പശുവിന്റെ മാംസം കടത്തിയെന്നാരോപണം: ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു, പോലീസും ആള്‍ക്കൂട്ടവും നോക്കി നില്‍ക്കെ യുവാവിനെ ക്രൂര മർദ്ദനത്തിരയാക്കി ഗോരക്ഷാപ്രവര്‍ത്തകർ

ന്യുഡൽഹിയിൽ പോലീസും ആള്‍ക്കൂട്ടവും നോക്കി നില്‍ക്കെ യുവാവിന് ഗോരക്ഷാപ്രവര്‍ത്തകരുടെ ക്രൂരമര്‍ദനം. മാംസം കയറ്റിവന്ന വാഹനം തടഞ്ഞ് ഡ്രൈവറെ ക്രൂരമായി മര്‍ദിക്കുകയും ചുറ്റികകൊണ്ട് തലയ്ക്കടിക്കുകയും ചെയ്തതായാണ് റിപ്പോർട്ട്.
രാജ്യതലസ്ഥാനത്തിന് സമീപം ഗുരുഗ്രാമില്‍ നടന്ന സംഭവത്തിന്റെ വീഡിയോ പുറത്തുവന്നു. പിക്കപ്പ് വാന്‍ ഡ്രൈവറായ ലുഖ്മാന്‍ എന്ന യുവാവിനെയാണ് പോലീസിന്റേയും നാട്ടുകാരുടേയും മുന്നിലിട്ട് ഗോരക്ഷാ പ്രവര്‍ത്തകര്‍ ക്രൂര മർദ്ദനത്തിനിരയാക്കിയത്.
വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെ ഗുരുഗ്രാമിലെ ബഹുരാഷ്ട്ര കമ്പനികളുടെ ടവറുകള്‍ക്ക് സമീപത്ത് വെച്ചാണ് സംഭവം. പിക്കപ്പ് വാനിനെ എട്ട് കിലോമീറ്ററോളം പിന്തുടര്‍ന്ന ശേഷം തടഞ്ഞിട്ടായിരുന്നു ആക്രമണം. പശുവിന്റെ മാംസം കടത്തി എന്നാരോപിച്ചായിരുന്നു ലുഖ്മാനെ മര്‍ദിച്ചത്. അക്രമികളെ പിടികൂടുന്നതിനേക്കാള്‍ വേഗത്തില്‍ പോലീസ് പിടിച്ചെടുത്ത ഇറച്ചി പരിശോധനയക്കായി ലാബിലേക്ക് അയക്കാനാണ് ശ്രമിച്ചതെന്ന് ആരോപണമുണ്ട്. വീഡിയോയില്‍ അക്രമികളുടെ മുഖമടക്കം വ്യക്തമാണെങ്കിലും ഇതുവരേയും ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.
മര്‍ദിച്ചവശനാക്കിയ ശേഷം ലുഖ്മാനെ പിക്കപ്പ് വാനില്‍ കെട്ടിയിട്ട് ബാഡ്ഷാപുര്‍ എന്ന ഗ്രാമത്തിലേക്ക് കൊണ്ടുപോയി അവിടെ വെച്ചും മര്‍ദിച്ചു. ലുഖ്മാനെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം പോത്തിറച്ചിയായിരുന്നു വാഹനത്തിലെന്നും 50 വര്‍ഷത്തോളമായി ഈ ബിസിനസ് നടത്തുന്നുണ്ടെന്നും വാഹന ഉടമ പറഞ്ഞു.
https://www.facebook.com/Malayalivartha