കശ്മീരില്‍ സുരക്ഷാ സേനയുടെ റെയ്ഡ്; ജെയ്‌ഷെ മുഹമ്മദിന്റെ സ്ലീപ്പര്‍ സെല്ലിലെ ആറു പേര്‍ അറസ്റ്റില്‍; ഇവര്‍ ത്രാല്‍, സംഗം മേഖലകളില്‍ ഗ്രനേഡ് ആക്രമണങ്ങള്‍ നടത്താന്‍ ഭീകരരെ സഹായിച്ചവര്‍

കാശ്മീരില്‍ സുരക്ഷാ സേന നടത്തിയ പരിശോധനയില്‍ പിടികൂടിയത് ആറു പേരെ. ഇവര്‍ നിരോധിത ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദുമായി ബന്ധപ്പെട്ട ശൃംഖലയിലെ കണ്ണികളാണ്. നിര്‍ദേശത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സ്ലീപ്പര്‍ സെല്ലുകള്‍. ജമ്മു കശ്മീരിലെ അവന്തിപുരയിലാണ് സൈന്യവും സിആര്‍പിഎഫും ചേര്‍ന്ന് ആറ് പേരെ അറസ്റ്റ് ചെയ്തത്. ത്രാല്‍, സംഗം മേഖലകളില്‍ ഗ്രനേഡ് ആക്രമണങ്ങള്‍ നടത്താന്‍ ഭീകരരെ സഹായിച്ചവരാണ് ഇവരെന്ന് പോലീസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
സ്ഫോടകവസ്തുക്കള്‍ അടക്കമുള്ളവ ഇവരില്‍നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഭീകരര്‍ക്ക് സഹായങ്ങള്‍ നല്‍കുന്ന ഇവര്‍ പാകിസ്താനില്‍നിന്നുള്ളവരുമായി ബന്ധം പുലര്‍ത്തിയിരുന്നു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് വ്യക്തമാക്കി.
ജെയ്ഷെ മുഹമ്മദുമായി ബന്ധമുള്ള രണ്ടുപേരെ കഴിഞ്ഞ മാസവും അവന്തിപുരയില്‍നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ബിലാല്‍ അഹമ്മദ് ചോപന്‍, മുര്‍സലീന്‍ ബഷീര്‍ ഷെയ്ഖ് എന്നിവരാണ് അന്ന് അറസ്റ്റിലായത്. ഇവര്‍ ഭീകരരെ വിവിധ ഇടങ്ങളില്‍ എത്തിക്കുകയും അവര്‍ക്ക് ആയുധങ്ങള്‍ എത്തിച്ചു കൊടുക്കുകയും ചെയ്തിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു.
രണ്ടാഴ്ച്ച മുമ്പ് ദക്ഷിണ കശ്മീരില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടിയിരുന്നു. വെടിവെയ്പ്പില്‍ ഒരു പ്രദേശവാസിയ്ക്ക് പരിക്കേറ്റതായി ദേശീയ മാധ്യമമായ എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് രഹസ്യം വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രദേശം വളഞ്ഞ് സുരക്ഷാ സേന നടത്തിയ തെരച്ചിലാണ് ഏറ്റുമുട്ടലില്‍ അവസാനിച്ചത്. പോലീസും സുരക്ഷാ സേനയും സംയുക്തമായാണ് തെരച്ചില്‍ നടത്തിയതെന്ന് കശ്മീര്‍ സോണ്‍ പോലീസ് വ്യക്തമാക്കി. പുല്‍വാമയിലെ ടിക്കന്‍ മേഖലയില്‍വെച്ചാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. മരിച്ചവര്‍ ആരൊക്കെയാണെന്നോ ഏത് ഗ്രൂപ്പുമായി ബന്ധപ്പെട്ടവരാണെന്നോ വ്യക്തമായിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha


























