കോവിഡ് ബാധിച്ചു മരിച്ച തമിഴ്‌നാട് കൃഷി മന്ത്രി ദുരൈകണ്ണിന് അന്ത്യാഞ്ജലി

കോവിഡ് ബാധിച്ചു മരിച്ച തമിഴ്‌നാട് കൃഷി മന്ത്രി ആര്‍.ദുരൈകണ്ണിന്റെ (72) മൃതദേഹം സ്വദേശമായ തഞ്ചാവൂരിലെ രാജഗിരിയിലെത്തിച്ച് ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു.
ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെത്തുടര്‍ന്നു 16 ദിവസമായി ചെന്നൈ കാവേരി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മന്ത്രിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ശനിയാഴ്ച രാത്രിയാണ് മരിച്ചത്.
കാവേരി നദീ തട മേഖലയില്‍ അണ്ണാഡിഎംകെയുടെ മുതിര്‍ന്ന നേതാവായ ദുരൈകണ്ണ് തഞ്ചാവൂര്‍ ജില്ലയിലെ പാപനാശം മണ്ഡലത്തില്‍ നിന്നു 3 തവണ നിയമസഭയിലെത്തിയിട്ടുണ്ട്.
മുഖ്യമന്ത്രി എടപ്പാടി കെ.പളനി സാമിയുടെ അമ്മയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്താന്‍ കഴിഞ്ഞ 13ന്, സേലത്തേക്ക് പോകുന്നതിനിടെയാണ് ശ്വാസ തടസ്സം അനുഭവപ്പെട്ടത്. ഉടന്‍ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ചെന്നൈയിലേക്ക് മാറ്റി. ഭാനുമതിയാണു ഭാര്യ. 6 മക്കളുണ്ട്.
തമിഴ്‌നാട്ടില്‍ കോവിഡ് ബാധിച്ചു മരിക്കുന്ന മൂന്നാമത്തെ ജനപ്രതിനിധിയാണ് ദുരൈ കണ്ണ്. ചെപ്പോക്ക് ഡിഎംകെ എംഎല്‍എ: ജെ.അന്‍പഴകന്‍, കോണ്‍ഗ്രസ് നേതാവും കന്യാകുമാരി എംപിയുമായ എച്ച്.വസന്ത്കുമാര്‍ എന്നിവരാണു നേരത്തെ മരിച്ചത്.
https://www.facebook.com/Malayalivartha

























