കോണ്‍ഗ്രസുമായുള്ള ബന്ധത്തില്‍ തനിക്കു ഖേദമില്ല; എസിയിലിരുന്നു ട്വീറ്റിടുന്ന നേതാവാകാന്‍ താത്പര്യമില്ലെന്ന് നടി ഊര്‍മിള മതോന്ദ്കര്‍

എസിയിലിരുന്നു ട്വീറ്റിടുന്ന നേതാവാകാന്‍ താത്പര്യമില്ലെന്ന് അടുത്തിടെ ശിവസേനയില്‍ ചേര്‍ന്ന ബോളിവുഡ് നടി ഊര്‍മിള മതോന്ദ്കര്‍. പിടിഐക്കു നല്കിയ അഭിമുഖത്തിലായിരുന്നു അവരുടെ പ്രതികരണം. കോണ്‍ഗ്രസുമായുള്ള ബന്ധത്തില്‍ തനിക്കു ഖേദമില്ലെന്നും പാര്‍ട്ടി നേതൃത്വത്തോടു തനിക്കു ബഹുമാനമുണ്ടെന്നും അവര്‍ വ്യക്തമാക്കി.
പാര്‍ട്ടിയില്‍നിന്നു രാജിവച്ചശേഷം മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ കോണ്‍ഗ്രസ് തനിക്കു സീറ്റ് വാഗ്ദാനം ചെയ്തിരുന്നെന്നും താന്‍ അതു നിരസിച്ചെന്നും ഊര്‍മിള പറഞ്ഞു. ഈ പദവി പിന്നീട് ശിവസേനയില്‍ ലഭിച്ചു. എന്നാല്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ നിര്‍ദേശിച്ച എംഎല്‍സിമാരുടെ പേരുകളില്‍ ഗവര്‍ണര്‍ ഭഗത്സിംഗ് കോഷ്യാരി ഇതുവരെ തീരുമാനം കൈക്കൊണ്ടിട്ടില്ല.
ജനങ്ങളുടെ നേതാവാകാനാണ് താന്‍ താത്പര്യപ്പെടുന്നത്. താന്‍ ജനങ്ങള്‍ നിര്‍മിച്ചെടുത്ത അഭിനേത്രിയാണ്. എസി മുറികളിലിരുന്ന് ട്വീറ്റ് ചെയ്യുന്ന നേതാവാകാന്‍ തനിക്കു താത്പര്യമില്ല. എന്താണു ചെയ്യേണ്ടതെന്നും അത് എങ്ങനെയാണു ചെയ്യേണ്ടതെന്നും തനിക്കറിയാമെന്നും ഉൗര്‍മിള അഭിമുഖത്തില്‍ പറഞ്ഞു.
മഹാരാഷ്ട്രയിലെ ഉദ്ദവ് താക്കറെ സര്‍ക്കാര്‍ ഉജ്ജ്വലമായാണ് പ്രവര്‍ത്തിക്കുന്നതെന്നും ഹിന്ദുവായതുകൊണ്ട് മറ്റു മതങ്ങളെ വെറുക്കേണ്ട ആവശ്യമില്ലെന്നും ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്കു മറുപടിയായി ഉൗര്‍മിള വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























