വിശ്വാസികളെ ബി.ജെ.പി വഞ്ചിക്കുന്നു; അയോധ്യ രാമക്ഷേത്രത്തിന്റെ പേരില്‍ പണം പിരിക്കുന്ന ബി.ജെ.പി; പക്ഷേ ലക്ഷ്യം 2024 തെരഞ്ഞെടുപ്പ്; ഗുരുതര ആരോപണവുമായി ശിവസേന

വിശ്വാസികളെ ബി.ജെ.പി വഞ്ചിക്കുകയാണെന്ന ഗുരുതര ആരോപണവുമായി ശിവസേന രംഗത്ത്. അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിനായി ബി.ജെ.പി വ്യാപക ഫണ്ട് സമാഹരണം നടത്തുന്നത് 2024ലെ പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്നാണ് ശിവസേനയുടെ ആരോപണം. മുഖപത്രമായ സാമ്‌നയിലെ എഡിറ്റോറിയലിലാണ് പഴയ സഖ്യകക്ഷികള്‍ക്ക് നേരെ സേന കടുത്ത വിമര്‍ശനമുന്നയിച്ചത്.
അയോധ്യയില്‍ രാമക്ഷേത്രം പുനര്‍നിര്‍മിക്കുന്നത് പൂര്‍ണ്ണമായും രാജ്യത്തെ ജനങ്ങളില്‍ നിന്നും സമാഹരിക്കുന്ന സംഭാവനകള്‍ ഉപയോഗിച്ചാണെന്ന് ശ്രീ രാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പൊതുസംഭാവനകള്‍ സ്വീകരിച്ചുകൊണ്ട് രാമക്ഷേത്രം നിര്‍മിക്കാമെന്ന് ഒരുകാലത്തും തീരുമാനമെടുത്തിരുന്നില്ലെന്ന് ശിവസേന ചൂണ്ടിക്കാട്ടുന്നു. ശ്രീരാമന്റെ പേരിലുള്ള രാഷ്ട്രീയ പ്രചാരണം അവസാനിപ്പിക്കാന്‍ സമയമായെന്നും ലേഖനം പറയുന്നു.
അടിസ്ഥാനപരമായി രാമക്ഷേത്രം ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടിയോ രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയോ നിര്‍മിക്കപ്പെടുന്നതല്ല. രാജ്യത്തെ ഹിന്ദു സ്വാഭിമാനം ഉയര്‍ത്തിപ്പിടിക്കുന്നതിനാണ്. രാമക്ഷേത്രത്തിന് സംഭാവന സ്വീകരിക്കാനുള്ള പ്രചാരണത്തിന് നാല് ലക്ഷത്തോളം വളണ്ടിയര്‍മാരാണ് രംഗത്തുള്ളത്. ഈ മാസ് കാമ്പയിന്‍ 2024ലെ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ്. ഈ വളണ്ടിയര്‍മാര്‍ ആരാണെന്നും ഏത് സംഘടനയില്‍ പെട്ടവരാണെന്നും വ്യക്തമാക്കണം.
രാമക്ഷേത്രത്തിനായി നൂറുകണക്കിന് കര്‍സേവകരാണ് രക്തവും ജീവനും നല്‍കി ത്യാഗം ചെയ്തത്. ഈ രാമക്ഷേത്രം സംഭാവനകളിലൂടെയാണോ നിര്‍മിക്കേണ്ടത്. രാമക്ഷേത്രത്തിന്റെ പേരില്‍ സംഭാവനകള്‍ക്കായി വളണ്ടിയര്‍മാര്‍ ഇറങ്ങുമ്പോള്‍ കര്‍സേവകരെ അപമാനിക്കലാണ്. ക്ഷേത്രത്തിനായുള്ള പോരാട്ടം രാഷ്ട്രീയപരമായിരുന്നില്ല, അത് ഹൈന്ദവ വികാരത്തിന്റെ വിസ്‌ഫോടനമായിരുന്നുവെന്നും ശിവസേന പറയുന്നു.
അതേസമയം, സേന ഉയര്‍ത്തിയ ആരോപണങ്ങള്‍ ബി.ജെ.പി നിഷേധിച്ചു. രാമക്ഷേത്ര നിര്‍മാണം പാര്‍ട്ടിക്ക് ഒരു രാഷ്ട്രീയ അജണ്ടയല്ലെന്നും ജനങ്ങള്‍ സ്വമേധയാ നല്‍കുന്ന സംഭാവനകള്‍ തടയാനാണ് ശിവസേന ശ്രമിക്കുന്നതെന്നും ബി.ജെ.പി ആരോപിക്കുന്നു. അയോധ്യയില്‍ രാമക്ഷേത്രം പുനര്‍നിര്‍മ്മിക്കുന്നത് പൂര്‍ണ്ണമായും രാജ്യത്തെ ജനങ്ങളില്‍ നിന്നും സമാഹരിക്കുന്ന സംഭാവനകള്‍ ഉപയോഗിച്ചാണെന്ന് ശ്രീ രാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതിനാല്‍ സംഭാവനകള്‍ക്കായി രാജ്യമൊട്ടാകെ ക്യാമ്പയിന്‍ സംഘടിപ്പിക്കാനാണ് ട്രസ്റ്റിന്റെ തീരുമാനം. രാജ്യത്തെ നാല് ലക്ഷം ഗ്രാമങ്ങളില്‍ എത്തി 10 കോടിയിലേറെ കുടുംബങ്ങളില്‍ നിന്നും പണം ശേഖരിക്കുന്നതിനാണ് തീരുമാനം. ജനുവരി 15 മുതല്‍ ഫെബ്രുവരി 27 വരെയാണ് ക്യാമ്പയിന്‍ നടത്തുക.
https://www.facebook.com/Malayalivartha

























