്ങിയത്.
ഇവര്‍ ജോലി ചെയ്തിരുന്ന മില്ലിന്റെ ഉടമ എസ്. ഭാസ്‌കര്‍ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് അവിടെ ചെന്നപ്പോള്‍ കുടുംബത്തെയും മറ്റു മൂന്നു പേരെയും കാണാനില്ലായിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെ ഇവര്‍ ചേണം മില്ലിന്റെ ഗോഡൗണിന്റെ താഴത്തെ നിലയിലായിരുന്നു താമസം. ഈ സമയം മുകളിലത്തെ നിലയില്‍ താമസിച്ചിരുന്നതാണ് മരിച്ച ബിഹാര്‍ സ്വദേശികള്‍. മില്ലിലെ ഡ്രൈവറാണ് മരിച്ച ത്രിപുര സ്വദേശിയായ ഷക്കീല്‍.
കുടുംബത്തെ കാണാതായതിനു പിന്നില്‍ മറ്റു മൂന്നു പേരെയും പ്രാഥമിക ഘട്ടത്തില്‍ സംശയിച്ചിരുന്നെന്നും എന്നാല്‍ പിന്നീട് അവരുടെ മൃതദേഹവും കണ്ടെടുക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. മരണം ആത്മഹത്യയായിരിക്കുമെന്ന വാദം തള്ളിയ എസിപി ശ്യാം സുന്ദര്‍ കുടുംബത്തോടൊപ്പം മറ്റു മൂന്നു പേരുടേയും മൃതദേഹങ്ങള്‍ കിട്ടിയത് ദുരൂഹത വര്‍ധിപ്പിക്കുന്നെന്നും പൊലീസ് എല്ലാ വശങ്ങളും അന്വേഷിക്കുമെന്നും അറിയിച്ചു. കുടുംബം താമസിച്ച മുറിയില്‍ നിന്നു പാതികഴിച്ച ഭക്ഷണസാധനങ്ങള്‍ ഉള്‍പ്പെടെ കണ്ടെത്തിയിട്ടുണ്ട്. സംശയാസ്പദമായ മരണത്തിന് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha